17 ലക്ഷത്തോളം ചെലവഴിച്ച് നിർമിച്ച വീട് ഉരുളെടുത്തു; സർക്കാർ മാനദണ്ഡങ്ങളിലെ അപാകതയാൽ ഗുണഭോക്തൃ ലിസ്റ്റിലില്ല; അനുകൂല നിലപാട് പ്രതീക്ഷിച്ച് അനീസ്
കൽപ്പറ്റ: മുണ്ടക്കൈ, പുഞ്ചിരിമട്ടത്തെ ചേരിപ്പറമ്പിൽ മുഹമ്മദ് അനീസിന്റെ വീടെന്ന സ്വപ്‌നം ഏതാണ്ട് 80 ശതമാനം സഫലമായതാണ്. ബംഗളൂരുവിൽ 10 വർഷമായി സോഫ്റ്റ്‌വെയർ പ്രോഗ്രാമറായി ജോലി ചെയ്യുന്ന അനീസ് തന്റെ സമ്പാദ്യമെല്ലാം സ്വരുക്കൂട്ടിയാണ് ഉമ്മ ഇഷ്ടദാനം നൽകിയ സ്ഥലത്ത് വീട് നിർമാണം ആരംഭിച്ചത്. തറവാട് വീടിനോട് ചേർന്ന് പണിത ഇലക്ട്രിക് വർക് അടക്കം പൂർത്തിയാക്കിയ വീടാണ് ജൂലൈ 30ന് അർധരാത്രിയിൽ നാടിനെ തുടച്ചുനീക്കിയ ഉരുളിനൊപ്പം തകർന്നുപോയത്. തറവാട് വീടും ഉരുളെടുത്തു.
പുനരധിവാസ ഗുണഭോക്തൃ ലിസ്റ്റ് ഒന്നാമത്തേത് പുറത്തിറങ്ങിയപ്പോൾ തന്റെ പേര് കാണാത്തതിനെ തുടർന്ന് അനീസ് അധികൃതരെ സമീപിച്ചപ്പോൾ നിങ്ങൾ അവിടെ വീട് പണിതിരുന്നു എന്നത് വസ്തുതയാണെങ്കിലും ആധാരമോ, സ്വന്തമായി റേഷൻ കാർഡോ ഇല്ലാത്തതിനാൽ താങ്കൾ വീടിന് അർഹനല്ലെന്നാണ് അവർ അറിയിച്ചത്. ഇതോടെ പഞ്ചായത്തിൽനിന്ന് നൽകിയ നിർമാണ അനുമതിയടക്കമുള്ള രേഖകൾ സമർപ്പിച്ചെങ്കിലും ഇതാന്നും നിലവിലെ സർക്കാർ മാനദണ്ഡപ്രകാരം അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് അധികൃതർ. 17 ലക്ഷത്തോളം രൂപയോളം ചെലവഴിച്ച് നിർമിച്ച വീട്ടിൽ സെപ്റ്റംബറിൽ താമസമാക്കി, പഞ്ചായത്തിൽനിന്ന് വീട്ട് നമ്പറിന് അപേക്ഷിക്കാനും പിന്നാലെ റേഷൻ കാർഡ് സ്വന്തം പേരിലാക്കാനുമുള്ള ആലോചനയിലായിരുന്നു അനീസും കുടുംബവും. എന്നാൽ, ഒരു രാത്രിയുടെ ദൈർഘ്യത്തിൽ എല്ലാം തകിടംമറിഞ്ഞു. വീട് നിർമാണം പൂർത്തിയാക്കാനായി ബംഗളൂരുവിലെ ജോലി രാജിവച്ച് കഴിഞ്ഞ മാർച്ചിൽ മുണ്ടക്കൈയിലെത്തിയതാണ് അനീസ്. നിലവിൽ ജോലിയുമില്ല, സ്വന്തമായി നിർമിച്ച വീടും നഷ്ടപ്പെട്ട് ദുരിതക്കയത്തിലാണ്.
മാനദണ്ഡങ്ങളിലെ അപാകതകൾ പരിഹരിച്ച് തന്നെയും കൂടി ലിസ്റ്റിൽ ഉൾപ്പെടുത്തി സർക്കാർ സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് റവന്യു മന്ത്രിക്ക് അടക്കം പരാതി നൽകിയ അനീസ്, നിലവിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണുള്ളത്.
A Kerala resident, Anies, lost his ₹1.7 crore house due to government authorities' negligence in adhering to construction standards, highlighting the plight of innocent homeowners.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."