3000 വീടുകള്‍ക്ക് കേന്ദ്ര ധന സഹായം
ന്യൂഡല്‍ഹി: സാമ്പത്തിക, സാമൂഹിക പിന്നോക്ക വിഭാഗങ്ങള്‍ക്ക് 3,000 വീടുകള്‍ നിര്‍മിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ധന സഹായം വാഗ്ദാനം ചെയ്തതായി തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി ജലീല്‍. ഗ്രാമീണ മേഖലയില്‍ 372 കിലോമീറ്റര്‍ പുതിയ പാതകള്‍ നിര്‍മിക്കാന്‍ 375 കോടി രൂപ അനുവദിക്കുമെന്നു കേന്ദ്ര ഗ്രാമ വികസന മന്ത്രി നരേന്ദ്ര സിങ് തോമര്‍ ഉറപ്പു നല്‍കിയതായും ജലീല്‍ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലാളികള്‍ക്ക് കുടിശിക ഉള്‍പ്പെടെയുള്ള വേതനം നല്‍കുന്നതിനു 50 കോടി രൂപ ഓണത്തിന് മുന്‍പ് ലഭിക്കുമെന്നാണ് പ്രതീക്ഷ. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി തുറസ്സായ സ്ഥലത്ത് മല, മൂത്ര വിസര്‍ജ്ജനം ഇല്ലാത്ത സംസ്ഥാനമായി നവംബര്‍ ഒന്നിനു കേരളത്തെ പ്രഖ്യാപിക്കാനിരിക്കുകയാണ്. 500 വീടുകളില്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ 500 വീടുകള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം അധികം അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടുണ്ടെന്നും കേന്ദ്ര നിബന്ധന അനുസരിച്ച് 4000 വീടുകള്‍ക്ക് 20 ലക്ഷം രൂപ എന്ന വ്യവസ്ഥ ഇളവു ചെയ്താണ് കേരളത്തിന്റെ പ്രത്യേക സാമൂഹികാവസ്ഥ കണക്കിലെടുത്ത് തുക അനുവദിച്ചതെന്നും ജലീല്‍ വ്യക്തമാക്കി. ശ്യാമപ്രസാദ് മുഖര്‍ജി അര്‍ബന്‍ മിഷന്റെ ഭാഗമായി നെടുമങ്ങാട്, പറവൂര്‍, തലശ്ശേരി, കോട്ടയം ക്ലസ്റ്ററുകള്‍ക്ക് അഞ്ചു കോടി വീതം 20 കോടി രൂപ ഉടനെയും 10 കോടി പിന്നീടും അനുവദിക്കും. ഈ നഗരങ്ങളോട് ചേര്‍ന്നു തിരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളുടെ വികസനത്തിനാണ് തുക വിനിയോഗിക്കുകയെന്നും ജലീല്‍ പറഞ്ഞു.
വയനാട് ജില്ലയിലെ മൂന്ന് ബ്ലോക്കുകളിലും മലപ്പുറം ജില്ലയിലെ പൊന്നാനി മുന്‍സിപ്പാലിറ്റിയിലും മാത്രമുള്ള മള്‍ട്ടി സെക്ടര്‍ ഡവലപ്‌മെന്റ് പ്രോഗ്രാം കേരളത്തിലെ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും ആദ്യഘട്ടത്തില്‍ മലപ്പുറം, കോഴിക്കോട്, കൊല്ലം ജില്ലകളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുമായുള്ള കൂടിക്കാഴ്ചയില്‍ ജലീല്‍ ആവശ്യപ്പെട്ടു.
മന്ത്രി അനുകൂലമായിട്ടാണ് പ്രതികരിച്ചതെന്ന് ജലീല്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. നിലവില്‍ രാജ്യത്തെ 90 ജില്ലകള്‍ ഈ പദ്ധതിക്ക് കീഴില്‍ ഉണ്ടെങ്കിലും കേരളത്തിലെ ഒറ്റ ജില്ലയെ പോലും പൂര്‍ണമായും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കേരളത്തിലെ ന്യൂനപക്ഷ വിഭാഗത്തിലെ സിവില്‍ സര്‍വിസ് പ്രാതിനിധ്യക്കുറവു നികത്തുന്നതിനു വേണ്ടി മൂന്ന് സിവില്‍ സര്‍വിസ് കോച്ചിങ് സെന്റര്‍ ആരംഭിക്കണമെന്നു ശുപാര്‍ശ നല്‍കിയിട്ടുണ്ട്. അക്കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി മറുപടി നല്‍കിയെന്നും മന്ത്രി അറിയിച്ചു.
ന്യൂനപക്ഷ സംബന്ധമായ പല പദ്ധതികളും ആളുകള്‍ക്ക് അറിയാത്ത പ്രശ്‌നമുണ്ട്. അതുകൊണ്ടാണ് ഫണ്ട് വിനിയോഗം കാര്യക്ഷമമായി നടക്കാത്തത്. ഇതിനു പരിഹാരം കാണാന്‍ ന്യൂനപക്ഷ പ്രമോട്ടര്‍മാരെ നിയോഗിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിന് മുന്‍പില്‍ വച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, തദ്ദേശ സ്വയംഭരണ സെക്രട്ടറി എ. ഷാജഹാന്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."