കണ്ണൂര്‍ കാരിക്കോട്ടയിലിറങ്ങിയ കുട്ടിയാനയെ മയക്കുവെടി വെച്ചു
കണ്ണൂര്‍: കാരിക്കോട്ടയിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ചു പിടികൂടി. ആനയുടെ കാലില്‍ വടം കെട്ടിയ ശേഷം മുറിവില്‍ മരുന്നുവച്ചു കെട്ടി. തുടര്‍ന്ന് ആനയെ ലോറിയില്‍ കയറ്റി ആറളം വളയംചാല്‍ ആര്‍ആര്‍ടി ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. വിശദമായ പരിശോധവയ്ക്ക് ശേഷം വിദഗ്ധ ചികിത്സ ആവശ്യമെങ്കില്‍ വയനാട്ടിലേക്ക് കൊണ്ടുപോകും. അതേസമയം ലോറിയിലേക്ക് കയറ്റിയ ആന തളര്‍ന്നുവീണു. ലോറിയില്‍ വെച്ചും ആനയ്ക്ക് ആവശ്യമായ ചികിത്സ നല്‍കി.വെറ്ററിനറി ഡോക്ടര്‍ അജീഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലാണ് മയക്കുവെടി വച്ചത്.
കഴിഞ്ഞ കുറേ മണിക്കൂറുകളായി ആന ജനവാസ മേഖലയില്‍ തുടരുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ആനയെ ജനവാസ മേഖലയില്‍ കണ്ടെത്തിയത്. ആനയുടെ മുറിവ് ഗുരുതരമാണെന്ന് വിദഗ്ധ സംഘം അറിയിച്ചിരുന്നു. താടിയെല്ലിനാണ് മുറിവേറ്റിരിക്കുന്നത്. എന്നാല്‍ ഇതെങ്ങനെ സംഭവിച്ചുവെന്നതില്‍ വ്യക്തതയില്ല.മുറിവിന്റെ ആഴവും അറിയാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ തീറ്റയും വെള്ളവും എടുക്കാന്‍ ആന ബുദ്ധിമുട്ട് നേരിടുന്നുണ്ടായിരുന്നു. ഇന്നലെ ഇരിട്ടിയിലിറങ്ങിയ കാട്ടാന ഇന്ന് രാവിലെയാണ് കരിക്കോട്ടക്കരിയിലെ ജനവാസ മേഖലയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."