കൊലക്കേസ് പ്രതിയെ വിട്ടയക്കാൻ ജില്ലാ ജയിലിലേക്ക് രാഷ്ട്രപതിയുടെ പേരിൽ വ്യാജ ഉത്തരവ്; അജ്ഞാതനെ തേടി പൊലീസ്
ലക്നൗ: ഉത്തർപ്രദേശിലെ സഹ്റാൻപൂരിലുള്ള ജില്ലാ ജയിലിലേക്ക് രാഷ്ട്രപതിയുടെ പേരിൽ വ്യാജ ഉത്തരവ് അയച്ച അജ്ഞാതനെ തേടുകയാണ് യുപി പൊലീസ്. കൊലക്കേസിൽ പ്രതി ചേർക്കപ്പെട്ട് ജയിലിൽ കഴിയുന്നയാളിനെ മോചിപ്പിക്കണമെന്നായിരുന്നു രാഷ്ട്രപതിയുടെ പേരിൽ ജയിലിൽ വന്ന ഉത്തരവിലെ ആവശ്യം. തുടർന്ന് സീനിയർ ജയിൽ സൂപ്രണ്ട് സത്യപ്രകാശ് നടത്തിയ അന്വേഷണത്തിലാണ് ഉത്തരവ് വ്യാജമാണെന്ന് കണ്ടെത്തിയത്.
കൊലക്കേസിൽ വിചാരണ തടവുകാരനായി ജയിലിൽ കഴിയുന്ന അജയ് എന്നയാളെ മോചിപ്പിക്കാൻ നിർദേശിച്ചു കൊണ്ടുള്ള ഉത്തരവാണ് രാഷ്ട്രപതിയുടെ പേരിൽ ജില്ലാ ജയിയിൽ എത്തിയിരുന്നത്. ജയിൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ, പ്രസിഡന്റിന്റെ കോർട്ടിൽ നിന്നുള്ള ഉത്തരവാണെന്നാണ് കത്തിൽ അവകാശപ്പെട്ടിരുന്നത്. സംശയം തോന്നിയ ജയിൽ ഉദ്യോഗസ്ഥർ കൂടുതൽ അന്വേഷണം നടത്തിയപ്പോൾ പ്രസിഡന്റിന്റെ കോർട്ട് എന്നൊരു സംവിധാനം തന്നെ ഇല്ലെന്ന് തെളിയുകയായിരുന്നു.
വ്യാജ ഉത്തരവ് തയ്യാറാക്കി അധികൃതരെ തെറ്റിദ്ധരിപ്പിച്ച് ജയിൽ പുള്ളിയെ മോചിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി സീനിയർ സൂപ്രണ്ട് അറിയിച്ചു. വിഷയം ഗൗരമായെടുത്ത് ഉടൻ തന്നെ പൊലീസിൽ പരാതി നൽകി. ജാനക്പുരി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജ ഉത്തരവിന് പിന്നിലുള്ള അജ്ഞാതനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമായി തുടരുകയാണ് ഇപ്പോൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."