'കൃത്യമായ ആസൂത്രണത്തോടെ നടന്ന കവര്‍ച്ച';പ്രദേശത്ത് വൈദ്യുതി നിലച്ചത് തിരിച്ചടിയായി, പ്രതിയെക്കുറിച്ച് തുമ്പില്ലാതെ പൊലിസ്
തൃശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ നടന്നത് മുന്‍കൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ചുള്ള മോഷണമെന്ന അനുമാനത്തില്‍ പൊലിസ്. മൂന്ന് മിനിറ്റിനകം 15 ലക്ഷത്തോളം രൂപ അടിച്ചുമാറ്റി സിനിമാസ്റ്റെലിലാണ് നട്ടുച്ചയ്ക്ക് അക്രമി രക്ഷപ്പെട്ടത്. മോഷണവിവരമറിഞ്ഞ ശേഷവും പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനയുണ്ടെന്് പറയുന്നുണ്ടെങ്കിലും ഇതുവരെ പ്രതിയെ കുടുക്കാന്‍ പൊലിസിനായിട്ടില്ല.
മോഷ്ടാവ് പോയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിക്കാതിരുന്നത് പ്രദേശത്ത് വൈദ്യുതി നിലച്ചതിനാലാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഉച്ചയ്ക്ക് 2.25 മുതല്‍ 14 മിനിറ്റ് നേരമാണ് പ്രദേശത്തു വൈദ്യുതി ബന്ധം ഇല്ലാതിരുന്നത്. ഇതിനാല്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പല സി.സി.ടിവികളിലും പതിഞ്ഞിട്ടില്ല.
ഇടവഴികളിലൂടെയാകും രക്ഷപ്പെട്ടതെന്നു സംശയമുണ്ട്. ബാങ്ക് ശാഖകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖലയും തുണച്ചില്ല. മോഷണത്തിന് മറ്റാരുടെയെങ്കിലും പിന്തുണയുണ്ടായിരുന്നുവോ എന്നും പൊലിസ് പരിശോധിക്കുന്നു. കാഷ്‌കൗണ്ടറില്‍ ട്രേയില്‍ സൂക്ഷിച്ചിരുന്ന മൂന്നു ബണ്ടില്‍ പണമാണ് അക്രമി എടുത്തത്. അവിടെ കുറച്ചുകൂടി സുരക്ഷിത സ്ഥാനത്ത് വേറെയും പണമുണ്ടായിരുന്നു. അതിലേക്കു നോക്കാതെ ട്രേയിലെ മാത്രം പണമാണ് കവര്‍ന്നത്. ഇതില്‍ അസ്വഭാവികതയുണ്ടെന്നും പൊലിസ് പറയുന്നു.
അക്രമി ഹിന്ദിയിലാണ് സംസാരിച്ചതെന്ന് ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇക്കാരണത്താല്‍ പ്രതി മലയാളിയല്ലെന്ന് ഉറപ്പിക്കാനാകില്ലെന്നും പൊലീസ് പറയുന്നു.
ജീവനക്കാര്‍ക്കു സംഭവത്തില്‍ പങ്കില്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും വിശദമായി മൊഴിയെടുത്തു. എല്ലാസാധ്യതകളും പൊലിസ് പരിശോധിക്കുമെന്നും എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായും ഡി.ഐ.ജി അറിയിച്ചു. പ്രതിയെ കണ്ടെത്താന്‍ എല്ലാ റോഡുകളിലും പ്രത്യേക പൊലിസ് സംഘത്തെ നിയോഗിച്ചു. സി.സി.ടി.വി. ദൃശ്യങ്ങള്‍ അനുസരിച്ച് നമ്പര്‍ പ്ലേറ്റ് മറച്ച എന്‍ടോര്‍ക് സ്‌കൂട്ടിയില്‍ ഹെല്‍മറ്റ്, ജാക്കറ്റ്, ഗ്ലൗസ് എന്നിവ ധരിച്ചാണ് മോഷ്ടാവ് എത്തിയത്. മുഖവും വിരലടയാളവും ഉള്‍പ്പെടെ എവിടെയും പതിയരുതെന്ന ഉദ്ദേശ്യമാണിതിനു പുറകിലെന്നു വ്യക്തമാണ്.
സ്‌കൂട്ടിയില്‍ മോഷ്ടാവ് എത്തിയെന്നാണ് ദൃശ്യങ്ങളില്‍ കാണുന്നത്. സാധാരണ മോഷണം നടത്തിയശേഷം അക്രമികള്‍ രക്ഷപ്പെടാന്‍ വേഗം കൂടിയ ബൈക്കുകളാണ് ഉപയോഗിക്കാറുള്ളത്. പകരം വേഗം അധികമില്ലാത്ത സ്‌കൂട്ടി ഉപയോഗിച്ചതു സംശയത്തിനിട നല്‍കുന്നതാണ്. 15 ലക്ഷം രൂപ മാത്രം എടുത്തു രക്ഷപ്പെട്ടത് നിര്‍ണായക സൂചനയാണെന്ന് പൊലിസ് കരുതുന്നു. ബാങ്കുമായി പരിചയമുള്ള ആളാണ് എത്തിയതെന്നാണ് കരുതുന്നത്. പ്രതിയെ പ്രതിരോധിക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ജീവനക്കാര്‍ ഭക്ഷണമുറിയിലുള്ള സമയമാണെന്നും അക്രമിക്ക് വ്യക്തമായി അറിയാമായിരുന്നുവെന്നു ധരിക്കണം. പുറത്തുനിന്നു ഭക്ഷണം കഴിക്കാന്‍ പോയവരെ വിളിച്ചുവരുത്തിയാണ് മുറിയില്‍ നിന്നു മറ്റു ജീവനക്കാര്‍ പുറത്തുകടന്നത്.
ബാങ്കിന് സെക്യൂരിറ്റിയില്ലെന്നും ചുറ്റുപാടുമുള്ള മറ്റ് സ്ഥാപനങ്ങളിലൊന്നും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലെന്നും അക്രമി മനസിലാക്കിയിട്ടുണ്ടാവാമെന്നും കരുതുന്നു. ബാങ്കിലേക്ക് കയറിയ മോഷ്ടാവ് അവിടെയുണ്ടായിരുന്ന ജീവനക്കാരില്‍ രണ്ടുപേരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയതിന്‍െ്റ കാമറ ദൃശ്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ഇയാള്‍ ബാങ്ക് പരിസരം അറിവുള്ളയാളെ പോലെയാണ് പെരുമാറിയതെന്നാണ്. പണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ചോദിച്ച് മനസിലാക്കിയ ശേഷം ജീവനക്കാരെ പൂട്ടിയിട്ടു. നീലയും വെള്ളയും ചുവപ്പും നിറത്തിലുള്ള റൈഡിങ് ജാക്കറ്റും മുഖം തിരിയാതിരിക്കാനുള്ള ടിന്റഡ് ഗ്ലാസ് ഹെല്‍മറ്റുമാണ് ധരിച്ചത്. കാഷ്‌കൗണ്ടറില്‍ അശ്രദ്ധയോടെയാണോ തുക സൂക്ഷിച്ചിരുന്നത് എന്നതുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഒരാള്‍ മാത്രമാണ് പ്രത്യക്ഷത്തില്‍ എത്തിയതെങ്കിലും വേറെ ആരുടെയെങ്കിലും പിന്തുണയുണ്ടായിരുന്നുവോ എന്നതും അന്വേഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."