റഹീമിന്റെ മോചന ഹരജി നവംബര്‍ 17ന് പരിഗണിക്കും; യാത്ര രേഖകള്‍ തയ്യാറാക്കി ഇന്ത്യന്‍ എംബസി
റിയാദ്: സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഹരജി നവംബര്‍ 17ന് പരിഗണിക്കും. റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ച് തന്നെയാണ് ഞായറാഴ്ച്ച കേസ് പരഗണിക്കുക. നേരത്തെ നവംബര്‍ 21ന് പരിഗണിക്കുമെന്നായിരുന്നു ഉത്തരവ്. എന്നാല്‍ പ്രതിഭാഗത്തിന്റെ അപേക്ഷ പ്രകാരം തീയതി 17ലേക്ക് മാറ്റുകയായിരുന്നു.
നിലവില്‍ അനുവദിച്ച തീയതിക്ക് മുമ്പ് തന്നെ കേസ് പരിഗണിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് റഹീമിന്റെ അഭിഭാഷകന് ഒസാമ അല്‍ അമ്പര്‍, കുടുംബ പ്രതിനിധി സിദ്ദിഖ് തുവ്വൂര്‍ എന്നിവര്‍ അറിയിച്ചു. തീയതി കുറച്ചുകൂടി നേരത്തെയാക്കാന്‍ കോടതി വഴി അഭിഭാഷകനും വിദേശകാര്യ മന്ത്രാലയം വഴി ഇന്ത്യന്‍ എംബസിയും ശ്രമം തുടരുന്നുണ്ട്.
നേരത്തെ ഈ മാസം 21ന് കോടതിയില്‍ സിറ്റിങ്ങുണ്ടായിരുന്നെങ്കിലും ബെഞ്ച് ഒരു തീരുമാനവുമെടുക്കാതെ ചീഫ് ജസ്റ്റീസിന്റെ തീരുമാനത്തിന് വിടുകയായിരുന്നു. ചീഫ് ജസ്റ്റീസിന്റെ നിര്‍ദേശപ്രകാരമാണ് വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചിന് മോചന ഹര്‍ജി കൈമാറിയിരിക്കുന്നത്.
നിര്‍ദ്ദിഷ്ട ബെഞ്ചില്‍ കേസിന്റെ എല്ലാ രേഖകളും എത്തിയിട്ടുണ്ട്. ഈ സിറ്റിങ്ങില്‍ ഈ കേസിന്റെ അന്തിമ വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിയാദ് റഹീം സഹായ സമിതി അറിയിച്ചു. ഇന്ത്യന്‍ എംബസി റഹീമിന്റെ യാത്രാരേഖകള്‍ തയ്യാറാക്കിയിട്ടുണ്ട്. മോചന ഉത്തരവ് ഉണ്ടായാല്‍ മറ്റ് കേസുകളൊന്നും ഇല്ലാത്തതിനാല്‍ വൈകാതെ റഹീമിന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയും.
Rahims release plea to be heard on November 17 Indian Embassy prepared travel documents
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."