ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
പാലക്കാട്: പാലക്കാട് പനയാമ്പാടത്ത് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് മരിച്ച നാല് പെണ്‍കുട്ടികളുടേയും ഖബറടക്കം തുമ്പനാട് ജുമാമസ്ജിദില്‍ നടന്നു. രാവിലെ പത്തുമണിയോടെ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് ശേഷമാണ് ഖബറക്കം നടന്നത്. അടുത്തടുത്തായി ഒരുക്കിയ നാലു ഖബറുകളിലായാണ് പെണ്‍കുട്ടികളെ ഖബറടക്കിയത്.
കരിമ്പ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ക്യാംപസിലും ചെറുളി ഗ്രാമത്തിലും ഒരു മെയ്യായ് പാറിനടന്ന വേര്‍പിരിയാത്ത ആ ചങ്ങാതിമാര്‍ അവസാന യാത്രയിലും ഒരുമിച്ചായി. ഇന്നലെ ദേശീയ പാതയിലുണ്ടായ അപകടത്തില്‍ മരിച്ച റിദ ഫാത്തിമയും നിദ ഫാത്തിമയും അയിഷയും ഇര്‍ഫാന ഷെറിനും മരണത്തിലും ചങ്ങാത്തം കൈവിട്ടില്ല.
മനസുലഞ്ഞ് കരഞ്ഞകണ്ണുകളുമായി ഉറ്റവരും ബന്ധുക്കളും സഹപാഠികളും പ്രിയപ്പെട്ടവര്‍ക്ക് യാത്രാമൊഴി നല്‍കി. നൂറുകണക്കിന് ആളുകളാണ് ഇവരെ അവസാനമായി ഒരുനോക്ക് കാണാനായി തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളിലും പെണ്‍കുട്ടികളുടെ വീടുകളിലും എത്തിയത്. മന്ത്രിമാരായ എം.ബി രാജേഷ്, കെ കൃഷ്ണന്‍കുട്ടി എന്നവരും ജില്ലാ കളക്ടര്‍ ഡോ.എസ് ചിത്ര അടക്കമുള്ള ഉദ്യോഗസ്ഥരും കുട്ടികള്‍ക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ചു.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രാവിലെ ആറ് മണിയോടെയാണ് വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം അവരവരുടെ വീടുകളില്‍ എത്തിച്ചത്.
സ്‌കൂളിലും വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോയി വന്നിരുന്നതും ഇവര്‍ ഒരുമിച്ചായിരുന്നു. ഏഴാം തരത്തിനുശേഷം എട്ടാം ക്ലാസ് ആരംഭിച്ചപ്പോള്‍ അയിഷ മാത്രം മറ്റൊരു ക്ലാസിലേക്ക് മാറി. ഈ കൂട്ടുകാരികളുടെ സങ്കടം രണ്ടാഴ്ച മുമ്പ് വീണ്ടും സന്തോഷത്തിലേക്ക് വഴിമാറിയിരുന്നു. പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഡിവിഷനുകളില്‍ വരുത്തിയ മാറ്റം വീണ്ടും ഇവരെ ഒരേ ക്ലാസുകളിലെത്തിക്കുകയായിരുന്നു.
'ഡി' ഡിവിഷനില്‍ ഉണ്ടായിരുന്ന നിദ ഫാത്തിമ, റിദ ഫാത്തിമ, ഇര്‍ഫാന ഷെറിന്‍ എന്നിവര്‍ അയിഷയുടെ ഡിവിഷനായ 'ഇ' യിലേക്ക് എത്തിയത് രണ്ടാഴ്ച മുമ്പാണ്. നാലുപേരും ഒരേ ക്ലാസിലെത്തിയതിന്റെ സന്തോഷം ഇവര്‍ വീട്ടുകാരുമായും പങ്കുവച്ചിരുന്നു. പഠനത്തില്‍ ഏറെ മിടുക്കികളായതാണ് നാലുപേരും വീണ്ടും ഒരേ ക്ലാസിലെത്താന്‍ കാരണമായതെന്നും ക്ലാസ് ടീച്ചര്‍ നിത്യ 'സുപ്രഭാത'ത്തോട് പറഞ്ഞു.
കളിതമാശകള്‍ക്ക് മാത്രമല്ല പഠന കാര്യത്തിലും ചങ്ങാതികളായിരുന്നു ഇവര്‍. അര്‍ധ വാര്‍ഷിക പരീക്ഷ തുടങ്ങുന്നതിന് മുമ്പുള്ള പഠനവും റിവിഷനുമെല്ലാം ഒരുമിച്ചു തന്നെ. സ്‌കൂളിലും വീട്ടിലും പഠനത്തിനായി ഒരുമിച്ചുകൂടിയിരുന്നു. ഈ സൗഹൃദം ഏറെ ആനന്ദത്തോടെയാണ് വീക്ഷിച്ചിരുന്നതെന്ന് മറ്റ് അധ്യാപകരും പറയുന്നു. സ്‌കൂളില്‍ ഓണാഘോഷം ഉള്‍പ്പടെയുള്ള പരിപാടികളിലും വിവാഹം ഉള്‍പ്പടെയുള്ള ആഘോഷങ്ങളിലും ഇവര്‍ ഒന്നിച്ചുനില്‍ക്കുന്ന ചിത്രങ്ങളായിരുന്നു ഇന്നലെ സോഷ്യല്‍ മീഡിയ നിറയെ. ഇടയ്ക്കിടെ മാതാപിതാക്കളുടെ സോഷ്യല്‍ മീഡിയകളില്‍ പങ്കുവച്ചിരുന്ന ഈ ആനന്ദചിത്രങ്ങള്‍ ഇന്നലെയോടെ കണ്ണീര്‍ചിത്രങ്ങളായി മാറി. ഈ കൂട്ടുകാരികളിലൊരാള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തോടൊപ്പമുള്ള 'ഇനി വേര്‍പിരിയില്ലൊരിക്കലും' എന്ന ടാഗ് ലൈന്‍ അവസാനയാത്രയിലും യാഥാര്‍ത്ഥ്യവുമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."