ഡെലിവറി ഏജൻ്റുമാർ രക്ഷകരായി; രാത്രി അഴുക്കുചാലിലെ നിലവിളി: രണ്ടാനച്ഛൻ വലിച്ചെറിഞ്ഞ കുട്ടികൾക്ക് പുതുജീവൻ!
നോയിഡ: മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നോയിഡയിൽ. രണ്ടാനച്ഛൻ 10 അടി താഴ്ചയുള്ള അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞ പിഞ്ചുകുട്ടികൾക്ക് രക്ഷകരായത് രണ്ട് ഡെലിവറി ഏജൻ്റുമാർ. ഡെലിവറി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കൾ കുട്ടികളുടെ നിലവിളി കേട്ട് നടത്തിയ സാഹസിക ഇടപെടലാണ് രണ്ട് ജീവനുകൾ രക്ഷിച്ചത്.
നോയിഡ സെക്ടർ 137-ലെ പരസ് ടിയറ സൊസൈറ്റിക്ക് സമീപം ചൊവ്വാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. 10 അടി താഴ്ചയിൽ, ചെളിനിറഞ്ഞ വെള്ളക്കെട്ടിൽ കുടുങ്ങിക്കിടക്കുകയായിരുന്ന നാല് വയസ്സുള്ള പെൺകുട്ടിയേയും അവളുടെ രണ്ടര വയസ്സുള്ള സഹോദരനെയുമാണ് യുവാക്കൾ രക്ഷിച്ചത്.
അവസാന ഡെലിവറിയും കഴിഞ്ഞ് മടങ്ങുമ്പോൾ
സംഭവത്തെക്കുറിച്ച് പൊലിസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെയാണ് സെപ്‌റ്റോ (Zepto) ഡെലിവറി എക്‌സിക്യൂട്ടീവുകളായ സോംവീർ സിംഗ്, ദീൻവാന്ദു എന്നിവർ അന്നത്തെ അവസാന ഡെലിവറിയും കഴിഞ്ഞ് മടങ്ങുകയായിരുന്നു. ചൗഹാൻ മാർക്കറ്റ് ടി-പോയിന്റിന് സമീപത്തെ അഴുക്കുചാലിനടുത്ത് എത്തിയപ്പോൾ അവ്യക്തമായ ചില ശബ്ദങ്ങളും കുട്ടികളുടെ നിലവിളിയും അവർ കേട്ടു.
അപകടം മണത്ത ഇരുവരും അടുത്തേക്ക് നീങ്ങിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. മൂന്ന് മീറ്ററോളം താഴ്ചയുള്ള അഴുക്കുചാലിലെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ രണ്ട് കുട്ടികൾ ഭയന്ന് വിറച്ച് ചെളിയിൽ താഴ്ന്നുപോകാതിരിക്കാൻ പാടുപെടുന്നു. ഒട്ടും വൈകാതെ മറ്റൊന്നും ആലോചിക്കാതെ യുവാക്കൾ രണ്ടുപേരും അഴുക്കുചാലിലേക്ക് ചാടിയിറങ്ങി കുട്ടികളെ രക്ഷപ്പെടുത്തി.
'അച്ഛനാണ് തള്ളിയിട്ടത്'
സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം കുട്ടികളോട് യുവാക്കൾ സൗമ്യമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തങ്ങളുടെ അച്ഛനായ ആശിഷ് ആണ് അഴുക്കുചാലിലേക്ക് തള്ളിയിട്ടതെന്ന് പെൺകുട്ടി പറഞ്ഞു.ഉടൻ തന്നെ യുവാക്കൾ അയൽപക്കക്കാരെ വിവരമറിയിക്കുകയും അവരുടെ സഹായത്തോടെ കുട്ടികളെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് പൊലിസിൽ പരാതി നൽകി.
കുട്ടികളുടെ അമ്മ അടുത്തുണ്ടാവാതിരുന്ന തക്കം നോക്കിയാണ് 22 വയസ്സുകാരനായ രണ്ടാനച്ഛൻ ആശിഷ് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് പൊലിസ് പറയുന്നത്. സംഭവത്തിന് പിന്നാലെ പൊലിസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കുട്ടികൾ ഇപ്പോഴും ആശുപത്രിയിൽ മെഡിക്കൽ നിരീക്ഷണത്തിലാണ്.
സമയോചിതമായി ഇടപെടുകയും ജീവൻ രക്ഷിക്കുകയും ചെയ്ത സോംവീർ സിങ്ങിൻ്റെയും ദീൻവാന്ദുവിൻ്റെയും ധീരമായ പ്രവർത്തിയെ അഭിനന്ദിക്കുകയാണ് നാട്ടുകാരും പൊലിസും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."