തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി
ചെന്നൈ: തമിഴ്നാട് ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം. അപകടത്തിൽ ഏഴു പേര്‍ മരിച്ചു. ഇന്ന് രാത്രി ഒമ്പതരയോടെയാണ് തീപിടിത്തമുണ്ടായത്. ദിണ്ടിഗൽ-തിരുച്ചിറപ്പള്ളി റോഡിലുള്ള സ്വകാര്യ ആശുപത്രിയിലാണ് അപകടം നടന്നത്. മരിച്ച ഏഴു പേരിൽ മൂന്നു വയസുള്ള ആണ്‍കുട്ടിയും ഉണ്ട്. ആറ് രോഗികള്‍ ലിഫ്റ്റിൽ കുടുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.
സ്ഥലത്തേക്ക് കൂടുതൽ ഫയര്‍ഫോഴ്സും ആംബുലന്‍സുകളും എത്തിച്ചിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വലിയ രീതിയിലാണ് തീ ഉയരുന്നത്. 100ലധികം രോഗികള്‍ക്ക് കിടത്തി ചികിത്സക്കാൻ സൗകര്യമുള്ള ആശുപത്രിയിലാണ് സംഭവം. തീപിടിത്തമുണ്ടായപ്പോള്‍ നിരവധി ആളുകൾ ആശുപത്രിയിലുണ്ടായിരുന്നു. ആശുപത്രിയിലുണ്ടായിരുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമവും തുടർന്നു വരുകയാണ്. 50ലധികം ആംബുലന്‍സുകളാണ് ആശുപത്രിയിലെത്തിച്ചിരിക്കുന്നത്.
നാലു നിലകളിലുള്ള ആശുപത്രിയിലെ താഴത്തെ നിലയിലാണ് ആദ്യം തീ പിടുത്തം ഉണ്ടായത്. തീ പടരാനുള്ള കാരണം വ്യക്തമായിട്ടില്ല. താഴത്തെ നിലയിൽ നിന്ന് തീയും പുകയും മുകളിലേക്ക് ഉയരുകയായിരുന്നു. ചില രോഗികളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ഏഴുപേരിൽ മൂന്നു പേര്‍ സ്ത്രീകളാണ്. അപകടത്തിൽ 20 പേര്‍ക്ക് പൊള്ളലേറ്റതായാണ് പ്രാഥമിക വിവരം. ആശുപത്രിയിലുള്ള രോഗികളെ പുറത്തേക്ക് മാറ്റി മറ്റു ആശുപത്രികളിലേക്ക് മാറ്റികൊണ്ടുള്ള രക്ഷാപ്രവര്‍ത്തനമാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."