കളമശേരി പൊളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച പൂര്‍വ വിദ്യാര്‍ഥി പൊലിസ് പിടിയില്‍
കൊച്ചി: കളമശ്ശേരിയില്‍ ഗവ. പോളിടെക്‌നിക് കോളജിലേക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയ ഇടനിലക്കാരായ പൂര്‍വവിദ്യാര്‍ഥികളെ പോലിസ് പിടിച്ചു. പൂര്‍വ വിദ്യാര്‍ഥികളായ ആഷിഖ്, ഷാരിന്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം പൊലിസ് അറസ്റ്റ് ചെയ്യും.
ഇന്നലെ അര്‍ധരാത്രിയോടെയാണ് എറണാകുളം പരിസരത്തുനിന്ന് കളമശേരി പൊലിസും പ്രത്യേക സംഘവും ഡാന്‍സാഫ് സംഘവും കസ്റ്റഡിയിലെടുക്കുന്നത്. 1.900 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായ വിദ്യാര്‍ഥിയുടെ മൊഴിയില്‍ ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചത് പൂര്‍വവിദ്യാര്‍ഥികളാണെന്ന് വ്യക്തമായിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേകസംഘം തിരച്ചില്‍ ശക്തമാക്കിയിരുന്നു. സമാനരീതിയിലുള്ള ലഹരികേസുകളില്‍ ആഷിക് ഉണ്ടെന്ന സൂചനയും വിദ്യാര്‍ഥികളില്‍ നിന്ന് പൊലിസിനു ലഭിച്ചിട്ടുണ്ട്. ആഷികിനൊപ്പം മറ്റാരെങ്കിലുമുണ്ടോ എന്നും മറ്റു ക്യാംപസുകളിലും ഇയാള്‍ ലഹരിവസ്തുക്കള്‍ എത്തിക്കുന്നുണ്ടോ എന്നും അന്വേഷിക്കും.
യൂനിയന്‍ ജനറല്‍ സെക്രട്ടറി കരുനാഗപ്പള്ളി സ്വദേശിയായ അഭിരാജ് ഹരിപ്പാട് സ്വദേശിയായ ആദിത്യന്‍ കൊല്ലം കുളത്തൂപ്പുഴ സ്വദേശിയായ ആകാശ് എന്നിവരും അറസ്റ്റിലായി. 9.70 ഗ്രാം കഞ്ചാവാണ് കവര്‍ ഉള്‍പ്പെടെ അഭിരാജിന്റെയും ആദിത്യന്റെയും മുറിയില്‍ നിന്ന് കണ്ടെടുത്തത്. അളവില്‍ കുറവായതിനാല്‍ ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. എന്നാല്‍ ആകാശിന്റെ മുറിയില്‍ നിന്നു 1.909 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തതിനാല്‍ ഇവനെ വിട്ടയച്ചില്ല.
50ഓളം പേരടങ്ങുന്ന പൊലിസ് സംഘം പ്രിന്‍സിപ്പലിന്റെ അനുമതിയോടെയായിരുന്നു പരിശോധന നടത്തിയത്. വലിയ പൊതികളില്‍ കഞ്ചാവും ആവശ്യക്കാര്‍ക്ക് വേണ്ടത്ര തൂക്കിക്കൊടുക്കാന്‍ ത്രാസും മദ്യം അളക്കുന്ന ഗ്ലാസും പിടിച്ചെടുത്തതായി പൊലിസ്. ഇവിടെ നിന്ന് മുമ്പും ചെറിയതോതില്‍ കഞ്ചാവ് പിടികൂടിയിട്ടുണ്ട്. ആകാശിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായ മൂന്നു വിദ്യാര്‍ഥികളെയും സസ്‌പെന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."