ബി.ജെ.പിയിലെ ഉൾപ്പോരിനൊപ്പം എൻ.ഡി.എയിലും പൊട്ടിത്തെറി
പാലക്കാട്: ബി.ജെ.പിയിലെ ഉൾപ്പോരിനൊപ്പം പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസും കലാപക്കൊടി ഉയർത്തി രംഗത്തെത്തിയത് എൻ.ഡി.എയിൽ പ്രതിസന്ധി രൂക്ഷമാക്കുന്നു. എൻ.ഡി.എയിൽ പാർട്ടി അവഗണന നേരിടുകയാണെന്ന് ചൂണ്ടിക്കാട്ടി ബി.ഡി.ജെ.എസ് മലമ്പുഴ മണ്ഡലം സെക്രട്ടറി എസ്. സതീഷ് രംഗത്തെത്തിയതോടെയാണ് മുന്നണിയിലെ കല്ലുകടി പുറത്തുവന്നത്.
എൻ.ഡി.എ സ്ഥാനാർഥിയായ സി. കൃഷ്ണകുമാറിനെതിരേ മത്സരിക്കാനുള്ള തയാറെടുപ്പിലാണ് സതീഷ്. കൃഷ്ണകുമാർ സ്ഥാനാർഥിയായതോടെ നിരാശയിലായ ശോഭാ സുരേന്ദ്രൻ പക്ഷം പാലംവലിക്കാമെന്നിരിക്കെ ഘടകകക്ഷികളുടെ ഭാഗത്തുനിന്നും സമാന നീക്കമുണ്ടായാൽ വൻതിരിച്ചടിയായിരിക്കും എൻ.ഡി.എക്കുണ്ടാവുക. പാലക്കാട് നഗരത്തിലും സമീപപ്രദേശങ്ങളിലും സ്വാധീനമുള്ള ബി.ഡി.ജെ.എസിൻ്റെ ഓരോ വോട്ടും കൃഷ്ണകുമാറിന് പ്രധാനപ്പെട്ടതാണ്.
കൃഷ്ണകുമാറിന്റെ റോഡ് ഷോയ്ക്ക് ബി.ജെ.പി ഉദ്ദേശിച്ച പങ്കാളിത്തം ഉണ്ടായില്ലെന്നതും വിഭാഗീയതയുടെ ആഴം കാണിക്കുന്നു. പാർട്ടിക്ക് സ്വാധീനമുള്ള പാലക്കാട് നഗരസഭയിൽനിന്ന് പ്രതീക്ഷിച്ചത്ര പ്രവർത്തകർ എത്തിയില്ലെന്നാണ് നിലവിലെ പാർട്ടിക്കുള്ളിലെ മുറുമുറുപ്പ്. ചില നേതാക്കളുടെ അസാന്നിധ്യം റോഡ് ഷോയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. മറ്റു മുന്നണികളെ അപേക്ഷിച്ച് എൻ.ഡി.എയുടെ റോഡ് ഷോയിൽ ആളുകൾ എത്താതിരുന്നത് മണ്ഡലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.
കൃഷ്ണകുമാർ പക്ഷവും ശോഭാ സുരേന്ദ്രൻ പക്ഷവും കാലങ്ങളായി രണ്ടുചേരികളായാണ് പാലക്കാട്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ഇത് പൂർവാധികം ശക്തിപ്രാപിക്കുകയാണ്. ഇത്തവണയും അതിന് മാറ്റമില്ലെന്നാണ് നിലവിലെ സാഹചര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, തുടക്കത്തിൽ വിഭാഗീയ പ്രവർത്തനങ്ങൾ പ്രത്യക്ഷപ്പെട്ടെങ്കിലും യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾ പ്രചാരണത്തിൽ സജീവമായിട്ടുണ്ട്. ഡോ. പി. സരിൻ്റെ മറുകണ്ടം ചാട്ടം യു.ഡി.എഫ് വോട്ടിനെ ബാധിക്കില്ലെന്ന സൂചനയാണ് മണ്ഡലത്തിൽനിന്ന് ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."