സഞ്ചാരിപ്രാവിന്റെ വംശനാശം: ചിത്ര പ്രദര്‍ശനം സമാപിച്ചു
കല്‍പ്പറ്റ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറിലേറെ പക്ഷികളുടെ വിഭിന്ന ഭാവങ്ങളും ചേഷ്ടകളും ഒപ്പിയെടുത്ത പക്ഷിചിത്രങ്ങളുടെ മൂന്നു ദിവസത്തെ പ്രദര്‍ശനം സമാപിച്ചു. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ജൂബിലി ഹാളില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടന്ന പ്രദര്‍ശനത്തിലെ ജീവന്‍ തുടിക്കുന്ന ഫോട്ടോകള്‍ കാണാന്‍ വിദ്യാര്‍ഥികള്‍ അടക്കം നൂറ് കണക്കിന് ആളുകള്‍ എത്തി. ഫോട്ടോകളില്‍ ഏറെയും കേരളത്തില്‍ കാണപ്പെടുന്നവയെങ്കിലും ആഫ്രിക്കയിലെ സെക്രട്ടറി പക്ഷി മുതല്‍ ന്യൂഗിനിയയില്‍ മാത്രമുള്ള പറുദീശാപക്ഷികള്‍ വരെ ശേഖരത്തിലുണ്ട്. 35 പ്രഗല്‍ഭ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ടി.എന്‍.എ പെരുമാളിന്റെ വെള്ളിമൂങ്ങയും എ.വി അഭിജിത്തിന്റെ മലമുഴക്കി വേഴാമ്പലും കെ ജയറാമിന്റെ മയിലും ഡോ. എം.കെ അഭിലാഷിന്റെ കൃഷ്ണപരുന്തും പ്രവീണ്‍ മോഹന്‍ദാസിന്റെ പ്രണയനൃത്തം ചെയ്യുന്ന സാരസങ്ങളും ശാന്തി രാധാകൃഷ്ണന്റെ പെലിക്കനുകളും മറ്റും ജീവന്‍ തുടിക്കുന്ന ചിത്രങ്ങളാണ്.
1914 സെപ്തംബര്‍ ഒന്നിന് വംശനാശമടഞ്ഞ സഞ്ചാരിപ്രാവിന്റെ നീറുന്ന ഓര്‍മകളാണ് പക്ഷിചിത്ര പ്രദര്‍ശനത്തിന്റെ ആധാരശ്രുതി. ഈ ഭൂമുഖത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്ന പക്ഷികളുടെ 100 ഫോട്ടോഗ്രാഫുകള്‍ക്കൊപ്പം വംശനാശം സംഭവിച്ച് കഴിഞ്ഞ അഞ്ച് പക്ഷികളുടെ പെയിന്റിംഗുകളും പ്രദര്‍ശനത്തിലുണ്ട്.
ഇനിയൊരു നൂറ്റാണ്ട് കഴിയുമ്പോള്‍ ഇന്നുള്ള പക്ഷികളില്‍ എത്ര ബാക്കിയുണ്ടാവുമെന്ന് ചോദിച്ച് കൊണ്ടാണ് പ്രദര്‍ശനം സമാപിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടരക്ക് വംശനാശവും ജീവന്റെ ഭാവിയും എന്ന വിഷയത്തില്‍ സെമിനാറും നടക്കും. പ്രശസ്ത പക്ഷിനിരീക്ഷകരും ഫോട്ടോഗ്രാഫര്‍മാരും പരിസ്ഥിതി പ്രവര്‍ത്തകരുമായ ഇ കുഞ്ഞികൃഷ്ണന്‍, പി.കെ ഉത്തമന്‍ എന്നിവര്‍ സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."