കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തീരങ്ങളില്‍ നിന്നു കടല്‍വെളളവും ചെളിയും ശേഖരിച്ചു പരിശോധിക്കും; കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി
കോഴിക്കോട് : കേരളത്തിന്റെ പുറംകടലില്‍ അപകടത്തില്‍പ്പെട്ടു കത്തിയമര്‍ന്ന വാന്‍ ഹായി 503 കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും കേരള തീരത്തിന് എത്രത്തോളമാണ് ആഘാതം ഉണ്ടാക്കിയിരിക്കുന്നത് എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റ്യൂട്ടും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും തീരദേശത്തെ കടല്‍വെള്ളത്തിന്റെ സാംപിളുകള്‍ പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്.
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തീരങ്ങളില്‍നിന്നു കടല്‍വെള്ളവും ചെളിയും ശേഖരിച്ചാണ് പരിശോധന നടത്തുന്നത്. കപ്പലിലെ അഗ്‌നിബാധയ്ക്ക് നിലവില്‍ നേരിയ തോതില്‍ കുറവുണ്ട്. രാത്രി മുഴുവന്‍ കോസ്റ്റ്ഗാര്‍ഡിന്റെ മൂന്നുകപ്പലുകള്‍ നടത്തിയ ദൗത്യത്തിലാണ് ആളിക്കത്തിയ തീ അല്‍പ്പമെങ്കിലും കുറഞ്ഞത്. എന്നാല്‍ തീ ഇപ്പോഴും പൂര്‍ണമായും അണഞ്ഞിട്ടില്ല.
കറുത്ത പുകച്ചുരുളുകള്‍ ഉയരുന്നുണ്ടെന്നാണ് ദൗത്യസംഘം അറിയിക്കുന്നത്. കപ്പല്‍ നിലവില്‍ മുങ്ങുന്ന സാഹചര്യത്തിലേക്കെത്തിയിട്ടില്ല. കഴിഞ്ഞ ദിവസത്തേത് പോലെ 10 മുതല്‍ 15 ഡിഗ്രി വരെ ഇടത്തോട്ടുള്ള ചെരിവ് ഇപ്പോഴുമുണ്ട്. കപ്പലിലെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കത്തുന്നത് വലിയ ഭീഷണിയാണ്. ഇന്ധന ടാങ്കിലേക്കടക്കം തീ പടരുമോയെന്നതാണ് നിലവിലെ ആശങ്ക. നിരീക്ഷണ പറക്കലിനായി ഡോണിയര്‍ വിമാനങ്ങള്‍ കൊച്ചിയില്‍ നിന്ന് രാവിലെ പുറപ്പെട്ടിട്ടുണ്ട്.
ഡക്കിന്റെ മറ്റുഭാഗങ്ങളിലേക്കുകൂടി തീ പടര്‍ന്നതോടെ നിരവധി കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിച്ച് ഇന്നലെ വൈകിട്ടോടെ കടലിലേക്ക് വീണിട്ടുണ്ട്. വേഗത്തില്‍ കത്തിപ്പടരുന്ന വസ്തുക്കളിലേക്ക് തീപിടിച്ചാണ് കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിച്ചതെന്നാണ് അനുമാനിക്കുന്നത്. അതുകൊണ്ടുതന്നെ കപ്പലിന്റെ അടുത്തേക്ക് ചെല്ലാന്‍ ബുദ്ധിമുട്ടാണ്. ഇന്ധന ടാങ്കില്‍ ശേഷിക്കുന്ന െടണ്ണോളം ഓയിലും മറ്റൊരു ഭീഷണിയാണ്. തീയണക്കുന്നതിനാണ് പ്രാഥമിക പരിഗണനയെന്നാണ് നാവിക സേന അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."