മഴ കളിച്ചു, ഓസ്‌ട്രേലിയ മുന്നോട്ട്; അഫ്ഗാന് സെമിയിലെത്താൻ ഇനി അവർ കനിയണം
ഗദ്ദാഫി: ഐസിസി ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിലേക്ക് മുന്നേറി ഓസ്ട്രേലിയ. അഫ്ഗാൻ-ഓസ്ട്രേലിയ മത്സരം മഴമൂലം ഉപേക്ഷിച്ചതിന് പിന്നാലെയാണ് ഓസ്‌ട്രേലിയ സെമിയിലേക്ക് മുന്നേറിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 273 റൺസിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയൻ ഇന്നിങ്സ് 12.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് എന്ന നിലയിൽ നിൽക്കെ മഴ വില്ലനായി എത്തുകയായിരുന്നു.
പിന്നീട് മഴ ശക്തമായി മാറിയതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ അഫ്ഗാന്റെ സെമി ഫൈനൽ പ്രതീക്ഷകൾക്കും മങ്ങലേറ്റിരിക്കുകയാണ്. ഇംഗ്ലണ്ട്-സൗത്ത് ആഫ്രിക്ക മത്സരത്തിൽ ഇംഗ്ലണ്ട് മികച്ച മാർജിനിൽ വിജയം സ്വന്തമാക്കിയാൽ മാത്രമേ അഫ്ഗാന് സെമിയിലേക്ക് യോഗ്യത നേടാൻ സാധിക്കുകയുള്ളൂ.
മത്സരത്തിൽ ഓസ്ട്രേലിയക്കായി ട്രാവിഡ് ഹെഡ് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയിരുന്നു. 40 പന്തിൽ പുറത്താവാതെ 59 റൺസാണ് താരം നേടിയത്. ഒമ്പത് ഫോറുകളും ഒരു സിക്സുമാണ് ഹെഡ് നേടിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ അർദ്ധ സെഞ്ച്വറികൾ നേടിയ സെദിഖുള്ള അടൽ, അസ്മത്തുള്ള ഒമർസായ് എന്നിവരുടെ കരുത്തിലാണ് അഫ്ഗാൻ മികച്ച ടോട്ടൽ നേടിയത്. 95 പന്തിൽ 85 റൺസാണ് സെദിഖുള്ള നേടിയത്. ആറ് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഒമാർസായ് 63 പന്തിൽ 67 റൺസും നേടി. ഒരു ഫോറും അഞ്ചു സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ഓസ്‌ട്രേലിയൻ ബൗളിങ്ങിൽ ബെൻ ദ്വാർഷുയിസ് മൂന്ന് വിക്കറ്റുകളും ആദം സാമ്പ, സ്‌പെൻസർ ജോസഫ് എന്നിവർ രണ്ട് വിക്കറ്റുകളും വീഴ്ത്തി തിളങ്ങി. ഗ്ലെൻ മാക്‌സ്‌വെൽ ഒരു വിക്കറ്റും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."