കോട്ടയം മെഡിക്കൽ കോളേജ് അപകടം; സംഭവത്തിൽ ആരോഗ്യ വകുപ്പിനടക്കം ക്ലീൻ ചിറ്റ് നൽകി ജില്ലാ കലക്ടറുടെ റിപ്പോർട്ട്
കോട്ടയം: ഗവ. മെഡിക്കൽ കോളജിലെ ശുചിമുറി കോംപ്ലക്സിൻ്റെ ഒരു ഭാഗം തകർന്നുവീണ് വീട്ടമ്മ മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിനടക്കം ക്ലീൻ ചിറ്റ് നൽകി ജില്ലാ കലക്ടറുടെ റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിൽ വീഴ്ചയുണ്ടായെന്നത് അടക്കമുള്ള ഒരു വിമർശനത്തിനും കഴമ്പില്ലെന്ന റിപ്പോർട്ടാണ് കലക്ടർ ജോൺ വി. സാമുവേൽ ആരോഗ്യ മന്തി വീണ ജോർജിന് നേരിട്ട് കൈമാറിയത്. രക്ഷാപ്രവർത്തനം നടത്താൻ വൈകിയിട്ടില്ലെന്നും മണ്ണുമാന്തി യന്ത്രം കെട്ടിടങ്ങൾക്കിടയിലൂടെ എത്തിക്കുന്നതിലെ കാലതാമസം മാത്രമാണ് ഉണ്ടായത് എന്നും റിപ്പോർട്ടിൽ പറയുന്നു. കെട്ടിടത്തിൻ്റെ ബലക്ഷയം സംബന്ധിച്ച് മൂന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അവയിൽ ഒന്നിലും ഇത് പൊളിച്ചുമാറ്റണമെന്ന് നിർദേശമില്ല. കെട്ടിടത്തിനോട് ചേർന്നുള്ള ശുചിമുറികളാണ് തകർന്നത്. ഇത് പിന്നീട് നിർമിച്ചതാണെന്നും റിപ്പോർട്ടിലുണ്ട്.
പൊതുമരാമത്ത് കെട്ടിട വിഭാഗം കൈമാറിയ രേഖകളും അപകടത്തിൻ്റെ ചിത്രങ്ങളും രേഖാചിത്രങ്ങളും സഹിതം ഇരുപതു പേജുള്ളതാണ് റിപ്പോർട്ട്. ജൂലൈ മൂന്നിനാണ് മെഡിക്കൽ കോളജിന്റെ വാർഡിലെ ഒരു ഭാഗം ഇടിഞ്ഞുവീണത്. രോഗിയായ മകൾക്ക് കൂട്ടിരിക്കാനായി ആശുപത്രിയിൽ എത്തിയ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു കെട്ടിടത്തിനടിയിൽപ്പെട്ട് മരിച്ചിരുന്നു. ജെ.സി.ബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്.
14-ാം വാർഡിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. അപകടത്തിൽ രണ്ട് പേർക്ക് ചെറിയ പരുക്കുമുണ്ടായിരുന്നു. വലിയ പ്രതിഷേധമാണ് അപകടത്തിന് പിന്നാലെ സർക്കാരിനെതിരേ ഉണ്ടായത്. സംഭവ സ്ഥലത്തെത്തിയ മന്ത്രിമാരായ വി.എൻ വാസവൻ, വീണ ജോർജ് എന്നിവരുടെ ഇടപെടലിനെ തുടർന്ന് രക്ഷാ പ്രവർത്തനം വൈകിയതാണ് ബിന്ദുവിൻ്റെ മരണത്തിലേക്ക് നയിച്ചതെന്ന ആരോപണവുമായി വൻ പ്രതിഷേധമാണ് ഉയർന്നത്. ബിന്ദുവിൻ്റെ കുടുംബവും സമാന വിമർശനവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ബിന്ദുവിന്റെ കുടുംബത്തിനെ നേരിട്ടുകണ്ട് എല്ലാ സഹായവും മന്ത്രിമാരായ വീണയും വാസവനും ഉറപ്പ് നൽകിയിരുന്നു. പിന്നാലെ ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാനും മകന് സർക്കാർ ജോലി നൽകാനും തീരുമാനമുണ്ടായി. അതേസമയം, കലക്ടറുടേത് മംഗളപത്രമെന്ന് കോൺഗ്രസ് പ്രതികരിച്ചു. വീഴ്ചയില്ലെങ്കിൽ എങ്ങനെയാണ് ബിന്ദു മരിച്ചതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."