പിണറായി സർക്കാരിന്റെ നാലാം വാർഷികം; പ്രതിഷേധ സാധ്യതകൾ പരിശോധിക്കാൻ രഹസാന്വേഷണ വിഭാഗം
കോഴിക്കോട്: എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ പരിപാടികളിൽ പ്രതിഷേധങ്ങളുണ്ടാകാൻ സാധ്യതയുണ്ടോയെന്ന് പരിശോധിച്ച് രഹസ്യാന്വേഷണവിഭാഗം.
മെയ് 30 വരെ നടക്കുന്ന വാർഷികാഘോഷത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ മേഖലാതല അവലോകന യോഗങ്ങളും നടക്കും. ഈ പരിപാടികളിൽ പ്രാദേശികമായി ഏതെങ്കിലും സംഘടനകൾക്കോ രാഷ്ട്രീയപാർട്ടികൾക്കോ ജനകീയ കമ്മിറ്റികൾക്കോ പ്രതിഷേധമോ എതിർപ്പോ ഉണ്ടോയെന്നാണ് പരിശോധിച്ചത്.
സാധാരണ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ പ്രാദേശിക ഭീഷണി സംബന്ധിച്ച് ജില്ലാ-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്താറുണ്ട്. ഇതിനുപുറമേയാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പ്രത്യേകമായി വിവരങ്ങൾ ശേഖരിച്ചത്.
വരാനിരിക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റേയും തദ്ദേശ തെരഞ്ഞെടുപ്പിന്റേയും സാഹചര്യത്തിൽ സർക്കാരിനെതിരേയുള്ള വിവാദങ്ങൾ പ്രതികൂലമായി ബാധിക്കും. പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നപക്ഷം വൻ വിവാദത്തിനും വഴിയൊരുക്കും. 2023ൽ 140 മണ്ഡലങ്ങളിലും സംഘടിപ്പിച്ച മുഖ്യമന്ത്രിയുടെ നവകേരള സദസിൽ വൻ പ്രതിഷേധമായിരുന്നു സംസ്ഥാനവ്യാപകമായി ഉയർന്നത്. യാത്രയ്ക്കിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യു.ഡി.എഫ് പ്രവർത്തകർക്കെതിരേ ശക്തമായ നടപടി പൊലിസ് സ്വീകരിച്ചതോടെ വിവാദം ആളിക്കത്തി. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായാണ് ആഴ്ചകൾക്ക് മുമ്പ് തന്നെ പ്രാദേശികമായി അന്വേഷണം നടത്തിയത്. എതിർപ്പുകൾ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പരമാവധി പൊലിസിനെ വിന്യസിച്ച് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയാണ് ലക്ഷ്യം.
സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് റെയ്ഞ്ച് എസ്.പിമാരുടെ കീഴിലുള്ള 17 ഡിറ്റാച്ച്‌മെന്റുകൾ ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് ഇന്റലിജൻസ് എ.ഡി.ജി.പിക്ക് സമർപ്പിച്ചിട്ടുണ്ട്. ജില്ലാതല യോഗത്തിൽ ക്ഷണിക്കപ്പെട്ട 500 പേരാണ് പങ്കെടുക്കുന്നത്. രണ്ട് മണിക്കൂറാണ് യോഗം. നാല് മേഖലകളായി തിരിച്ചാണ് മേഖലാ യോഗങ്ങൾ സംഘടിപ്പിക്കുന്നത്.
പാലക്കാട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം എന്നിവിടങ്ങളിലാണ് മേഖലാ യോഗങ്ങൾ നടക്കുന്നത്. ഈ സ്ഥലങ്ങളിലെല്ലാം തന്നെ ഡിറ്റാച്ച്‌മെന്റുകൾ വിശദമായ വിവര ശേഖരണം നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ടോയെന്ന് ജില്ലാ സ്‌പെഷൽ ബ്രാഞ്ചും അന്വേഷിക്കുന്നുണ്ട്.
Fourth anniversary of Pinarayi government Secret Investigation Department to examine possibilities of protests
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."