കുട്ടിയെ തെരുവുനായ കടിച്ച സംഭവം: നായക്ക് പേവിഷബാധയുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്
കോഡൂര്‍: കഴിഞ്ഞദിവസം പിഞ്ചുകുട്ടിയെ കടിച്ച തെരുവുനായക്ക് പേവിഷബാധയുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് വീടിനകത്ത് കിടക്കുകയായിരുന്ന ചെമ്മങ്കടവിലെ പട്ടര്‍കടവന്‍ റിയാദിന്റെ മകള്‍ ഒരുവയസായ ഇഷയെ തെരുവുനായ കടിച്ച് മാരകമായി പരുക്കേല്പിച്ചത്. ഇതിനെത്തുടര്‍ന്ന് നാട്ടുകാര്‍ തല്ലിക്കൊന്ന നായയെ തൃശൂരിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ കണ്ടെത്തിയത്.
അതേസമയം, ഗ്രാമപഞ്ചായത്തിലെ അതിരൂക്ഷമായ തെരുവ്നായ ശല്യം പരിഹരിക്കുന്നതിന് സംശയാസ്പദമായി കാണുന്ന നായകളെ കൊല്ലാന്‍ പ്രത്യേകാനുമതി വേണമെന്നാവശ്യവുമായി കോഡൂര്‍ ഗ്രാമപഞ്ചയത്ത് രംഗത്തെത്തി. ഗ്രാമപഞ്ചായത്ത് ഓഫിസില്‍ ഭരണസമിതി വിളിച്ച് ചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് ആവശ്യമുയര്‍ന്നത്.
കഴിഞ്ഞ ജൂലൈയില്‍ ഗ്രാമപഞ്ചായത്തിലെ പത്തോളം പേര്‍ക്ക് നായയുടെ കടിയേറ്റിരുന്നു. പേവിഷബാധ കണ്ടെത്തിയ നായക്കൊപ്പമുള്ള മറ്റ് നായകള്‍ക്കും വിഷബാധയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ സംശയാസ്പദമായി കാണുന്ന നായകളെ കൊല്ലാന്‍ ജില്ലാഭരണകൂടം നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കടിയേറ്റ കുട്ടിയുടെ തുടര്‍ചികിത്സക്കും മറ്റുമായി കുടുംബത്തിന് സാമ്പത്തിക സഹായം അനുവദിക്കണമെന്നും യോഗം അവശ്യപ്പെട്ടു.
യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. രമാദേവി അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ കെ.എം സുബൈര്‍, എം.ടി ബഷീര്‍, സജ്ന ആമിയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ മുഹ്സിന്, ഗ്രാമപഞ്ചായത്ത് അംഗം കെ മുഹമ്മദലി, രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികളായ കെ പ്രഭാകരന് (കോണ്‍ഗ്രസ്), എ ബാബു (സി.പി.എം), കെ.ടി റബീബ് (മുസ്ലിംലീഗ്), ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. പ്രേമാനന്ദന്, വെറ്റിനറി സര്ജന് ഡോ. സൂര്യ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."