ഇന്ത്യൻ ഭരണഘടനക്ക് കാവലൊരുക്കും; അവകാശ സംരക്ഷണ വിളംബരമായി തൃശൂരിൽ സമസ്ത ബഹുജന റാലി
തൃശൂർ: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വഖ്ഫ് നിയമ ഭേദഗതി രാജ്യത്തിൻ്റെ ഭരണഘടനയിലെ തുല്യത എന്ന ആശയത്തെയാണ് പ്രഹരമേൽപ്പിച്ചതെന്ന് ജോൺ ബ്രിട്ടാസ് എം.പി. ഭരണഘടന നെഞ്ചോട് ചേർത്ത് പിടിച്ച് മുസ്ലിംകൾ ഈ നിയമത്തിനെതിരെ അണി ചേരും. മൗലാനാ ആസാദിൻ്റെ പിൻമുറക്കാരാണ് മു മുസ് ലിംകൾ. ഈ പ്രക്ഷോഭങ്ങളിൽ അധികാരികൾക്ക് കണ്ണുതുറക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പെഹൽഗാം ഭീകരാക്രമണത്തിൻ്റെ പേരിൽ വരെ വർഗീയ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത് തിരിച്ചറിയണം. മുനമ്പം വിഷയം കേന്ദ്രത്തിൻ്റെ വഖ്ഫ് നിയമ ഭേദഗതി പരി ഹാര മാർഗമല്ല. അത് കേരളത്തിൻ്റെ സാഹോദര്യത്തിലൂടെയാണ് പരിഹരിക്കേണ്ടത്. അതിന് ബി.ജെ.പിയുടെ ഓശാരം ആവശ്യമില്ല. നൂറ്റാണ്ടുകളായി വ്യവസ്ഥാപിതമായി നടക്കുന്ന രാജ്യത്തെ വഖ്ഫ് സംവിധാനം തകർക്കാൻ ശ്രമിക്കുമ്പോൾ ഭരണഘടന സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ചിരിക്കുന്നതിൻ്റെ ഭാഗമാണ് പ്രതിഷേധ സമരങ്ങളെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിൽ സമസ്ത ജില്ലാ കമ്മിറ്റി നടത്തിയ ഭരണഘടനാ സംരക്ഷണ ബഹുജനറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസലാം ബാഖവി വടക്കേക്കാട് അധ്യക്ഷനായി. വർക്കിംഗ് ചെയർമാൻ അബ്ദുൽ കരീം ഫൈസി പൈങ്കണ്ണിയൂർ പ്രാർഥന നടത്തി. ശുഐബുൽ ഹൈത്തമി മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ നാഷനൽ കോൺഗ്രസ് വക്താവ് ഡോ. ജിൻ്റോ ജോർജ്, മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, സമസ്ത ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് അബൂബക്കർ ഫൈസി ചെമ്മങ്ങനാട് , ട്രഷറർ സുലൈമാൻ ദാരിമി ഏലംകുളം,വർക്കിംഗ് സെക്രട്ടറി ബഷീർ ഫൈസി ദേശമംഗലം, ശഹീർ ദേശമംഗലം, സിദ്ദീഖ് ഫൈസി മങ്കര സംസാരിച്ചു.
തൃശൂർ വടക്കേ ബസ്റ്റാൻ്റ് പരിസരത്ത് നിന്ന് തുടങ്ങിയ റാലി നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചുറ്റി ശക്തൻ തമ്പുരാൻ ബസ്റ്റാൻ്റിന് സമീപം മൈതാനിയിൽ സംഗമിച്ചു. റാലിക്ക് തുടക്കം കുറിച്ച് സി.കെ കുഞ്ഞി തങ്ങൾ പ്രാർഥന നടത്തി. ജില്ലയിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒഴുകിയെത്തിയ സുന്നീ പ്രവർത്തകർ അണിനിരന്ന റാലി രാജ്യത്തിൻ്റെ പൗരാവകാശ സംരക്ഷണത്തിൻ്റെ മുദ്രാവാക്യങ്ങൾ ഉയർന്നു. വഖ്ഫ് നിയമ ഭേദഗതിക്കെതിരെ പ്രതിജ്ഞയും പെഹൽഗാമിൽ മരിച്ചവർക്കുള്ള അനുശോചന പ്രമേയവും അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."