20 ശത്രു സൈനികര്‍ വളഞ്ഞിട്ടും കീഴടങ്ങാതെ തനിച്ച് പോരാടി; ശഹീദ് ഗുലാം മുഹമ്മദിന്റെ വീരസ്മരണ പുതുക്കി രാജ്യം | Shaheed Ghulam Mohammad Khan
ന്യൂഡല്‍ഹി: കാര്‍ഗില്‍ വിജയ് ദിവസിന്റെ 26ാം വാര്‍ഷികത്തില്‍ ധീരസൈനികന്‍ ലാന്‍സ് നായിക് ഗുലാം മുഹമ്മദ് ഖാന്റെ സ്മരണപുതുക്കി രാജ്യം. കാര്‍ഗില്‍ യുദ്ധവീരന്മാരുടെ ത്യാഗങ്ങളെ ആദരിക്കുന്നതിനായി കരസേനാംഗങ്ങള്‍ സംഘടിപ്പിച്ച പ്രത്യേക പ്രചാരണത്തിന്റെ ഭാഗമായി സൈന്യം അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിച്ചു. ചടങ്ങില്‍ ഗുലാം മുഹമ്മദ് ഖാന്റെ കുടുംബത്തിന് പരമോന്നത ത്യാഗത്തെ അനുസ്മരിപ്പിക്കുന്ന സ്മരണികയും നന്ദിപ്രകടന കത്തും സമ്മാനിച്ചു.
പാക് സൈനികര്‍ കൂട്ടത്തോടെ ആക്രമിക്കാന്‍ വന്നെങ്കിലും തനിച്ച് ശത്രുസൈന്യത്തെ നേരിട്ട ശേഷമാണ് ഗുലാം മുഹമ്മദ് ഖാന്‍ ധീരരക്തസാക്ഷിയായത്. ധീരതക്ക് മുന്നില്‍ ആദരവ് അര്‍പ്പിച്ച് മരണാനന്തരം രാജ്യം അദ്ദേഹത്തെ വീര്‍ചക്ര നല്‍കി ആദരിച്ചു. 1973 ഫെബ്രുവരി ഒന്നിന് ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ നമ്പാല്‍ ഗ്രാമത്തിലാണ് ഗുലാം മുഹമ്മദ് ഖാന്‍ ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്ന അദ്ദേഹം, സൈനികനാകണമെന്ന് സ്വപ്‌നം കാണുകയും യുവത്വത്തിന്റെ തുടക്കത്തില്‍ തന്നെ സ്വപ്‌നം നേടിയെടുക്കുകയുമായിരുന്നു. 1991 ല്‍ തന്റെ 18ാംവയസ്സില്‍ അദ്ദേഹം ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി (ജെ.കെ- എല്‍.ഐ) റെജിമെന്റില്‍ ചേര്‍ന്നു. റെജിമെന്റിലെ കഠിന പരിശീലനത്തിന് ശേഷം 12ാം ബറ്റാലിയനിലേക്ക് അദ്ദേഹത്തെ നിയമിച്ചു. റെജിമെന്റിന്റെ മറ്റ് വിഭാഗങ്ങളെപ്പോലെ ധീരതയ്ക്ക് പേരുകേട്ട വിഭാഗത്തില്‍ തന്നെയായിരുന്നു ഗുലാം മുഹമ്മദും ചേര്‍ന്നത്. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലും പ്രതികൂല സാഹചര്യങ്ങളിലും ഭീകരര്‍ക്കെതിരെയും ശത്രു സൈനികര്‍ക്കെതിരെയും പോരാടുകയായിരുന്നു ഇവരുടെ ഉത്തരവാദിത്വം.
1999ലെ കാര്‍ഗില്‍ യുദ്ധസമയത്ത് പന്ത്രണ്ടാം ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രിയുടെ ഭാഗമായിരുന്നു അദ്ദേഹം. 1999 ജൂണ്‍ ഏഴിന് ആല്‍ഫ കമ്പനിയിലെ അംഗമായ ഗുലാം മുഹമ്മദ് ഖാന്‍ പോയിന്റ് 5203ല്‍ നിലയുറപ്പിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി പാക് ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ നാലുമണിയോടെ പൊടുന്നനെ ഈ ഭാഗത്തേക്ക് 20 ശത്രുസൈനികര്‍ ആക്രമിക്കുകയായിരുന്നു. ശത്രുക്കളുടെ ആക്രമണത്തില്‍ എട്ട് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചെങ്കിലും തന്റെ കൈവശമുണ്ടായിരുന്ന റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ച് അദ്ദേഹം തനിച്ച് പോരാടി. മൂന്ന് പാക് സൈനികരെ വകവരുത്തുകയുംചെയ്തു. ഒന്നിലധികം തവണ വെടിയേറ്റതോടെ ഖാനും കീഴടങ്ങുകയും വീരമൃത്യുവരിക്കുകയുമായിരുന്നു.
ഇന്ത്യയുടെ യുദ്ധചരിത്രത്തില്‍ ഗുലാം മുഹമ്മദ് ഖാന്റെ പേര് എന്നെന്നും നിലനില്‍ക്കുമെന്ന് ഇന്ത്യന്‍ സൈന്യം പറഞ്ഞു. സൈന്യത്തിന്റെ ധീരമായ പോരാട്ടം സ്മരിക്കുന്നതിന് വേണ്ടി ജൂലൈ 26നാണ് ഓരോ വര്‍ഷവും രാജ്യം കാര്‍ഗില്‍ വിജയ് ദിവസ് ആചരിക്കുന്നത്.
On the 26th anniversary of Kargil Vijay Diwas, the Indian Army paid rich tributes to Lance Naik Ghulam Mohammad Khan, Vir Chakra (Posthumous), a brave soldier of the 12th Jammu & Kashmir Light Infantry who laid down his life for the nation. Khan was a resident of Baramulla.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."