107 പാകിസ്താനികൾ ഒളിവിൽ? ഇന്ത്യയിൽ വൻ തിരച്ചിൽ
ന്യൂഡൽഹി: അട്ടാരി-വാഗ അതിർത്തി വഴി 9 നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉൾപ്പെടെ 537 പാകിസ്താൻ പൗരന്മാർ ഇന്ത്യ വിട്ടു. 12 വിഭാഗങ്ങളിലുള്ള ഹ്രസ്വകാല വിസ ഉടമകൾക്കുള്ള എക്സിറ്റ് സമയപരിധി ഇന്ന് അവസാനിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തി വഴി 14 നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉൾപ്പെടെ 850 ഇന്ത്യക്കാർ പാകിസ്താനിൽ നിന്ന് തിരിച്ചെത്തി. ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് പാകിസ്താൻ പൗരന്മാർക്ക് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.
സാർക് വിസ ഉള്ളവർക്കുള്ള സമയപരിധി ഏപ്രിൽ 26 വരെയും മെഡിക്കൽ വിസ ഉള്ളവർക്കുള്ള സമയപരിധി ഏപ്രിൽ 29 വരെയുമാണ്. ദീർഘകാല വിസയുള്ളവരെയും നയതന്ത്ര, ഔദ്യോഗിക വിസ ഉള്ളവരെയും ഈ ഉത്തരവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ ഹ്രസ്വകാല വിസയുള്ള പാകിസ്താനികൾ മഹാരാഷ്ട്രയിലാണെന്നും 107 പാകിസ്താൻ പൗരന്മാരെ കണ്ടെത്താനായില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഞായറാഴ്ച 9 നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉൾപ്പെടെ 237 പാകിസ്താൻ പൗരന്മാർ അട്ടാരി-വാഗ അതിർത്തി വഴി ഇന്ത്യ വിട്ടു. ഏപ്രിൽ 26-ന് 81 പേരും, ഏപ്രിൽ 25-ന് 191 പേരും, ഏപ്രിൽ 24-ന് 28 പേരും രാജ്യം വിട്ടതായി ഉദ്യോഗസ്ഥർ പിടിഐയോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."