വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ പ്രതിഭാസം; ദൃശ്യമായത് അരമണിക്കൂർ നേരം
തിരുവനന്തപുരം: വിഴിഞ്ഞം തീരക്കടലിൽ വാട്ടർസ്പൗട്ട് (ജലസ്തംഭം) ഉണ്ടായി. ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു തീരക്കടലിനോട് ചേർന്ന് അപൂർവ സംഭവമുണ്ടായത്. വിഴിഞ്ഞം തുറമുഖത്തിനടുത്ത് തീരക്കടലിനോട് ചേർന്ന് അരമണിക്കൂറോളമാണ് വാട്ടർസ്പൗട്ടുണ്ടായത്. ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസമാണ്. വിഴിഞ്ഞം പ്രദേശത്ത് നേരത്തെ തന്നെ മഴ,കടലാക്രമണ സാധ്യതാ മുന്നറിയിപ്പും നൽകിയതിനാൽ വൻ അപകടം ഒഴിവായി.
ജാഗ്രതാ മുന്നറിയിപ്പുണ്ടായിരുന്നതിനാൽ മത്സ്യത്തൊഴിലാളികൾ ഇന്ന് കടലിൽ പോയത് കുറവായിരുന്നു. അതോടൊപ്പം ഈ പ്രതിഭാസം മത്സ്യത്തൊഴിലാളികളിൽ ഒന്നടങ്കം ആശങ്ക സൃഷ്ടിച്ചു. മുൻപ് ഈ പ്രതിഭാസത്തിന് ശേഷമായിരുന്നു ഓഖിയുൾപ്പെടെയുള്ള ചുഴലിക്കാറ്റുകൾ ആഞ്ഞു വീശിയത്. വാട്ടർസ്പൗട്ട് പ്രതിഭാസമുണ്ടായതിൽ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ക്യമുലോനിംബസ് എന്ന മഴമേഘം കടലിലേക്ക് ചോർപ്പിന്റെ ആകൃതിയിൽ ഇറങ്ങുന്നതാണ് ജലസ്‌തംഭം (വാട്ടർസ്‌പൗട്ട്). മേഘത്തിന്റെ ശക്‌തികൂടുമ്പോൾ ഉയരത്തിലേക്ക് ജലം വലിച്ചെടുക്കും. അന്തരീക്ഷത്തിലെ നീരാവി, പൊടിപടലം, കാറ്റ് എന്നിവ കൂടിക്കലരുന്നതിനാൽ ഈ സമയം ഇരുട്ട് നിറയും. അന്തരീക്ഷത്തിലെ ചൂടാണ് ഇതിന് പിന്നിലെന്ന് ശാസ്‌ത്ര ഗവേഷകർ പറയുന്നു. സാധാരണ പത്ത് മുതൽ ഇരുപത് മിനുറ്റ് വരെയാണ് വാട്ടർ സ്‌പൗട്ട് കാഴ്‌ചയുണ്ടാക്കാറ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."