അരീക്കോട് താലൂക്ക് ആശുപത്രിയില്‍ ഇനി ഒരൊറ്റ കൗണ്ടര്‍ മാത്രം
അരീക്കോട്: ദിനേനെ നൂറു കണക്കിനു രോഗികളെത്തുന്ന അരീക്കോട് താലൂക്ക് ആശുപത്രിയില്‍ നിലവിലുള്ള മൂന്നു പരിശോധന കൗണ്ടറുകള്‍ ഒഴിവാക്കി ഒറ്റ കൗണ്ടറില്‍ പരിശോധന ക്രമീകരിക്കുന്നു. ഇഷ്ട ഡോക്ടര്‍മാരെ കാണണമെന്ന രോഗികളുടെ പിടി വാശിയാണു ഈയൊരു തീരുമാനമെടുക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.
ആദ്യം ടോക്കണ്‍ സംവിധാനത്തിലായിരുന്നു രോഗികളെ പരിശോധിച്ചിരുന്നത്. ടോക്കണ്‍ എടുത്തതിനു ശേഷം അവസരം കാത്തു നില്‍ക്കുകയും ടോക്കണ്‍ നമ്പര്‍ വിളിക്കുമ്പോള്‍ വിളിക്കുന്ന കൗണ്ടറില്‍ ചെന്നു ഡോക്ടറെ കാണുകയും ചെയ്യുന്നതായിരുന്നു പതിവ്. എന്നാല്‍ രോഗികള്‍ ടോക്കണ്‍ നമ്പര്‍ പ്രകാരം വിളിക്കുന്ന കൗണ്ടറില്‍ പരിശോധനക്കുവിധേയമാകാതെ തങ്ങളുടെ ഇഷ്ട ഡോക്ടറുടെ മുന്നിലെത്തണമെന്നു വാശി പിടിച്ചു.
ഇതോടെ ആശുപത്രി അധികൃതരും ഡോക്ടര്‍മാരും ഒരു പോലെ കുഴങ്ങി. ഒരു ഡോക്ടര്‍ക്ക് അധിക ജോലിയും മറ്റുള്ള ഡോക്ടര്‍മാര്‍ വെറുതെ ഇരിക്കുന്ന സ്ഥിതിയുമായി. ഇതോടെ ടോക്കണ്‍ സംവിധാനം താറുമാറായി. ഇതിനു ശേഷം പുതിയ രീതിയിലേക്കു പരിശോധ ക്രമം മാറ്റിയെങ്കിലും പരാതിയുടെ പ്രളയം തുടങ്ങിയതോടെ ആശുപത്രി അധികൃതര്‍ വലഞ്ഞു. ടോക്കണ്‍ സംവിധാനം ഒഴിവാക്കി നേരത്തെ എത്തി ഡോക്ടറെ കാണുന്ന രീതി വന്നതോടെ രോഗികള്‍ തമ്മില്‍ ബഹളവുമായി. ഇതോടെയാണു പുതിയ പരീക്ഷണത്തിനു ആശുപത്രി അധികൃതര്‍ തയ്യാറാവുന്നത്.
ടോക്കണ്‍ സംവിധാനം നില നിര്‍ത്തി കൊണ്ടാണു പുതിയ രീതി നടപ്പാക്കുന്നത്. മൂന്ന് കൗണ്ടറുകളിലുമുള്ള ഡോക്ടര്‍മാരെ ഒരു കൗണ്ടറിലാണു ഇന്നു മുതല്‍ ക്രമീകരിക്കുക. ടോക്കണ്‍ എടുത്ത രോഗികളെ പേരു വിളിക്കുമ്പോള്‍ ഒഴിവുള്ള ഡോക്ടര്‍ക്ക് മുന്നില്‍ പരിശോധനക്ക് വിധേയമാകുക എന്നതാണു പുതിയ രീതി.
തിരക്കൊഴിവാക്കാന്‍ പുതിയ രീതി കൊണ്ടാവുമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."