അമൃതാനന്ദമയിക്ക് ആദരം; വിമർശന കുരുക്കിൽ സർക്കാർ
കൊല്ലം: അമൃതാനന്ദമയിയെ ആദരിച്ച് സർക്കാർ വിമർശന കുരുക്കിൽ. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് മന്ത്രിമാരും മുഖ്യമന്ത്രിയും അമൃതാനന്ദമയി മഠം സന്ദർശിക്കുന്നതിനെ ഇടതുപക്ഷം ശക്തമായി വിമർശിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഇടതുമുന്നണി നേതൃത്വം കൊടുക്കുന്ന സർക്കാർ തന്നെ അമൃതാനന്ദമയിയെ ആദരിച്ചു. മാത്രമല്ല, സി.പി.എം മന്ത്രിയായ സജിചെറിയാൻ അമൃതാനന്ദമയിയെ ചേർത്തുപിടിച്ച് ആശ്ലേഷിച്ച് നെറുകയിൽ ചുംബിക്കുകയും ചെയ്തു.
സർക്കാർ ഔദ്യോഗികമായി ആദരിച്ചതിൽ ഘടകകക്ഷിയായ സി.പി.ഐ മാത്രമല്ല, സി.പി.എമ്മിലെ മുതിർന്ന നേതാക്കൾ വരെ അതൃപ്തി സി.പി.എം സംസ്ഥാന സെക്രട്ടറിയെ അറിയിച്ചു. ജനറൽ സെക്രട്ടറി എം.എ ബേബിയെയും സി.പി.എമ്മിലെ മുതിർന്ന നേതാക്കൾ അതൃപ്തി അറിയിച്ചു. ഇടതുമുന്നണിയുടെ വിമർശനപട്ടികയിൽ ഒന്നാമതുള്ള അമൃതാനന്ദമയിയെ ആദരിച്ചതിൽ പ്രാദേശികമായും സി.പിഎമ്മിൽ എതിർപ്പുണ്ട്. ബി.ജെ.പിയുടെ കേന്ദ്രമായ മഠത്തിൽ പരിപാടിക്ക് പോകുന്നതിനുപോലും സി.പി.എം നേതാക്കൾക്ക് വിലക്കുണ്ടായിരുന്നു.
ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ ലോകത്തെ അഭിസംബോധന ചെയ്ത് മലയാളത്തിൽ പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷ വേളയിലാണ് അമൃതാനന്ദമയിയെ സംസ്ഥാന സർക്കാർ ആദരിച്ചത്. അമൃതപുരി കാംപസിലാണ് ചടങ്ങ് നടന്നത്. അമൃതാനന്ദമയിയുടെ 72ാം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
മാതൃഭാഷയ്ക്ക് ശക്തമായ സന്ദേശമാണ് അമൃതാനന്ദമയി നൽകിയതെന്ന് പറഞ്ഞ സജി ചെറിയാൻ, അമൃതാനന്ദമയിയോടൊപ്പമുള്ള ചിത്രങ്ങളെടുക്കാനായി പോസ് ചെയ്യുകയും ചെയ്തു. എം.എൽ.എമാരായ സി.ആർ മഹേഷ്, ഉമ തോമസ് എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു. എന്നാൽ, ചടങ്ങിൽ ജില്ലയിലെ സി.പി.എം മന്ത്രിയായ ബാലഗോപാലോ ഘടകകക്ഷി മന്ത്രിയായ ഗണേഷ് കുമാറോ ജില്ലയിലെ സി.പി.എം എം.എൽ.എമാരോ പങ്കെടുത്തിരുന്നില്ല. ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിലെ മന്ത്രിയുടെ പ്രവൃത്തി തെറ്റായ സന്ദേശമാണ് നൽകുന്നതെന്നാണ് വിമർശനം. അതിനിടെ, പരോക്ഷമായി പരിഹസിച്ച് മുതിർന്ന സി.പി.എം നേതാവ് പി. ജയരാജന്റെ മകൻ ജെയ്ൻ രാജ് ഫേസ്ബുക്ക് പോസ്റ്റിട്ടു. 'വല്യ ഡെക്കറേഷൻ ഒന്നും വേണ്ട സുധാമണി' എന്നാണ് ജെയ്ൻ ഫേസ്ബുക്കിൽ കുറിച്ചത്. അമൃതാനന്ദമയിയുടെ ആദ്യകാല പേര് സുധാമണി എന്നായിരുന്നു.
അതേസമയം, അമൃതാനന്ദമയിയുടെ 72ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി അമൃതവർഷം 72 പരിപാടിക്ക് തുടക്കം കുറിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, വി. മുരളീധരൻ, വെള്ളാപ്പള്ളി നടേശൻ, കുമ്മനം രാജശേഖരൻ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ആതുര സേവനം, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളിലെ അമൃതാനന്ദമയിയുടെ പ്രയത്നം വലുതാണെന്ന് ജെ.പി നദ്ദ ചൂണ്ടിക്കാട്ടി. അമൃത ആശുപത്രികളിൽ നടത്താൻ പോകുന്ന സൗജന്യ ശാസ്ത്രക്രിയകളുടെ പ്രഖ്യാപനം, നിർധനർക്ക് 6000 ശൗചാലയങ്ങൾ നിർമിച്ച് നൽകുന്നതിന്റെ പ്രഖ്യാപനം എന്നിവയും ചടങ്ങിൽ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."