വീട്ടില്‍ നിന്നും കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്നും നീക്കി
ന്യൂഡല്‍ഹി: തന്റെ ഒദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പ്പെടാത്ത കെട്ടുകണക്കിനു പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടി ജഡ്ജി യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്നും നീക്കി. വര്‍മക്ക് തല്‍ക്കാലം ജുഡീഷ്യല്‍ ജോലികള്‍ ഒന്നും നല്‍കരുതെന്ന് ചീഫ് ജസ്റ്റ്‌സ് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
ഈ മാസം 14നാണ് വര്‍മയുടെ വീട്ടില്‍ തീപിടിത്തമുണ്ടായത്. പാതി കത്തിയതും പൂര്‍ണമായും കത്തിയതുമായ നോട്ടുകള്‍ ചിത്രങ്ങളിലും വിഡിയോയിലും വ്യക്തമായി കാണാം. ഫയര്‍ഫോഴ്‌സ് ഇതു പരിശോധിക്കുന്നതും വ്യക്തമാണ്. ആരോപണത്തില്‍ ആഴത്തിലുള്ള അന്വേഷണം ആവശ്യമെന്നാണ് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആരോപണം നിഷേധിച്ചുള്ള ജസ്റ്റിസ് വര്‍മയുടെ മറുപടിയും റിപ്പോര്‍ട്ടിലുണ്ട്. മാര്‍ച്ച് 14ന് ജസ്റ്റിസ് വര്‍മ വീട്ടിലില്ലാത്ത സമയത്ത് രാത്രി 11.30നാണ് സ്റ്റോര്‍ റൂമില്‍ തീപിടിത്തമുണ്ടായതെന്ന് റിപ്പോര്‍ട്ട് പറയുന്നു. സംഭവമുണ്ടായപ്പോള്‍ ജസ്റ്റിസ് വര്‍മയുടെ പഴ്‌സനല്‍ സെക്രട്ടറിയാണ് പൊലിസിനെ വിളിച്ചത്.
ജസ്റ്റിസ് വര്‍മയുമായി ബന്ധപ്പെട്ടപ്പോള്‍ ജോലിക്കാര്‍ക്കും തോട്ടക്കാര്‍ക്കും പൊതു സി.പി.ഡബ്ല്യു.ഡി ജീവനക്കാര്‍ക്കും വരെ സ്റ്റോര്‍ റൂമിലേക്ക് പ്രവേശിക്കാന്‍ കഴിയുമെന്ന് മറുപടി നല്‍കിയതായി റിപ്പോര്‍ട്ടിലുണ്ട്. പൊലിസ് വാട്‌സാപ്പിലൂടെ കൈമാറിയ ചിത്രങ്ങള്‍ കാണിച്ചപ്പോള്‍ ജസ്റ്റിസ് വര്‍മ തനിക്കെതിരേ ഗുഢാലോചനയുണ്ടെന്ന് ആശങ്ക പ്രകടിപ്പിച്ചിരുന്നു. തീപിടിത്തമുണ്ടായ മുറിയുടെ അവശിഷ്ടങ്ങളും ഭാഗികമായി കത്തിയ മറ്റു വസ്തുക്കളും 15ന് രാവിലെ നീക്കം ചെയ്തതായി പൊലിസിന് ജഡ്ജിയുടെ വസതിയില്‍ നിയോഗിച്ചിരുന്ന കാവല്‍ക്കാരന്‍ മൊഴിനല്‍കി.
ബംഗ്ലാവില്‍ താമസിക്കുന്നവര്‍, ജോലിക്കാര്‍, തോട്ടക്കാര്‍, സി.പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒഴികെ മറ്റാര്‍ക്കും മുറിയില്‍ പ്രവേശിക്കാന്‍ സാധ്യതയില്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടുണ്ട്. അതനുസരിച്ച്, മുഴുവന്‍ വിഷയവും കൂടുതല്‍ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് ഞാന്‍ പ്രഥമദൃഷ്ട്യാ കരുതുന്നുെന്നും ജസ്റ്റിസ് ഉപാധ്യായ റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് 21ന് റിപ്പോര്‍ട്ട് സ്വീകരിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉപാധ്യായയോട് പണത്തിന്റെ ഉറവിടം സംബന്ധിച്ചും മാര്‍ച്ച് 15 ന് രാവിലെ കത്തിയ പണം നീക്കം ചെയ്ത വ്യക്തിയെക്കുറിച്ചും ജസ്റ്റിസ് വര്‍യില്‍നിന്ന് പ്രതികരണം തേടാന്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് വര്‍മ തന്റെ ഫോണ്‍ നശിപ്പിക്കരുതെന്നും മൊബൈല്‍ ഫോണില്‍നിന്ന് ഏതെങ്കിലും മൊബൈല്‍ നമ്പറോ സന്ദേശമോ ഡാറ്റയോ ഡിലീറ്റ് ചെയ്യരുതെന്നും ആവശ്യപ്പെട്ടിരുന്നു. 15 കോടിയോളം രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയതെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
അതിനിടെ, ജഡ്ജിയുടെ വസതിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് പൊലിസിനോട് തേടിയിട്ടുണ്ട്. കഴിഞ്ഞ ആറുമാസമായി ജഡ്ജിയുടെ വസതിയില്‍ സുരക്ഷാജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങള്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ സമര്‍പ്പിക്കുമെന്നും ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുപ്രിംകോടതിയെ അറിയിച്ചു.
ഗൂഢാലോചനയെന്ന് ജസ്റ്റിസ് യശ്വന്ത് വര്‍മ
വീടിന്റെ സ്റ്റോര്‍ റൂമില്‍ നോട്ടുകെട്ടുകള്‍ താന്‍ സൂക്ഷിച്ചിരുന്നില്ലെന്നും സംഭവത്തിന് പിന്നില്‍ തന്നെ കുടുക്കാനുള്ള ഗുഢാലോചനയാണെന്നും ജസ്റ്റിസ് യശ്വന്ത് വര്‍മ. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നല്‍കിയ മൊഴിയിലാണ് ജസ്റ്റ്‌സ് വര്‍മ സംഭവം നിഷേധിച്ചത്. തീപിടിത്തമുണ്ടായ സ്റ്റോര്‍റൂം പ്രധാന വീടിനോട് ചേര്‍ന്നല്ല ഉള്ളതെന്നും വര്‍മ വിശദീകരിച്ചു. സ്റ്റോര്‍ റൂമില്‍ ഞാനോ എന്റെ കുടുംബാംഗങ്ങളോ പണം വച്ചിട്ടില്ല. ആരോപിക്കപ്പെടുന്ന പണം ഞങ്ങളുടേതല്ല. പൊലിസോ ഫയര്‍ഫോഴ്‌സോ അത്തരത്തിലൊരു പണം കണ്ടെടുക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ലെന്നും ജഡ്ജി പറഞ്ഞു.
സ്റ്റോര്‍റൂമിലോ ഔട്ട്ഹൗസിലോ ആരെങ്കിലും പണം സൂക്ഷിക്കുമോ? ഡല്‍ഹി ജഡ്ജി
ന്യൂഡല്‍ഹി: വീടിന്റെ സ്റ്റോര്‍ റൂമില്‍ നോട്ടുകെട്ടുകള്‍ സൂക്ഷിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ആരോപണവിധേയനായ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ. സ്റ്റോര്‍റൂമിലോ ഔട്ട്ഹൗസിലോ ആരെങ്കിലും പണം സൂക്ഷിക്കുമോയെന്ന് ജഡ്ജി ചോദിച്ചു. സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിനടുത്തുള്ള തുറന്നതും എളുപ്പത്തില്‍ ആക്‌സസ് ചെയ്യാവുന്നതും സാധാരണയായി ഉപയോഗിക്കുന്നതുമായ ഒരു സ്റ്റോര്‍റൂമിലോ അല്ലെങ്കില്‍ ഔട്ട്ഹൗസിലോ പണം സൂക്ഷിക്കുമെന്നത് അവിശ്വസനീയമാണെന്നും ജഡ്ജി പറഞ്ഞതായി സുപ്രിംകോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
തന്റെ താമസസ്ഥലങ്ങളില്‍ നിന്ന് പൂര്‍ണമായും വേര്‍പെടുത്തിയ ഒരു മുറിയാണിത്. ഇരു കെട്ടിടങ്ങള്‍ക്കുമിടയില്‍ മതിലുണ്ട്. പത്രങ്ങള്‍ എന്നെ കുറ്റപ്പെടുത്തും മുമ്പ് എന്റെ ഭാഗം അന്വേഷിച്ചില്ല. മാര്‍ച്ച് 14 ന് രാത്രി തീപിടിത്തമുണ്ടായപ്പോള്‍ താനും ഭാര്യയും വീട്ടില്‍ ഉണ്ടായിരുന്നില്ല. മകളും വൃദ്ധയായ അമ്മയും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. മകളും പ്രൈവറ്റ് സെക്രട്ടറിയുമാണ് ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്. ഉപയോഗിക്കാത്ത ഫര്‍ണിച്ചറുകള്‍, കുപ്പികള്‍, പാത്രങ്ങള്‍, മെത്തകള്‍, ഉപയോഗിച്ച പരവതാനികള്‍, പഴയ സ്പീക്കറുകള്‍, പൂന്തോട്ട ഉപകരണങ്ങള്‍, സി.പി.ഡബ്ല്യു.ഡി വസ്തുക്കള്‍ എന്നിവ സൂക്ഷിക്കാന്‍ ഈ മുറി പൊതുവെ എല്ലാവരും ഉപയോഗിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."