യുഎസ് പ്രസിഡന്റായതിനു തൊട്ടുപിന്നാലെ ഇന്ത്യക്കും ബ്രിക്‌സ് രാജ്യങ്ങള്‍ക്കും ട്രംപിന്റെ കര്‍ശന മുന്നറിയിപ്പ്
ന്യൂയോര്‍ക്ക്: അധികാരത്തിലേറിയ ആദ്യ ദിവസം തന്നെ ഇന്ത്യക്കും മറ്റു ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡോളര്‍ മൂല്യത്തകര്‍ച്ച പിന്തുടരുന്ന ഏതൊരു രാജ്യവും അമേരിക്കയുമായുള്ള വ്യാപാരത്തിന് 100 ശതമാനം താരിഫ് നേരിടേണ്ടിവരുമെന്ന് ട്രംപ് ആവര്‍ത്തിച്ചു. അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടുപിന്നാലെ തിങ്കളാഴ്ച ഓവല്‍ ഓഫീസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രസ്താവന.
ആഗോള വ്യാപാരത്തില്‍ യുഎസ് ഡോളറിന്റെ ആധിപത്യം കുറയ്ക്കാന്‍ റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള ചില ബ്രിക്‌സ് അംഗങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് മറുപടിയായാണ് ട്രംപിന്റെ പരാമര്‍ശം.
'ഒരു ബ്രിക്‌സ് രാഷ്ട്രമെന്ന നിലയില്‍ അവര്‍ അക്കാര്യം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചാല്‍ പോലും അവര്‍ക്ക് 100 ശതമാനം താരിഫ് ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ അവര്‍ അത് ഉടന്‍ ഉപേക്ഷിക്കും.' ട്രംപ് പറഞ്ഞു.
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാന്‍, ഈജിപ്ത്, എത്യോപ്യ, യുഎഇ തുടങ്ങിയ പുതിയ അംഗങ്ങള്‍ ഉള്‍പ്പെടുന്ന ബ്രിക്‌സ് ഗ്രൂപ്പ് ഡോളറിന് ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ്. 2023ലെ ബ്രിക്‌സ് ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍, വ്യാപാരത്തില്‍ പ്രാദേശിക കറന്‍സികളുടെ ഉപയോഗത്തിനും അംഗരാജ്യങ്ങളുടെ ബാങ്കുകള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനും വേണ്ടി വാദിച്ചിരുന്നു.
2024 ജൂണില്‍, ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാര്‍ റഷ്യയില്‍ യോഗം ചേര്‍ന്ന് ഈ ശ്രമങ്ങളെ കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്തിരുന്നു. സാമ്പത്തിക ഇടപാടുകളില്‍ ദേശീയ കറന്‍സികള്‍ കൂടുതല്‍ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും അന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്, ഇന്ത്യ ഡോളറൈസേഷന്‍ പിന്തുടരുകയല്ല, മറിച്ച് ഭൗമരാഷ്ട്രീയ മാറ്റങ്ങളില്‍ നിന്നുള്ള അപകടസാധ്യതകള്‍ കുറയ്ക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."