ഫ്രാന്‍സ് ഫലസ്തീനെ പരമാധികാര രാഷ്ട്രമായി അംഗീകരിക്കും; ഫ്രഞ്ച് പ്രസിഡന്റ്
പാരീസ്: ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ നിര്‍ണായക പ്രഖ്യപനവുമായി ഫ്രാന്‍സ്. വരും മാസങ്ങളില്‍ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ വീറ്റോ അധികാരമുള്ള രാജ്യമെന്ന നിലയില്‍ ഫ്രാന്‍സിന്റെ നീക്കം അതിനിര്‍ണായകമാണ്.
ജൂണില്‍ സഊദിയുമായി സഹകരിച്ച് ഇസ്‌റാഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സഭാ സമ്മേളനത്തില്‍ ഇത് അന്തിമമാക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും മാക്രോണ്‍ വെളിപ്പെടുത്തി.
'വരും മാസങ്ങളില്‍ ഞങ്ങള്‍ ഫലസ്തീനെ അംഗീകരിക്കും' മാക്രോണ്‍ പറഞ്ഞു. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരത്തിനുമായി ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവയ്പ്പായിരിക്കും ഫ്രാന്‍സിന്റെ അംഗീകാരം എന്ന് ഫലസ്തീന്‍ വിദേശകാര്യ സഹമന്ത്രി വര്‍സെന്‍ അഘബെക്കിയന്‍ ഷാഹിന്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.
193 ഐക്യരാഷ്ട്രസഭാ അംഗങ്ങളില്‍ 147 രാജ്യങ്ങള്‍ ഇതുവരെ ഫലസ്തീനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അര്‍മേനിയ, സ്ലൊവേനിയ, അയര്‍ലന്‍ഡ്, നോര്‍വേ, സ്‌പെയിന്‍, ബഹാമാസ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, ജമൈക്ക, ബാര്‍ബഡോസ് എന്നീ രാജ്യങ്ങള്‍ ഫലസ്തീനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിച്ചിരുന്നു. ഇസ്‌റാഈലിനെ അംഗീകരിക്കാത്ത രാജ്യങ്ങളില്‍ സഊദി അറേബ്യ, ഇറാന്‍, ഇറാഖ്, സിറിയ, യെമന്‍ എന്നിവ ഉള്‍പ്പെടുന്നു.
ഫലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുന്നത് ഫ്രാന്‍സിന് ഇസ്‌റാഈലിന്റെ നിലനില്‍പ്പിനുള്ള അവകാശം നിഷേധിക്കുന്നവര്‍ക്കെതിരായ പോരാട്ടത്തില്‍ വ്യക്തത പുലര്‍ത്താനും, ഇറാന്റെ കാര്യത്തിലെന്നപോലെ, മേഖലയിലെ കൂട്ടായ സുരക്ഷയ്ക്കായി സ്വയം പ്രതിജ്ഞാബദ്ധരാകാനും അനുവദിക്കുമെന്ന് മാക്രോണ്‍ പറഞ്ഞു.
അടുത്തിടെ ഈജിപ്ത് സന്ദര്‍ശനത്തില്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസിയുമായും ജോര്‍ദാനിലെ രാജാവ് അബ്ദുള്ള രണ്ടാമനുമായും മാക്രോണ്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്‌റാഈല്‍ നടത്തുന്ന ഏതെങ്കിലും തരത്തിലുള്ള കുടിയിറക്കത്തിനെയും സെറ്റില്‍മെന്റിനെയും ഞാന്‍ ശക്തമായി എതിര്‍ക്കുന്നുവെന്നും മാക്രോണ്‍ വ്യക്തമാക്കി.
അതേസമയം ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രസ്താവനയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നതായി ഹമാസ് ഉദ്യോഗസ്ഥന്‍ മഹ്മൂദ് മര്‍ദാവി എഎഫ്പിയോട് പറഞ്ഞു.
'ഈ പ്രഖ്യാപനം ഒരു സുപ്രധാന ചുവടുവയ്പ്പാണെന്നും അത് നടപ്പിലാക്കപ്പെട്ടാല്‍, നമ്മുടെ ഫലസ്തീന്‍ ജനതയുടെ ദേശീയ അവകാശങ്ങളോടുള്ള അന്താരാഷ്ട്ര നിലപാടില്‍ ഒരു നല്ല മാറ്റം വരുത്തുമെന്നും' അദ്ദേഹം പറഞ്ഞു. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ വീറ്റോ അധികാരമുള്ള സ്ഥിരാംഗമായതിനാല്‍ ഫ്രാന്‍സിന്റെ നീക്കം പ്രധാനമാണെന്നും മര്‍ദാവി പറഞ്ഞു.
'രാഷ്ട്രീയമായി സ്വാധീനമുള്ളതും (യുഎന്‍) സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗവുമായ ഒരു രാജ്യം എന്ന നിലയില്‍, ന്യായമായ പരിഹാരങ്ങളുടെ ഗതിയെ സ്വാധീനിക്കാനും അധിനിവേശം അവസാനിപ്പിക്കാനും ഫലസ്തീന്‍ ജനതയുടെ അഭിലാഷങ്ങള്‍ നേടിയെടുക്കാനും ഫ്രാന്‍സിന് കഴിവുണ്ട്,' മര്‍ദാവി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."