ഇസ്റാഈലി തടവുകാരുടെ 'ഫെയർവെൽ ചിത്രം' പോസ്റ്റ് ചെയ്ത് ഹമാസ്; നിഗൂഢമായി 'റോൺ അരദ്'
ഗസ്സ: ഗസ്സയിലെ ഇസ്റാഈലിന്റെ ക്രൂരമായ ആക്രമണം സകല സീമയും വിട്ടുകൊണ്ടിരിക്കെ ഗസ്സയിൽ തടവിലാക്കപ്പെട്ട 47 ഇസ്റാഈലി ബന്ദികളുടെ "ഫെയർവെൽ ചിത്രം" പോസ്റ്റ് ചെയ്ത് ഹമാസിന്റെ സായുധ വിഭാഗം. ഹമാസ് തന്നെയാണ് ചിത്രത്തെ ഫെയർ വെൽ ചിത്രം എന്ന് വിശേഷിപ്പിച്ചത്.
ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ഫോട്ടോകൾ ഉൾക്കൊള്ളുന്ന ചിത്രമാണ് ഖസ്സാം ബ്രിഗേഡ് ഓൺലൈനിൽ പോസ്റ്റ് ചെയ്തത്. ചിത്രത്തിലെ ഓരോരുത്തരുടെയും ഫോട്ടോയ്ക്ക് താഴെ "റോൺ അരദ്" എന്ന അടിക്കുറിപ്പ് ഉണ്ടായിരുന്നു. 1986-ൽ അമൽ പ്രസ്ഥാനം പിടികൂടി ഹിസ്ബുള്ളയ്‍ക്ക് കൈമാറിയ ശേഷം ലെബനനിൽ കാണാതായ ഇസ്റാഈലി വ്യോമസേനാ ക്യാപ്റ്റനാണ് റോൺ അരദ്. റോൺ അരദ് തടവിൽ വെച്ച് മരിച്ചുവെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. പക്ഷേ റോൺ അരദിന് എന്ത് സംഭവിച്ചു എന്നത് ഇന്നും അവ്യക്തമായി തുടരുകയാണ്.
2024 ജനുവരി മുതൽ മാർച്ച് വരെയുള്ള വെടിനിർത്തൽ സമയത്ത് ഹമാസ് 30 ബന്ദികളെ വിട്ടയച്ചിരുന്നു. 20 ഇസ്റാഈലി പൗരന്മാരേയും അഞ്ച് സൈനികരേയും അഞ്ച് തായ് പൗരന്മാരേയുമാണ് അന്ന് ഹമാസ് വിട്ടയച്ചത്.
ഹമാസുമായുള്ള വെടിനിർത്തൽ കരാറിൽ എത്താൻ ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിസമ്മതിക്കുന്നതും ഗസ്സ സിറ്റിയിൽ സൈനിക പ്രവർത്തനങ്ങൾ വിപുലീകരിക്കാനുള്ള സൈനിക മേധാവി ഇയാൽ സമീറിന്റെ തീരുമാനവുമാണ് ഇതിന് കാരണമെന്ന് ഹമാസ് പുറത്തിറക്കിയ ചിത്രത്തിൽ പറയുന്നു. ഗസ്സ കീഴടക്കാനുള്ള പദ്ധതികളെക്കുറിച്ചുള്ള ആഭ്യന്തര എതിർപ്പുകൾക്കിടയിലും ഇയാൽ സമീർ കര, വ്യോമ ആക്രമണങ്ങളുമായി മുന്നോട്ട് പോകുമ്പോൾ, നെതന്യാഹു ഹമാസുമായുള്ള ചർച്ചകൾ നിരന്തരം നിരസിച്ചിരുന്നു.
ഇസ്റാഈൽ അധികാരികളുടെ കണക്കനുസരിച്ച് ഏകദേശം 20 തടവുകാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ സംഖ്യ കുറവായിരിക്കാമെന്ന് അഭിപ്രായപ്പെട്ടു. ഹമാസിനെ നശിപ്പിക്കാൻ പ്രതിജ്ഞയെടുക്കുമ്പോൾ തന്നെ ജീവിച്ചിരിക്കുന്നതും മരിച്ചതുമായ എല്ലാ തടവുകാരെയും തിരികെ കൊണ്ടുവരുമെന്ന് ഇരു നേതാക്കളും പ്രതിജ്ഞയെടുത്തിരുന്നു. എന്നിരുന്നാലും, ഇസ്റാഈലി ആക്രമണങ്ങൾ തീവ്രമാകുന്നത് തടവുകാരുടെ ജീവൻ അപകടത്തിലാക്കുമെന്ന് ഹമാസ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചിലർ ഇതിനകം തന്നെ ഇസ്റാഈൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു.
ഇസ്റാഈലിലുടനീളം പുതിയ ബഹുജന പ്രകടനങ്ങൾ സംഭവിക്കാൻ ഇടയുണ്ട്. ഇതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് ഹമാസിന്റെ ഫെയർ വെൽ ചിത്രം പുറത്തുവന്നത്. ലക്ഷക്കണക്കിന് ആളുകൾ ടെൽ അവീവിലും മറ്റ് നഗരങ്ങളിലും റാലി നടത്താൻ പദ്ധതിയിടുന്നുണ്ട്. ഗസ്സയിലെ നരനായാട്ട് അവസാനിപ്പിക്കുന്നതിനും ബന്ദികളുടെ തിരിച്ചുവരവ് ഉറപ്പാക്കുന്നതിനും അടിയന്തരവും സമഗ്രവുമായ ഒരു കരാർ വേണമെന്ന് ബന്ദികളുടെ കുടുംബങ്ങളും പ്രതിഷേധക്കാരും ആവശ്യപ്പെട്ടുവരികയാണ്.
hamas has released a 'farewell photo' of israeli prisoners.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."