പെലാജിക്ക് വല ഉപയോഗിച്ച ബോട്ടുകള്‍ തടഞ്ഞു
മട്ടാഞ്ചേരി: നിരോധിത പെലാജിക്ക് വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ട്രോളിങ് ബോട്ടുകള്‍ തീരക്കടലില്‍ തൊഴിലാളികള്‍ തടഞ്ഞു. ഇന്നലെ രാവിലെയാണ് സ്വതന്ത്ര മത്സ്യത്തൊഴിലാളി സെന്റര്‍ സംസ്ഥാന പ്രസിഡന്റ് ലാല്‍ കോയിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ നിയമ വിരുദ്ധമായി മത്സ്യബന്ധനത്തിലേര്‍പ്പെട്ട ബോട്ടുകള്‍ തൊഴിലാളികള്‍ തടഞ്ഞത്. കൊച്ചി അഴിമുഖത്ത് നിന്ന് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ടുകളെയാണ് തടഞ്ഞത്. ഇതില്‍ രണ്ട് ബോട്ടുകള്‍ തൊഴിലാളികള്‍ പിടിച്ചെടുത്ത് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിനെ ഏല്‍പ്പിച്ചു.
നിയമ വിരുദ്ധമായി മത്സ്യബന്ധനം നടത്തുന്ന ഇതര സംസ്ഥാന ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള ട്രോളിങ് ബോട്ടുകള്‍ തടയുമെന്നും വല പിടിച്ചെടുക്കുമെന്നും കഴിഞ്ഞ ദിവസം സ്വതന്ത്ര മത്സ്യത്തൊഴിലാളി സെന്റര്‍ ഭാരവാഹികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ ബോട്ടുകള്‍ തടഞ്ഞത്. നടപടിയെടുക്കേണ്ട മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ അനങ്ങാതായതോടെയാണ് തൊഴിലാളികള്‍ രംഗത്തിറങ്ങിയത്.
വിന്‍ സ്റ്റാര്‍, ജോസഫ് സ്റ്റാലിന്‍ എന്നീ ബോട്ടുകളും ഇതിലെ വലകളുമാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.ലൈസന്‍സോ രജിസ്‌ട്രേഷനോയില്ലാത്ത ബോട്ടുകള്‍ അനധികൃത വലകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുകയായിരുന്നുവെന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ വ്യക്തമാക്കി. പിടിച്ചെടുത്ത വലകള്‍ പിന്നീട് തോപ്പുംപടി ഫിഷറീസ് ഹാര്‍ബറിലേക്ക് മാറ്റി.
പെലാജിക്ക് വലയുമായി മത്സബന്ധനം നടത്തുന്നത് മൂലം പരമ്പരാഗത വിഭാഗത്തിന് മത്സ്യം ലഭിക്കാത്ത അവസ്ഥയാണെന്നും മത്സ്യ മേഖലയെ ഇത് നശിപ്പിക്കുമെന്നും തൊഴിലാളികള്‍ പറയുന്നു. കേരളത്തിലെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ നിരോധിച്ചിട്ടുള്ള പെരുവല പിടിച്ചെടുക്കാന്‍ വ്യഗ്രത കാണിക്കുന്ന ഫിഷറീസ് ഉദ്യോഗസ്ഥര്‍ ട്രോള്‍ ബോട്ടുകളുടെ അഴിഞ്ഞാട്ടം കണ്ടില്ലന്ന് നടിക്കുകയാണ്.
ജില്ലയില്‍ പെലാജിക്ക് വല ഉപയോഗിച്ച് പിടിക്കുന്ന മത്സ്യം വിപണനത്തിനായി എത്തിക്കുന്നത് മുനമ്പം,വൈപ്പിന്‍,തോപ്പുംപടി ഹാര്‍ബറുകളിലാണ്. ഇത്തരം മത്സ്യം വിപണനം ചെയ്യാന്‍ അനുവദിക്കുന്നതിലൂടെ നിയമം ലംഘിക്കാന്‍ അധികൃതര്‍ ഒത്താശ ചെയ്യുകയാണെന്നും പരമ്പരാഗത വിഭാഗം ആരോപിക്കുന്നു. മൂവായിരത്തോളം ട്രോള്‍ ബോട്ടുകളാണ് നിരോധിത പെലാജിക്ക് വലകള്‍ ഉപയോഗിക്കുന്നത്. ചെറു മീനുകളെവരെ കോരിയെടുക്കുന്ന ഇത്തരം വലകള്‍ മത്സ്യ സമ്പത്തിനെ നശിപ്പിക്കും. ഒരു പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവ് തന്നെ ഇങ്ങനെ ലഭിക്കുന്ന ചെറുമീനുകളെ കയറ്റി അയക്കുന്ന ഏജന്റാണെന്ന് ലാല്‍ കോയിപ്പറമ്പില്‍ പറഞ്ഞു.
വരും ദിവസങ്ങളിലും നിരോധിത പെലാജിക്ക് വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന ട്രോളിങ് ബോട്ടുകളെ തടയുവാനാണ് സ്വതന്ത്ര മത്സ്യതൊഴിലാളി സെന്ററിന്റെ തീരുമാനം. ഇത് തീരക്കടലില്‍ സംഘര്‍ഷത്തിന് വഴി വെച്ചേക്കുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."