ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറിന് യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതി
അബൂദബി: യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് II ഫസ്റ്റ് ക്ലാസ് നൽകി ആദരിച്ചു. സെപ്റ്റംബർ 17 ബുധനാഴ്ച അബൂദബിയിൽ വെച്ച് നടന്ന ചടങ്ങിൽ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനാണ് ബഹുമതി സമ്മാനിച്ചത്. ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്തിയതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മുന്നോട്ട് കൊണ്ടുപോയതിനും സുധീർ നൽകിയ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ഏകീകരിക്കുന്നതിൽ അദ്ദേഹം നടത്തിയ ശ്രമങ്ങളെ ഷെയ്ഖ് അബ്ദുല്ല ചൂണ്ടിക്കാട്ടി. ഷെയ്ഖ് മുഹമ്മദിന്റെ നേതൃത്വത്തിനും ഇമാറാത്തി സ്ഥാപനങ്ങൾ നൽകിയ പിന്തുണയ്ക്കും സഞ്ജയ് സുധീർ നന്ദി പറഞ്ഞു. വ്യാപാരം, നിക്ഷേപം, ഊർജ്ജം, സാംസ്കാരിക വിനിമയം എന്നീ മേഖലകളിലെ സഹകരണം വിപുലീകരിക്കാൻ ഈ സഹകരണം സഹായിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
1993 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനായ സുധീർ, ഇന്റർനാഷണൽ റിന്യൂവബിൾ എനർജി ഏജൻസിയിൽ (ഐറീന) ഇന്ത്യയുടെ സ്ഥിരം പ്രതിനിധി കൂടിയാണ്. 2021 ൽ യുഎഇയിലെ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റ അദ്ദേഹം ഈ മാസം അവസാനം നയതന്ത്ര സേവനത്തിൽ നിന്ന് വിരമിക്കും.
1998 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ ഡോ. ദീപക് മിത്തൽ അദ്ദേഹത്തിന് പകരക്കാരനായി നിയമിതനാകും. നിലവിൽ ഡോ. ദീപക് മിത്തൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."