നിരാഹാര സത്യാഗ്രഹം അഞ്ചാം ദിവസത്തിലേയ്ക്ക്
കാഞ്ഞിരംകുളം: പൊട്ടക്കുളത്തെ വെള്ളക്കെട്ടിനു ദ്രുതഗതിയില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പൊട്ടക്കുളം ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കാഞ്ഞിരംകുളം ജംങ്ഷനില്‍ ആരംഭിച്ച അനിശ്ചിതകാല റിലേ നിരാഹാര സത്യാഗ്രഹം അഞ്ചാം ദിവസത്തിലേയ്ക്ക്. അഞ്ചു പതിറ്റാണ്ടില്‍ കൂടുതലായി പൊട്ടക്കുളം പ്രദേശത്തെ തീരാദുരിതമായ വെള്ളക്കെട്ടിനു ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യവുമായി കഴിഞ്ഞ മഴ വെള്ളപ്പൊക്ക സമയത്ത് ഏതാനും പ്രദേശവാസികള്‍േ ചേര്‍ന്നു രൂപീകരിച്ചതാണ് പൊട്ടക്കുളം ആക്ഷന്‍ കൗണ്‍സില്‍.
വെള്ളക്കെട്ടിനു പരിഹാരം കാണാത്തത് ജനപ്രതിനിധികള്‍ ജനങ്ങളോടു കാട്ടുന്ന വെല്ലുവിളിയാണെന്ന് സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിച്ച മാജിക് അക്കാഡമി ചെയര്‍മാന്‍ ചന്ദ്രസേനന്‍ മിതൃമല പറഞ്ഞു. ആവശ്യമായ ഫണ്ട് ലഭിച്ചിട്ടും പദ്ധതി നടപ്പിലാക്കാത്തതു രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം ആരോപിച്ചു. പൊട്ടക്കുളം ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് എസ്.കെ ജോയിരാജിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസം സത്യാഗ്രഹം ആരംഭിച്ചത്.
കാഞ്ഞിരംകുളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ വിജയന്‍, സി.പി.ഐ നേതാവ് ഗോപാലകൃഷ്ണന്‍, ജനതാദള്‍ (എസ്) സംസ്ഥാന നേതാവ് വി.സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.
പ്രശ്‌നത്തിനു പരിഹാരം കാണാന്‍ മന്ത്രി ഇടപെടണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രകടനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."