സന്തോഷ വര്‍ത്തമാനത്തില്‍ തുടക്കം, ജീവനക്കാരെ തഴുകിയും വയനാടിനെ ചേര്‍ത്തു പിടിച്ചും ബജറ്റ്
തിരുവനന്തപുരം: ഒരു സന്തോഷ വാര്‍ത്ത പറയാനുണ്ട് എന്ന് പറഞ്ഞ് കൊണ്ടാണ് ബജറ്റ് അവതരണം തുടങ്ങിയത്.സാമ്പത്തിക പ്രതിസന്ധിയെ കേരളം അതിജീവിച്ചതായി ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ ധനഞെരുക്കം കേരളത്തെ ബാധിച്ചിരുന്നു. ധനഞെരുക്കത്തിന്റെ ഘട്ടത്തിലും ക്ഷേമപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ സാധിച്ചു. എന്നാല്‍ ഇപ്പോള്‍ ധനസ്ഥിതി മെച്ചപ്പെട്ടു. കേരളം വളര്‍ച്ചയുടെ പാതയിലാണെന്നും ധനമന്ത്രി പറഞ്ഞു.
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് ആദ്യഘട്ടമായി 750 കോടി രൂപയുടെ പദ്ധതി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ 30നാണ് കേരളത്തെ പിടിച്ചുകുലുക്കിയ ദുരന്തം ഉണ്ടായത്. 1202 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. പുനര്‍നിര്‍മ്മാണത്തിനും പുനരധിവാസത്തിനുമായി 2221 കോടി രൂപ വേണ്ടിവരുമെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. നിലവില്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് കേന്ദ്രം ഇതുവരെ ഫണ്ട് ഒന്നും അനുവദിച്ചിട്ടില്ല. സമാനമായ സാഹചര്യങ്ങളില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് പോലെ സംസ്ഥാനത്തിനും കേന്ദ്രം ഫണ്ട് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് കേരളമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യവും പ്രഖ്യാപിച്ചു.സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600 കോടി രൂപ ഫെബ്രുവരിയില്‍ തന്നെ വിതരണം ചെയ്യുമെന്ന് ധനമന്ത്രി അറിയിച്ചു. ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ രണ്ടു ഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും. അത് പി.എഫില്‍ ലയിപ്പിക്കുന്നതാണ്. ജീവനക്കാരുടെ ഡിഎ കുടിശ്ശികയുടെ രണ്ടു ഗഡുക്കളുടെ ലോക്ക് ഇന്‍ പീരീഡ് നടപ്പുസാമ്പത്തികവര്‍ഷത്തില്‍ ഒഴിവാക്കി നല്‍കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."