ബി.സി.സി.ഐയിലെ അഴിച്ചു പണി; ഡിസംബര്‍ 30നകം തീരുമാനമുണ്ടാകണം: ലോധ കമ്മിറ്റി
മുംബൈ: ബി.സി.സി.ഐയിലെയും അനുബന്ധ സംഘടനകളിലെയും തെരഞ്ഞെടുപ്പുകളും മറ്റു അഴിച്ചു പണികളും ഡിസംബര്‍ 30നകം തീര്‍ക്കണമെന്ന് ലോധ കമ്മിറ്റി. പുതു വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ബി.സി.സി.ഐയിലെ എല്ലാ പ്രശ്‌നങ്ങളും തീര്‍ക്കേണ്ടതുണ്ടെന്നും ലോധ കമ്മിറ്റി വ്യക്തമാക്കി.
ബി.സി.സി.ഐയിലെ തെരഞ്ഞെടുപ്പ്, വാര്‍ഷിക ജനറല്‍ യോഗം, എത്തിക്‌സ് കമ്മിറ്റി ഓഫിസര്‍, ഓംബുഡ്‌സ്മാന്‍ എന്നിവയുടെ കാര്യത്തില്‍ ഡിസംബര്‍ 15നുള്ളില്‍ അന്തിമ തീരുമാനമെടുക്കണമെന്ന് കമ്മിറ്റി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലോധ കമ്മിറ്റി റിപ്പോര്‍ട്ടിനെ ശക്തമായി വിമര്‍ശിക്കുന്ന ബി.സി.സി.ഐ ഇക്കാര്യത്തില്‍ എന്തു നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം സെപ്റ്റംബര്‍ 21ന് ബി.സി.സി.ഐ വാര്‍ഷിക ജനറല്‍ യോഗം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ തന്നെ തെരഞ്ഞെടുപ്പും നടക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഓംബുഡ്‌സ്മാന്‍, എത്തിക്‌സ് കമ്മിറ്റി ഓഫിസര്‍ എന്നിവയുടെ കാര്യത്തില്‍ വളരെ പെട്ടെന്ന് തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്ന് ബി.സി.സി.ഐ സൂചിപ്പിച്ചിരുന്നു.
ബി.സി.സി.ഐയുടെ സംസ്ഥാന സംഘടനകളുടെ തെരഞ്ഞെടുപ്പ് നവംബര്‍ 15ന് നടത്തണമെന്നാണ് കമ്മിറ്റിയുടെ ആദ്യ നിര്‍ദേശം. ഇതോടൊപ്പം കളിക്കാരുടെ സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പും നടത്തണമെന്ന് നിര്‍ദേശമുണ്ട്. ബി.സി.സി.ഐയോട് ഇടഞ്ഞു നില്‍ക്കുന്ന സംഘടനകള്‍ ഇക്കാര്യത്തില്‍ സഹകരിച്ചില്ലെങ്കില്‍ കൃത്യ സമയത്ത് തെരഞ്ഞെടുപ്പ് നടത്തുക ദുഷ്‌കരമാകും. ഡിസംബര്‍ 30നകം ബി.സി.സി.ഐ കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും പുതിയ നിയമപ്രകാരം ഐ.പി.എല്‍ ഗവേണിങ് കൗണ്‍സിലില്‍ നിയമനങ്ങള്‍ നടത്തണമെന്നും കമ്മിറ്റിയുടെ നിര്‍ദേശമുണ്ട്.
എന്നാല്‍ ബി.സി.സി.ഐയുടെ പരസ്യങ്ങളുടെ ടെന്‍ഡര്‍ കരാറുകളിലും മറ്റും കമ്മിറ്റി മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടില്ല. ഇതോടൊപ്പം ഐ.പി.എല്ലിലെ സംപ്രേഷണാവകാശം ഡിജിറ്റല്‍ റൈറ്റ് എന്നിവ സംബന്ധിച്ചും കമ്മിറ്റി വ്യക്തത വരുത്തിയിട്ടില്ല. അതേസമയം ലോധ കമ്മിറ്റി റിപ്പോര്‍ട്ട് വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബി.സി.സി.ഐ എര്‍പ്പെടുത്തിയ സമിതിയുടെ അധ്യക്ഷന്‍ മാര്‍ക്കണ്ഡേയ കട്ജുവിന്റെ റിപ്പോര്‍ട്ട് ലോധ കമ്മിറ്റി തള്ളി.
ജസ്റ്റിസ് കട്ജുവിന്റെ റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്ന് കമ്മിറ്റി വിലയിരുത്തി. നേരത്തെ ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കട്ജു പറഞ്ഞിരുന്നു. തുടര്‍ന്ന് ബി.സി.സി.ഐ ലോധ റിപ്പോര്‍ട്ടിനെതിരേ റിവ്യൂ പെറ്റിഷന്‍ നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."