ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത
കൊച്ചി:കാഴ്ചപരിമിതരടക്കമുള്ള ഭിന്നശേഷിക്കാര്‍ക്ക് പി.എസ്.സി ഓണ്‍ലൈന്‍ അപേക്ഷ നടപടി പൂര്‍ത്തീകരിക്കാന്‍ വേണ്ടി സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. പി.എസ്.സി അപേക്ഷ നടപടിക്രമങ്ങളുടെ സങ്കീര്‍ണതയും സാങ്കേതികതയും ഭിന്നശേഷിക്കാര്‍ക്ക് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നതായി വിലയിരുത്തിയാണ് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, പി.എം മനോജ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.
പൂര്‍ണമായും കാഴ്ചശേഷിയില്ലാത്ത കോട്ടയം സ്വദേശിനിക്ക് അനുകൂലമായി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ (കെ.എ.ടി) പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് പി.എസ്.സി സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ് ഹൈക്കോടതി നിര്‍ദേശം.
യു.പി അധ്യാപിക തസ്തികയിലേക്ക് പരാതിക്കാരി അയച്ച അപേക്ഷക്കൊപ്പം ''കെടെറ്റ്'' സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാന്‍ വൈകിയതിന്റെ പേരില്‍ 2020ല്‍ പി.എസ്.സി അപേക്ഷ നിരസിച്ചിരുന്നു.
തന്റെ പരിമിതികളും അപേക്ഷ അയക്കുന്നതിലെ സങ്കീര്‍ണതകളും മൂലം സംഭവിച്ചതാണെന്നതടക്കം ചൂണ്ടിക്കാട്ടി പരാതിക്കാരി കെ.എ.ടിയെ സമീപിച്ചു. മനുഷ്യത്വപരമായ സമീപനം സ്വീകരിച്ച് അപേക്ഷകയെ പരിഗണിക്കണമെന്ന് കെ.എ.ടി നിര്‍ദേശിച്ചു.
ഇതിനെതിരെയാണ് പി.എസ്.സി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."