വിമാനത്താവളത്തില്‍വച്ച് ഉമ്മയുടെ യാത്ര അകാരണമായി തടഞ്ഞു, എയര്‍ ഇന്ത്യ എക്‌സ്പ്രസിനെതിരേ ഗുരുതര ആരോപണവുമായി മലയാളി യുവതി
ദുബൈ: ഉമ്മയുടെയും മകന്റെയും തിരുവനന്തപുരം - യുഎഇ യാത്ര മുടങ്ങിയെന്നും അതുവഴി സാമ്പത്തിക നഷ്ടം ഉണ്ടായെന്നും വലിയ മാനസിക പീഡനം ഏല്‍ക്കേണ്ടിവന്നുവെന്നും ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ എക്‌സ്പ്രസിനെതിരെ പരാതിയുമായി മലയാളി യുവതി. കൃത്യമായ കാരണം ബോധിപ്പിക്കാതെയുള്ള യാത്രാതടസ്സം മൂലം വന്‍ സാമ്പത്തിക നഷ്ടവും സമയനഷ്ടവും അതിലുപരി മാനസികപീഡനവുമാണ് തനിക്ക് സംഭവിച്ചതെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ യുവതി ചൂണ്ടിക്കാട്ടി.
ദുബൈയില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിയില്‍ മാനേജരായി ജോലിചെയ്യുന്ന തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനി ജാസിന്‍ മുബാറക്കാണ് പരാതിക്കാരി. ഈ മാസം ഒന്നിനാണ് പരാതിക്കാസ്പദമായ ദുരനുഭവം ഉണ്ടായത്.
സംഭവത്തില്‍ ജാസിന്‍ മുബാറക് പറയുന്നത് ഇപ്രകാരം:
അവധിക്ക് കുടുംബത്തോടൊപ്പം നാട്ടിലേക്ക് പോയ ജാസിന്‍ കുടുംബസമേതം തിരിച്ചുവരാനാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബുക്ക് ചെയ്തത്. വെള്ളിയാഴ് രാത്രി എട്ടരയ്ക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഐഎക്‌സ് 537ല്‍ ആണ് യാത്ര ചെയ്യേണ്ടിയിരുന്നത്.
തനിക്കും ഉമ്മ ആബിദാ ബീവിക്കും ഷാര്‍ജയിലെ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ ഫര്‍സാല്‍ നിഷാനും തിരുവനന്തപുരത്ത് നിന്ന് അബൂദബിയിലേക്കാണ് ടിക്കറ്റെടുത്തത്. എന്നാല്‍ ബോര്‍ഡിങ് പാസും എമിഗ്രേഷനും കഴിഞ്ഞ് വിമാനത്തില്‍ കയറാന്‍ കാത്തിരിക്കുമ്പോള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരി വന്ന് ആബിദാബീവിക്ക് യാത്ര ചെയ്യാന്‍ കഴിയില്ലെന്നും യുഎഇ പ്രവേശനത്തിന് അബുദാബി ഇമിഗ്രേഷനില്‍ നിയന്ത്രണമുണ്ടെന്നും അറിയിച്ചു.
എന്നാല്‍ എന്താണ് കാരണമെന്ന് ആരാഞ്ഞെങ്കിലും അതു വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് പറഞ്ഞ് ജീവനക്കാരി ഒഴിഞ്ഞുമാറി. തനിക്ക് ദുബൈയില്‍ ജോലിയാവശ്യാര്‍ത്ഥം അടിയന്തരമായി എത്തേണ്ടതുണ്ടെന്നും മകന് ഓണ്‍ലൈന്‍ ക്ലാസുണ്ടെന്നും പക്ഷേ ഉമ്മയെ തനിച്ചാക്കി യാത്ര ചെയ്യാന്‍ കഴിയില്ലെന്നും ജാസിന്‍ അവരെ അറിയിച്ചു. യാത്രാതടസ്സത്തിനുള്ള കാരണം അറിയിച്ചാല്‍ അതേ കുറിച്ച് അന്വേഷിച്ച് പ്രശ്‌നംപരിഹരിക്കാമായിരുന്നുവെന്ന് അഭ്യര്‍ഥിച്ചെങ്കിലും അതൊന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ ചെവികൊണ്ടില്ല. ഒടുവില്‍ ഉമ്മയുടെയും മകന്റെയും ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് വീട്ടിലേക്ക് തിരച്ചുപോകാന്‍ ഏര്‍പ്പാടാക്കി ജാസിന് തനിച്ച് യുഎഇയിലേക്ക് അതേ വിമാനത്തില്‍ യാത്രചെയ്യേണ്ടിവന്നു.
തുടര്‍ന്ന് അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ ജാസിന്‍ അവിടെയുള്ള ഹാപ്പിനസ് സെന്ററില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. എന്നാല്‍ ആബിദാ ബീവിയുടെ യാത്രാ തടസ്സത്തിന് ഒരു കാരണവുമില്ലെന്ന മറുപടിയാണ് അവിടെനിന്ന് കിട്ടിയത്. യാതൊരു തടസ്സവുമില്ലെന്നും വിസ ആക്ടീവാണെന്നും അവര്‍ അറിയിച്ചു. തുടര്‍ന്ന് ഉമ്മാക്ക് സന്ദര്‍ശക വിസ എടുത്തു നല്‍കിയ യുഎഇയിലെ ട്രാവല്‍ ഏജന്‍സിയെ ബന്ധപ്പെട്ടപ്പോഴും ഇതുസംബന്ധിച്ച് യാതൊരു വിവരവുമില്ലെന്ന മറുപടി കിട്ടി. ഇതുസംബന്ധിച്ച് കൂടുതല്‍തിരക്കിയപ്പോഴും പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ല.
പിന്നീട് ദുബായ് ഇമിഗ്രേഷനില്‍ പരാതിപ്പെട്ടപ്പോഴും ആബിദാബീവിയുടെ വിസ ആക്ടീവാണെന്ന സന്ദേശമാണ് കണ്ടത്. ഷാര്‍ജ എമിഗ്രേഷനില്‍ അന്വേഷിച്ചപ്പോഴും ഇതേ മറുപടി കിട്ടി. ഇതോടെ ഇന്നലെ വീണ്ടും അബുദാബി വിമാനത്താവളത്തില്‍ ചെന്ന് ഇമിഗ്രേഷനില്‍ അന്വേഷിച്ചപ്പോഴും വിസ ആക്ടീവാണെന്നും മാതാവിന് യാത്ര ചെയ്യാമെന്നും അറിയിച്ചു. യുഎഇയില്‍ ഇമിഗ്രേഷന്‍ പ്രശ്‌നങ്ങള്‍ എല്ലാ എമിറേറ്റിലും കാണാനാകുമെന്നും അതുകൊണ്ട് എവിടെയും പ്രശ്‌നമില്ലെന്നും സെക്യൂരിറ്റി വിഭാഗവും അറിയിച്ചു. ഭാവിയില്‍ യാത്രാ തടസ്സമുണ്ടാകാതിരിക്കാന്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ക്ക് ഇമെയിലയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ലെന്ന് ജാസിന്‍ പറഞ്ഞു.
മാതാവ് ആബിദാബീവിയുടെയും മകന്‍ ഫര്‍സാല്‍ നിഷാന്റെയും വിമാന ടിക്കറ്റ് റദ്ദാക്കിയതിന്റെ ഭാഗമായി 34,000 രൂപയും ഇരുവര്‍ക്കും വീണ്ടും യുഎഇയിലേക്ക് വരാനായി 57,000 രൂപയും ഉള്‍പ്പെടെ 91,000 രൂപ നഷ്ടമായതായി ജാസിന്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഞാനും ഉമ്മയും മകനും അനുഭവിച്ച മാനസികപ്രയാസങ്ങളും ജോലിയില്‍ നിന്ന് അവധിയെടുത്ത് അബുദാബിയിലേക്കടക്കം യാത്ര ചെയ്യാനെടുത്ത സമയനഷ്ടവുമെല്ലാം വലുതാണ്. ഇത്തരം അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുതെന്ന് കരുതിയാണ് എല്ലാം വെളിപ്പെടുത്തുന്നതെന്നും യുവതി പറഞ്ഞു.
പരാതി നല്‍കിയിട്ടും എയര്‍ഇന്ത്യ എക്‌സ്പ്രസില്‍നിന്ന് ഇതുവരെ മറുപടി ലഭിച്ചില്ലെന്ന് ജാസിന്‍ പറഞ്ഞു.
അതേസമയം, ആരോപണം എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിഷേധിച്ചു. യാത്ര ഏകപക്ഷീയമായി നിഷേധിച്ചു എന്ന ആരോപണം വസ്തുതാപരമായി തെറ്റാണെന്ന് എയര്‍ഇന്ത്യ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. അവര്‍ക്ക് പോകേണ്ടിയിരുന്ന രാജ്യത്തിന്റെ അതിര്‍ത്തി നിയന്ത്രണ അതോറിറ്റിയാണ് പ്രവേശനം നിഷേധിക്കുന്നത്. അങ്ങനെ ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എയര്‍ലൈനുകള്‍ ബാധ്യസ്ഥരാണ്. അതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്- വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ പിന്നീടുള്ള നാടുകടത്തലിനും പിഴക്കും (deportation and penal-tise) കാരണമാവുമായിരുന്നു. ഒരു രാജ്യത്തിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് യാതൊരു പങ്കുമില്ലെന്നും വക്താവ് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."