മോദി വിരുദ്ധ വിഡിയോയുടെ പേരില്‍ നദീം ഖാനെ അറസ്റ്റ്‌ചെയ്യാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; വിഡിയോ കണ്ടാല്‍ കുഴപ്പം ഉണ്ടാകുന്നത്ര ദുര്‍ബലമല്ല രാജ്യത്തിന്റെ അഖണ്ഡതയെന്ന ശക്തമായ നിരീക്ഷണവും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സോഷ്യല്‍മീഡിയ വഴി വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ ഗുരുതര നിയമനടപടികള്‍ നേരിടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീം ഖാന്റെ അറസ്റ്റ് തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി. അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ ഡല്‍ഹി വിട്ടുപോകരുതെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ജസ്മീത് സിങ്ങിന്റെ സിംഗിള്‍ ബെഞ്ച് നദീം ഖാനോട് നിര്‍ദേശിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. അതുവരെയാണ് നദീംഖാന് സംരക്ഷണമുള്ളത്.
ഡല്‍ഹി പൊലിസിന്റെ വാദങ്ങള്‍ തള്ളിയാണ് നദീമിന് അനുകൂലമായി കോടതി നിലപാടെടുത്തത്. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും അത്ര ദുര്‍ബലമല്ലെന്ന് ജഡ്ജി വാക്കാല്‍ പറഞ്ഞു. നദീം ഖാനെ അറസ്റ്റ്‌ചെയ്തില്ലെങ്കില്‍ രാജ്യത്തിന്റെ സമാധാനം തകരുമെന്ന് പൊലിസ് ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി ഇങ്ങനെ പറഞ്ഞത്. രാജ്യത്തിന്റെ സൗഹാര്‍ദം ദുര്‍ബലമല്ലെന്നും പൗരന്റെ ബുദ്ധിയില്‍ വിശ്വാസം അര്‍പ്പിക്കണമെന്നും ജസ്റ്റിസ് ജസ്മീത് പറഞ്ഞു.
നദീം ഖാന്‍ ഇന്ത്യയാകെ സഞ്ചരിക്കുകയാണെന്നും അവിടെയെല്ലാം വിഡിയോ പ്രദര്‍ശിപ്പിക്കുകയാണെന്നും പൊലിസ് ചൂണ്ടിക്കാട്ടി. ഇതിനോട് കോടതിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഇതൊരു ജനാധിപത്യ രാജ്യമാണ്. കേവലം ഒരു വിഡിയോ പ്രദര്‍ശിപ്പിച്ചത് കൊണ്ട് ഇളകിമറിയുന്ന വിധത്തില്‍ ദുര്‍ബലരല്ല ഇന്ത്യയിലെ സാധാരണക്കാര്‍. ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളില്‍ രാജ്യം അഭിമാനിക്കുന്നു. മൗലികാവകാശംസംബന്ധിച്ച 19(1)(എ) വകുപ്പുകള്‍ സംരക്ഷിക്കപ്പെടേണ്ടതാണ്- ജഡ്ജി വ്യക്തമാക്കി.
നദീമിനെതിരായ എഫ്.ഐ.ആറില്‍ വ്യക്തമായ തെളിവുകളില്ലെന്നും വസ്തുതകള്‍ക്ക് നിരക്കാത്ത ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഹരജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. എന്നാല്‍ കലാപത്തിന് പ്രേരിപ്പിക്കുന്നതില്‍ നദീമിന്റെ പങ്കാളിത്തത്തിന് മതിയായ തെളിവുണ്ടെന്ന് ഡല്‍ഹി പൊലിസും വാദിച്ചു. തെളിവുകള്‍ അടുത്ത തവണ ഹാജരാക്കാമെന്നും പൊലിസ് പറഞ്ഞു. ഇതോടെയാണ് ഇനി കേസ് പരിഗണിക്കുന്നതുവരെ അറസ്റ്റ്‌ചെയ്യരുതെന്ന് പൊലിസിനോട് കോടതി ആവശ്യപ്പെട്ടത്.
പ്രധാനമന്ത്രിക്കെതിരെ നദീം പങ്കുവച്ച വിഡിയോകള്‍ സമൂഹത്തില്‍ കുഴപ്പങ്ങള്‍ക്ക് കാരണമായെന്ന് ആരോപിച്ച് ക്രിമിനല്‍ ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. പൗരാവകാശ സംഘടനയായ എ.പി.സി.ആര്‍ ദേശീയ സെക്രട്ടറിയാണ് നദീം ഖാന്‍.
High Court blocks move to arrest Nadeem Khan over anti Modi video
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."