കേരഫെഡ് കൊപ്ര തിരിച്ചയക്കുന്നു; നാളികേര സംഭരണം പ്രതിസന്ധിയില്‍
കുന്ദമംഗലം: കേരഫെഡ് കൊപ്ര തിരിച്ചയക്കുന്നത് നാളികേര സംഭരണം പ്രതിസന്ധിയിലാക്കുന്നു. ചാത്തമംഗലത്തെ കോഴിക്കോട്‌സഹകരണ മാര്‍ക്കറ്റിങ് സൊസൈറ്റിയുടെ 20 ടണ്ണോളം കൊപ്രയും 40 ടണ്ണോളം നാളികേരവും ഗോഡൗണില്‍ കെട്ടി കിടന്നു നശിക്കുകയാണ്.
സര്‍ക്കാര്‍ അധിക വില നല്‍കി കൃഷി ഭവനുകള്‍ വഴി കേര കര്‍ഷകരില്‍ നിന്നും സൊസൈറ്റി സംഭരിക്കുന്ന പച്ചത്തേങ്ങ കൊപ്രയാക്കി കഴിഞ്ഞ മൂന്നു വര്‍ഷമായി കേരഫെഡിന് കൊടുത്തു കൊണ്ടിരിക്കുകയാണ്.
എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി കേരഫെഡ് അകാരണമായി കൊപ്ര മടക്കി അയക്കുകയാണ്. ഉണക്കം കുറവാണെന്ന് പറഞ്ഞ് തിരിച്ചയക്കുന്ന കൊപ്ര പൂപ്പല്‍ ബാധിച്ചും മറ്റും നശിക്കുകയാണ്.
സൊസൈറ്റിക്കു കീഴില്‍ മൂന്ന് ഡ്രയറുകളുണ്ട്. ഇവ ഉപയോഗപ്പെടുത്തി മുഴുവന്‍ സമയവും കൊപ്ര ഉണക്കുന്നതിനും നനവേല്‍ക്കാതെ സൂക്ഷിക്കാനും സ്വന്തം നിലയില്‍ വെളിച്ചെണ്ണ ഉല്‍പാദിപ്പിക്കാനുമുള്ള സംവിധാനം ഇവിടെയുണ്ട്. എന്നിട്ടും നിസാര കാര്യങ്ങള്‍ പറഞ്ഞ് അധികൃതര്‍ കൊപ്ര തിരിച്ചയക്കുന്നതാണ് നാളികേര സംഭരണം പ്രതിസന്ധിയിലാക്കിയത്.
കൃഷി വകുപ്പ് മന്ത്രി, കേരഫെഡ് എം.ഡി, ജില്ലാ കലക്റ്റര്‍, കേരഫെഡ് ജില്ലാ മാനേജര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയായില്ലന്ന് ജീവനക്കാര്‍ പറയുന്നു.
ഇതിനെതിരേ മാര്‍ക്കറ്റിങ് സൊസൈറ്റി ഭരണ സമിതി അംഗങ്ങളും 20ഓളം വരുന്ന തൊഴിലാളികളും കര്‍ഷകരും പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."