നഗ്നതാ പ്രദര്‍ശനം: നടന്‍ ശ്രീജിത്ത് രവിക്ക് ഉപാധികളോടെ ജാമ്യം
പാലക്കാട്: സ്‌കൂള്‍ വിദ്യാര്‍ഥിനികളെ അപമാനിച്ച കേസില്‍ അറസ്റ്റിലായ ചലച്ചിത്രനടന്‍ ശ്രീജിത്ത് രവിക്ക് ഉപാധികളോടെ ജാമ്യം. ഇന്നലെ രാവിലെ പാലക്കാട് സി.ജെ.എം കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി ഒറ്റപ്പാലം പൊലിസ് ശ്രീജിത്ത് രവിയെ കസ്റ്റഡിയിലെടുത്തിരുന്നു. പല്ലശ്ശനയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് രവിയെ ഇന്നലെ കാലത്താണ് കോടതിയില്‍ ഹാജരാക്കിയത്. ഒറ്റപ്പാലം ലക്കിടിയിലെ സ്വകാര്യ സ്‌കൂളിലെ 16 വിദ്യാര്‍ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്രീജിത് രവിയെ അറസ്റ്റ് ചെയ്തത്.
ഒരു ലക്ഷം രൂപ കെട്ടിവെക്കണം, പാസ്‌പോര്‍ട്ട് വിട്ടുനല്‍കണം, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണ് ഇന്നലെ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. സാക്ഷികള്‍ മൂന്നു പേരും നേരത്തെ ശ്രീജിത്തിനെ തിരിച്ചറിഞ്ഞിരുന്നു. പരാതിക്കാരായ വിദ്യാര്‍ഥിനികളും ഇയാളെ തിരിച്ചറിഞ്ഞു. കുട്ടികള്‍ക്ക് ഫോട്ടോ കാണിച്ചാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള പോസ്‌കോ നിയമപ്രകാരം ആണ് കേസ്.
കഴിഞ്ഞ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളിലേക്ക് രാവിലെ വരികയായിരുന്ന പെണ്‍കുട്ടികളെ കാറിലെത്തിയ ഇയാള്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും അശ്ലീലആംഗ്യം കാണിക്കുകയും ചെയ്‌തെന്നാണ് പരാതി. വിദ്യാര്‍ഥിനികള്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ഇയാള്‍ കാറോടിച്ച് പോയി.
പെണ്‍കുട്ടികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പലാണ് ഒറ്റപ്പാലം പൊലിസില്‍ പരാതി നല്‍കിയത്. താന്‍ കാറില്‍ വച്ച് ഒരു പെണ്‍കുട്ടിക്ക് സെല്‍ഫി എടുത്ത് അയക്കാന്‍ ശ്രമിക്കുമ്പോള്‍ അതുവഴി കടന്നുപോയ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ തെറ്റിദ്ധരിച്ചതാണെന്നും താന്‍ മനപൂര്‍വമായി വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയതല്ലെന്നുമാണ് ശ്രീജിത്ത് രവിയുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."