മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മരണം; രേഖകള്‍ കൈമാറിയെന്ന് അന്വേഷണസംഘം
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജിലെ രണ്ടാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനി ഷംനയുടെ മരണം സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നതിനായി അന്വേഷണ രേഖകള്‍ മെഡിക്കല്‍ ഓഫിസര്‍ക്ക് കൈമാറിയതായി പൊലിസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച് ആഴ്ചകളായിട്ടും മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നതില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് ഷംനയുടെ പിതാവ് അബൂട്ടിയും മറ്റ് ബന്ധുക്കളും സിറ്റി പൊലിസ് കമ്മിഷണര്‍ എം.പി.ദിനേശിനെയും ഡെപ്യൂട്ടി കമ്മിഷണര്‍ അരുള്‍ ബി.കൃഷ്ണയെയും ഇന്നലെ സമീപിച്ചിരുന്നു. ഇവരാണ് കേസിന്റെ പുരോഗതി പിതാവിനെ ധരിപ്പിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും മറ്റ് രേഖകളും അടങ്ങുന്ന ഫയല്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് കമ്മിഷണറും ഡെപ്യൂട്ടി കമ്മിഷണറും വ്യക്തമാക്കി. അതേസമയം രേഖകളടങ്ങിയ റിപ്പോര്‍ട്ട് ഇതുവരെ ലഭ്യമായിട്ടില്ലെന്നും ലഭ്യമായാലുടന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എന്‍.കെ.കുട്ടപ്പന്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസം സെക്ഷന്‍ ക്ലര്‍ക്ക് അവധിയായതിനാലായിരിക്കാം തന്റെ മേശപ്പുറത്ത് ഇത് സംബന്ധിച്ച ഫയല്‍ എത്താതിരുന്നതെന്നും ഡി.എം.ഒ പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ചെയര്‍മാനായിട്ടുള്ള മൂന്നംഗ ബോര്‍ഡായിരിക്കും രൂപീകരിക്കുക. ഇതില്‍ ഫോറന്‍സിക് വിദഗ്ധനും സര്‍ക്കാര്‍ അഭിഭാഷകനും ഉള്‍പ്പെടും. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നതിന് ഇവരുടെ സമ്മതം ആരാഞ്ഞുകൊണ്ട് ആദ്യം ഡി.എം.ഒ കത്ത് നല്‍കും. ഇവരുടെ സമ്മതവും സമയവും ലഭിച്ചുകഴിഞ്ഞാലുടന്‍ അന്വേഷണസംഘം നല്‍കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളുടെ കോപ്പികള്‍ അംഗങ്ങള്‍ക്ക് നല്‍കും. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിദഗ്ധനെയായിരിക്കും സംഘത്തില്‍ ഉള്‍പ്പെടുത്തുക. രേഖകള്‍ പരിശോധിച്ചതിനുശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ വിദഗ്ധരെ സംഘത്തില്‍ ഉള്‍പ്പെടുത്തുമെന്നും മെഡിക്കല്‍ ഓഫിസര്‍ വിശദീകരിച്ചു.
ഷംനയുടെ മരണത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകു. ചികിത്സാപിഴവ് സംഭവിച്ചതായി മെഡിക്കല്‍ബോര്‍ഡ് കണ്ടെത്തിയാല്‍ ഷംനയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കെതിരേ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കേസ് എടുക്കാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."