വിധി നല്‍കിയ തളര്‍ച്ചയില്‍ തളരാതെ ദേവസി
ആലുവ: സ്രഷ്ടാവ് സമ്മാനിച്ച പരീക്ഷണം തടസമാകാതെ കുടുംബം പോറ്റാന്‍ അറുപതാമത്തെ വയസിലും മുച്ചക്രത്തില്‍ 'നാടുചുറ്റു'കയാണ് കാഞ്ഞൂര്‍ പുതിയേടം ഇടശ്ശേരി വീട്ടില്‍ ദേവസി. പോളിയോ ബാധിച്ച് അരയ്ക്ക് താഴെ തളര്‍ന്നുപോയ ദേവസി പല ജോലികളും ചെയ്ത് അവസാനമാണ് ഉപജീവന മാര്‍ഗമായി പഞ്ചര്‍ ഒട്ടിയ്ക്കുന്ന ജോലി ആരംഭിച്ചത്.
അഞ്ചാമത്തെ വയസിലാണ് പോളിയോ ബാധിച്ച് അരയ്ക്ക് താഴെയായി ചലനമറ്റത്. എന്നാല്‍, ഊന്നുവടിയുടെ സഹായത്താല്‍ നിലത്ത് ഇഴഞ്ഞുനീങ്ങിത്തന്നെ നാട്ടില്‍ സ്വന്തമായി ഒരു സൈക്കിള്‍ ഷോപ്പിന് തുടക്കം കുറിച്ചു. 20 വര്‍ഷത്തിലേറെ സൈക്കിള്‍ റിപ്പയറിങ് ജോലിയുമായി ഇവിടെ കഴിഞ്ഞുകൂടിയ ദേവസി 18 വര്‍ഷം മുമ്പാണ് വാഹനങ്ങള്‍ക്ക് പഞ്ചര്‍ ഒട്ടിയ്ക്കുന്ന ജോലി ആരംഭിച്ചത്.
രണ്ട് വര്‍ഷം മുന്‍പാണ് ജില്ലാ പഞ്ചായത്ത് മുഖേന ലഭിച്ച മുച്ചക്രത്തില്‍ കറങ്ങി എവിടേയും എത്തി പഞ്ചര്‍ ഒട്ടിയ്ക്കുന്ന ജോലി തുടങ്ങിയത്. ദേവസിയുടെ ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ ഉടന്‍തന്നെ മുച്ചക്രത്തില്‍ ദേവസി പറന്നെത്തി പഞ്ചര്‍ ഒട്ടിച്ച് പ്രശ്‌നം പരിഹരിക്കും. . പഞ്ചര്‍ ഒട്ടിയ്ക്കുന്നതോടൊപ്പം വാഹനങ്ങള്‍ക്കാവശ്യമായ ടയര്‍ മുതല്‍ സ്‌പെയര്‍ പാര്‍ട്‌സുകളടക്കമാണ് മുച്ചക്രത്തില്‍ ദേവസി സജ്ജീകരിച്ചിട്ടുള്ളത്.
വേനലും, മഴയും വകവയ്ക്കാതെ തന്നെ ദേവസി കുടുംബം പോറ്റാനായി തന്റെ മുച്ചക്രവുമായി അതിരാവിലെ തന്നെ വീട്ടില്‍ നിന്നും ഇറങ്ങും. ഏറെ വൈകിയാണ് ജോലി നിര്‍ത്തുക. ചിലപ്പോഴൊക്കെ നല്ല തിരക്കേറിയ ജോലിയുണ്ടാകുമെങ്കിലും, ചില ദിവസങ്ങളില്‍ ഒരു ജോലിയും കിട്ടാറില്ലെന്ന് ദേവസി പറഞ്ഞു. ഭാര്യ ത്രേ്യസ്യാമ്മയും, വിവാഹിതരായ ജിസ്‌മോന്‍, ജിഷ്‌നമോള്‍ എന്നീ രണ്ട് പെണ്‍മക്കളുമുണ്ട് ദേവസിക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."