ഭിന്നശേഷി അധ്യാപക സംവരണം: നാലായിരത്തോളം ഒഴിവുകള്‍; പക്ഷേ, ജോലി എവിടെ?
കൊച്ചി: എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി അധ്യാപകര്‍ക്കായി നാലായിരത്തോളം ഒഴിവുകളുണ്ടായിട്ടും നിയമനം നടന്നത് ചുരുക്കം തസ്തികകളില്‍. അര്‍ഹരായ അധ്യാപകര്‍ ഇല്ല എന്ന വാദം നിരത്തിയാണ് നിയമനം തടയുന്നതെന്നാണ് ആരോപണം. ഒരോ എയ്ഡഡ് സ്‌കൂളിലും1996-2017വരെ മൂന്നു ശതമാനം സംവരണവും 2018 മുതല്‍ നാലുശതമാനവുമാക്കി ഉയര്‍ത്തി സുപ്രിംകോടതി ഉത്തരവിട്ടിട്ടും സംസ്ഥാനത്തെ മിക്ക സ്ഥാപനങ്ങളിലും നിയമനം നടക്കുന്നില്ല.
വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിയമനം സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ തടസപ്പെടുത്തുന്നുവെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആരോപണം.1024 നിയമനങ്ങള്‍ നടന്നുവെന്നാണ് പറയപ്പെടുന്നതെങ്കിലും നാനൂറിലധികം മാത്രം നടന്നുവെന്നാണ് കണക്കുകള്‍. ഒഴിവുകള്‍ റിപ്പോര്‍ട്ടുചെയ്തിട്ടും അര്‍ഹർക്ക് പ്രയോജനം ലഭിക്കുന്നില്ല. മുൻഗണനാ ക്രമ ഉത്തരവിലെ തെറ്റിദ്ധാരണയാണ് തടസമാകുന്നതായി പ്രധാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കാഴ്ചാ പരിമിതി, കേൾവി പരിമിതി, ചലന വൈകല്യം (ലോക്കോ മോട്ടോർ) എന്നീ കാറ്റഗറിക്ക് ഒരു ശതമാനം വീതമാണ് ഭിന്നശേഷിക്കാർക്കുള്ള സംവരണം. തുടർന്നുവരുന്ന 4, 5 കാറ്റഗറിക്ക് ഒരു ശതമാനവും സംവരണമുണ്ട്. ഇതിൽ മൂന്നാം കാറ്റഗറിയിലെ മുന്‍ഗണനാ ക്രമമായി നിശ്ചയിച്ചിരിക്കുന്നത് മൊത്തത്തിൽ ചലനവൈകല്യമുള്ളവർ എന്നതിനു പകരം അംഗവൈകല്യമുള്ളവർ എന്നാണ്. ഈ കാറ്റഗറിയിൽ മൊത്തം ഭിന്നശേഷിക്കാരും ഉൾപ്പെടുന്നതിനാൽ കൃത്യമായി പരിഗണന ലഭിക്കേണ്ട മൂന്നാം കാറ്റഗറിയിലുള്ള ചലന വൈകല്യമുള്ളവർക്ക് ഈ നിയമത്തിന്റെ പരിഗണന ലഭിക്കാത്ത അവസ്ഥയാണ്.
ഈ തെറ്റായ മുന്‍ഗണനാ ക്രമമാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും പാലിക്കുന്നത്. ഇത് തിരുത്തുന്നില്ല. കാറ്റഗറി മാറ്റം സംബന്ധിച്ച ഉത്തരവിലെ തെറ്റിദ്ധാരണ തിരുത്തിയാല്‍ നിരവധി പേര്‍ക്കാണ് ഗുണം ചെയ്യുക. എന്നാല്‍, ഭിന്നശേഷി സംവരണം നികത്തുന്നതിനു കാലതാമസം പാടില്ലെന്നാണ് സുപ്രിംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവ്. ഇത് കാറ്റില്‍പ്പറത്തിയാണ് അര്‍ഹരുടെ നിയമനം വൈകിപ്പിക്കുന്നത്.
-
പോർട്ടൽ സംവിധാനം വേണം
ഭിന്നശേഷി നിയമനങ്ങള്‍ നടത്തുന്നതിനുള്ള കാലതാമസം പരിഹരിക്കുന്നതിനു സര്‍ക്കാര്‍ തലത്തില്‍ പോര്‍ട്ടല്‍ സംവിധാനം ആരംഭിച്ചാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് അധ്യാപക കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു. പോര്‍ട്ടല്‍ സംവിധാനം നടപ്പായാല്‍ നിയന്ത്രണം എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി, എംപ്ലോയ്‌മെന്റ് ഓഫിസര്‍ തുടങ്ങിയവരെ ഏല്‍പ്പിച്ചാല്‍ ഒഴിവുകള്‍ നികത്തി ആ കാറ്റഗറിയില്‍ അര്‍ഹരായ അധ്യാപകരില്ലെങ്കില്‍ അടുത്ത കാറ്റഗറിയിൽ നിന്ന് പുനര്‍ വിജ്ഞാപനത്തിലൂടെ കണ്ടെത്താവുന്നതാണെന്നും കൂട്ടായ്മ പ്രതിനിധികളായ പ്രിന്‍സ് ജോസ്, സുമയ്യ തസ്‌നീം, ജോണ്‍സണ്‍ വയനാട്, നിസാര്‍ ഇസ്മയില്‍ എന്നിവർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."