ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം
മലപ്പുറം:ഗതാഗത നിയമ ലംഘനത്തിന് ഒരുവർഷത്തിനിടെ എടുത്ത 62 ലക്ഷം കേസുകളിൽ പിഴയിട്ടത് 526 കോടി രൂപ. എന്നാൽ സർക്കാരിലേക്ക് എത്തിയത് 213 കോടി മാത്രം. 2023 സെപ്തംബർ മുതൽ 2024 ഓഗസ്റ്റ് 30 വരേ വിവിധ ജില്ലകളിലെ ഗതാഗതനിയമ ലംഘനം സംബന്ധിച്ച് ഗതാഗത വകുപ്പ് പുറത്ത് വിട്ട റിപ്പോർട്ടിലാണ് പിഴചുമത്തിയവർ തുകയുടെ പകുതിപോലും ഒടുക്കിയിട്ടില്ലെന്ന് കണ്ടെത്തിയത്.18,537പേരുടെ ലൈസൻസും റദ്ദാക്കി.
ഗതാഗത നിയമ ലംഘത്തിന് ഒരുവർഷത്തനിടെ 62,81,458 കേസുകളാണ് എല്ലാ ജില്ലകളിലുമായി എടുത്തിട്ടുള്ളത്. ഇവർക്ക് പിഴയായി ചുമത്തിയത് 526,99,08,543 രൂപയാണ്. എന്നാൽ സർക്കാരിലേക്ക് എത്തിയത് ഇതുവരേയായി 123,33,77,076 രൂപ മാത്രമാണ്.
403,65,31,467 രൂപയാണ് പിഴ ഇനത്തിൽ ഇനി ലഭിക്കാനുള്ളത്.നിയമ ലംഘന കേസുകൾ ഏറെയും തിരുവനന്തുപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ്.
തിരുവനന്തപുരത്ത് ഒരുവർഷം 11,21,876 കേസുകളിൽ 88 കോടി രൂപയാണ് പിഴ ചുമത്തിയത്. എന്നാൽ 10 കോടി മാത്രമാണ് സർക്കാറിലേക്ക് ലഭിച്ചത്. എറണാകുളത്ത് 56 കോടി പിഴയിനത്തിൽ ലഭിച്ചത് 13 കോടിയാണ്. കോഴിക്കോട് 47 കോടിയിൽ കിട്ടിയത് 10 കോടി രൂപയും.
നിയമലംഘനം നടത്തിയവർക്ക് ആർ.സി. ഒാണറുടെ പേരിലാണ് പിഴ മെസേജ് നൽകുന്നത്. കുറ്റക്കാർ പിഴയടക്കുന്നതിൽ വലിയ വീഴ്ചയാണ് വരുത്തുന്നത്. നേരത്തെ പൊലിസ് ആർ.ടി.ഒ വിഭാഗങ്ങൾ റോഡിലാണ് പരിശോധന നടത്തി പിഴ ചുമത്തിയിരുന്നത്. ഇത് നേരിട്ട് അടയ്ക്കാൻ അവസരമുണ്ടായിരുന്നു. കൂടുതൽ പരിശോധന നടത്തിയാണ് പിഴ ചുമത്തിയിരുന്നത്. ഇപ്പോൾ കൂടുതൽ ക്യാമറകളുടെ പരിശോധനയാണ് നടക്കുന്നത്. നിയമലംഘനത്തിനുള്ള പിഴ നിരക്ക് കൂട്ടുകയും ചെയ്തിട്ടുണ്ട്.
മറ്റു ജില്ലകളിൽ പിഴ ബ്രാക്കറ്റിൽ പിഴയായി ലഭിച്ചത്
കൊല്ലം 50 കോടി(9 കോടി), പത്തനംതിട്ട 25 കോടി(7 കോടി), ആലപ്പുഴ 30 കോടി (7കോടി), കോട്ടയം 22 കോടി (6 കോടി), ഇടുക്കി 21കോടി (4.5 കോടി), തൃശൂർ 43 കോടി(11കോടി), പാലക്കാട് 48 കോടി(17 കോടി), മലപ്പുറം 44 കോടി(10 കോടി), വയനാട് 1.71 കോടി (66 ലക്ഷം), കണ്ണൂർ 28 കോടി (8.8 കോടി), കാസർക്കോട് 17കോടി (4.7കോടി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."