പാവക്കുട്ടി തിരഞ്ഞിറങ്ങിയ അഞ്ച് വയസുകാരൻ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ചു
തിരുവനന്തപുരം: നേമത്ത് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു. സുമേഷ്, ആര്യ എന്നീ ദമ്പതിമാരുടെ മകൻ ധ്രുവൻ ആണ് മരണപ്പെട്ടത്.സംസാരശേഷിയില്ലാത്ത കുട്ടിയാണ് ധ്രുവൻ. അതുകൊണ്ടുതന്നെ ധ്രുവൻ കിണറ്റിൽ വീണത് ആരും അറിയാതെ പോവുകയായിരുന്നു. കളഞ്ഞുപോയ പാവക്കുട്ടിയെ തിരയുന്നതിനിടെ കുട്ടി കിണറ്റിൽ വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.
ധ്രുവിനെ കാണാതായതിന് പിന്നാലെ അമ്മ ആര്യ നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടി കിണറ്റിൽ വീണതായി കണ്ടെത്തിയത്. വൈകിട്ട് നഴ്‌സറി വിട്ടു വന്നശേഷം വീട്ടുമുറ്റത്ത് സഹോദരി ധ്രുവികയോടൊപ്പം കളിക്കുകയായിരുന്നു ധ്രുവൻ. അച്ഛൻ സുമേഷ് ജോലിക്ക് പോയിരിക്കുകയായിരുന്നു.
ധ്രുവിനെ കാണാതായതിന് പിന്നാലെയുള്ള തെരച്ചിലിൽ കിണറിന് അടുത്ത് നിന്നും കസേര കണ്ടെത്തിയതിന് പിന്നാലെയാണ് ആര്യ കിണറ്റിൽ പരിശോധന നടത്തിയത്. ധ്രുവൻ കസേരയിൽ കയറി നിന്നുകൊണ്ട് കൈവരിക്ക് മുകളിലൂടെ എത്തി നോക്കിയതിന് പിന്നാലെയാണ് അപകടം ഉണ്ടായതെന്നുള്ള സംശയങ്ങളും നിലനിൽക്കുന്നുണ്ട്.
അപകടം നടന്നതിന് പിന്നാലെ ഫയർഫോഴ്സ് സംഭവസ്ഥലത്ത് എത്തുകയും കുട്ടിയെ പുറത്തെടുക്കുകയും ആയിരുന്നു. നേമം താലൂക്ക് ആശുപത്രിയിൽ ധ്രുവിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഫയർ ഫോഴ്‌സിന്റെ തെരച്ചിലിൽ കിണറ്റിൽ നിന്നും പാവക്കുട്ടിയും കിട്ടിയിരുന്നു. വീടിന് അടുത്തുള്ള ഡൈനിക്ക് ഡേ പ്രീ പ്രൈമറി സ്കൂളിലാണ് ധ്രുവൻ പഠിക്കുന്നത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ആണ് ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."