കുൽഗാമിൽ ഭീകരർക്കെതിരെ സൈന്യത്തിന്റെ മിന്നൽ ആക്രമണം; ടിആർഎഫ് തലവൻ വലയിൽ
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഭീകരവാദികളുടെ സാന്നിധ്യം സംബന്ധിച്ച് വ്യക്തമായ രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം, സിആർപിഎഫ്, ജമ്മു കശ്മീർ പൊലീസ് എന്നിവർ സംയുക്തമായി മേഖല വളഞ്ഞു. ലഷ്കർ-ഇ-തൊയ്ബയുടെ ശാഖയായ ദി റെസിസ്റ്റൻസ് ഫ്രണ്ടിന്റെ (ടിആർഎഫ്) തലവൻ സുരക്ഷാ സേനയുടെ വലയത്തിൽ കുടുങ്ങിയതായാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസം അനന്ത്നാഗ് ജില്ലയിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികളും ഉൾപ്പെടെ 28 പേർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന്റെ തൊട്ടടുത്ത ദിവസമാണ് കുൽഗാമിലെ ടങ്മാർഗ് പ്രദേശത്ത് പുതിയ ഏറ്റുമുട്ടൽ അരങ്ങേറിയത്. ഇതിനു മുമ്പ് ബാരാമുള്ളയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു.
പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നു. കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്നുള്ള വിവരമനുസരിച്ച്, പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം താൽക്കാലികമായി നിർത്തിവച്ചേക്കും. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫീസിന്റെ പ്രവർത്തനം നിർത്തലാക്കാനും സിന്ധു നദീജല കരാർ റദ്ദാക്കാനും സാധ്യതയുണ്ട്.
ഏത് നിമിഷവും പോരാട്ടത്തിന് തയ്യാറാകണമെന്ന് കേന്ദ്രം സുരക്ഷാ സേനയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും മുന്നറിയിപ്പുണ്ട്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മൂന്ന് സൈനിക മേധാവികൾ എന്നിവരുമായി നടത്തിയ ഉന്നതതല യോഗത്തിൽ ഈ നിർണായക തീരുമാനങ്ങൾ എടുത്തു. കുൽഗാമിലെ ഏറ്റുമുട്ടൽ തുടരുന്നതിനാൽ, മേഖലയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."