കുടിവെള്ള വിതരണത്തില്‍ ചോര്‍ന്നതു ലക്ഷങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ താലൂക്ക് ഓഫിസുകള്‍ കെടുകാര്യസ്ഥതയുടേയും ക്രമക്കേടുകളുടേയും വിളനിലമാകുന്നതായി ലാന്‍ഡ് റവന്യൂ കമ്മിഷണറേറ്റിലെ ആഭ്യന്തര പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തല്‍.
2012-13 കാലഘട്ടം മുതലുള്ള പരിശോധനയില്‍ ഇതുമൂലം സര്‍ക്കാരിന് വന്‍ സാമ്പത്തിക ചോര്‍ച്ചയുണ്ടായതായാണു കണ്ടെത്തല്‍. വരള്‍ച്ചാ കാലഘട്ടത്തിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ടാണു ഗുരുതരമായ വീഴ്ച കണ്ടെത്തിയത്.
ഇതുകൂടാതെ മറ്റു നിരവധി കാര്യങ്ങള്‍ യഥാസമയം തീര്‍പ്പാക്കുന്നതിലും വന്‍ വീഴ്ചയുണ്ടായിട്ടുണ്ട്. സര്‍ക്കാരിന് ലഭിക്കേണ്ട ഭീമമായ തുക പിരിച്ചെടുക്കാനും വീഴ്ചവരുത്തി.
ക്രമക്കേടില്‍ കൊല്ലം ജില്ലയാണു മുന്നില്‍ നില്‍ക്കുന്നത്. കുടിവെള്ള വിതരണത്തില്‍ രേഖാമൂലം കരാര്‍ ഉണ്ടാക്കാത്തവര്‍ക്കും വഴിവിട്ട് അനുമതി നല്‍കി. തഹസില്‍ദാരുമായി കരാര്‍ ഉണ്ടാക്കാതെ കുടിവെള്ള വിതരണത്തില്‍ ഏര്‍പ്പെട്ടവര്‍ കൂടുതല്‍ വെള്ളം വിതരണം ചെയ്തതായി കാണിച്ച് അധികൃതരുടെ ഒത്താശയോടെ ട്രിപ്പ് ഷീറ്റില്‍ കൃത്രിമം കാണിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഒരു ട്രിപ്പ് പോലും വെള്ളം വിതരണം ചെയ്യാത്തവരും പണം തട്ടിയെടുത്തു. ഇങ്ങനെ സംസ്ഥാനത്തുടനീളം ആയിരക്കണക്കിനു അനധികൃത കരാറുകാര്‍ക്കാണു തട്ടിപ്പിനു സൗകര്യമുണ്ടാക്കിക്കൊടുത്തത്. ഇതിന്റെ വിഹിതം അധികൃതരില്‍ ചിലര്‍ തട്ടിയെടുക്കുകയും ചെയ്തു.
കൊല്ലം താലൂക്ക് ഓഫിസില്‍ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ടു നടന്ന ക്രമക്കേട് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. 2013 ജനുവരി 28ന് ക്ഷണിച്ച ക്വട്ടേഷനില്‍ അഞ്ചുപേരാണ് ക്വട്ടേഷന്‍ നല്‍കിയത്. 5000 ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ 3000 രൂപ നിരക്കില്‍ ഏറ്റവും കുറവ് ക്വട്ടേഷന്‍ നല്‍കിയവരെ ഒഴിവാക്കുകയും ക്വട്ടേഷന്‍ സമര്‍പ്പിക്കാത്തവര്‍ക്കു കൂടിയ നിരക്കില്‍ കരാര്‍ നല്‍കുകയും ചെയ്തു.
ഇവരില്‍ നിന്നും നിശ്ചിത ശതമാനം വരുമാന നികുതിയും ഈടാക്കിയില്ല. ഇങ്ങനെ നഷ്ടമായ പണം സര്‍ക്കാരിലേക്ക് തിരികെ ഒടുക്കാനുള്ള നടപടിയുണ്ടാകണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും ഉണ്ടായില്ല.
കെടുകാര്യസ്ഥതമൂലം സംസ്ഥാനത്തെ താലൂക്ക് ഓഫിസുകളില്‍ നിരവധി ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. വ്യത്യസ്തമായ നികുതികള്‍ സംബന്ധിക്കുന്ന നിരവധി ഫയലുകള്‍ ഇതിലൊന്നാണ്. ഭീമമായ കുടിശികയുള്ള എല്‍.സി കേസുകളാണ് മറ്റൊന്ന്.
ബന്ധപ്പെട്ട ചാര്‍ജ് ഓഫിസര്‍മാരാണ് ഇതിന് ഉത്തരവാദികള്‍. ഇവര്‍ ഉള്‍പ്പെടെയുള്ള മേലുദ്യോഗസ്ഥര്‍ താലൂക്കിനു കീഴിലുള്ള വില്ലേജ് ഓഫിസുകളില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്താത്തതിനാല്‍ ഈ ഓഫിസുകളില്‍ നിന്നും സത്വരനടപടി ആവശ്യമായ വിഷയങ്ങള്‍ താലൂക്ക് ഓഫിസുകളിലും ആര്‍.ഡി ഓഫിസുകളിലും ജില്ലാ കലക്ടറേറ്റുകളിലും യഥാസമയം എത്തുന്നില്ല.
റവന്യൂ റിക്കവറി സംബന്ധിച്ചും സര്‍ക്കാരിന്റെ സുപ്രധാന നടപടിക്രമങ്ങളെ സംബന്ധിച്ചും മേലധികാരികളില്‍ നിന്നും ലഭ്യമാകുന്ന നോട്ടിസുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്.
വളരെയധികം കേസുകള്‍ തീര്‍പ്പാക്കാന്‍ കഴിയാതെ കെട്ടിക്കിടക്കുമ്പോഴും ഇതു സംബന്ധിച്ച പി.വി രജിസ്റ്റര്‍ സൂക്ഷിക്കാതെ ഗുരുതരമായ അനാസ്ഥയാണു കാട്ടുന്നത്. പ്രോപ്പര്‍ട്ടി രജിസ്റ്റര്‍ സൂക്ഷിക്കാത്ത താലൂക്ക് ഓഫിസുകളുമുണ്ട്. ഇതുകൂടാതെ ഓഫിസ് ആവശ്യങ്ങള്‍ക്കു പരിധിയിലധികം തുക ചചെലവഴിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കുന്നതിലെ അനാസ്ഥ, എന്‍. എഫ്. ബി.എസ് തുക വിതരണത്തിലെ അപാകത, മുഖ്യമന്ത്രിയുടെ ദുരാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായ വിതരണത്തിലെ കാലതാമസം, കാഷ്വല്‍ ലീവ്, ഓണം അഡ്വാന്‍സ് രജിസ്റ്റര്‍ സൂക്ഷിക്കുന്നതിലെ അനാസ്ഥ എന്നിവയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
വില്ലേജ് ഓഫിസുകളുടെ പ്രവര്‍ത്തനം സംബന്ധിച്ചു ജില്ലാ കലക്ടറുടെ കാര്യാലയത്തില്‍ നിന്നുള്ള പരിശോധനാ വിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."