The Supreme Court has indicated that the investigation into the increasing cases of digital arrest fraud in the country may be handed over to the CBI.
HOME
DETAILS
MAL
ഡിജിറ്റൽ തട്ടിപ്പ് കേസുകൾ സി.ബി.ഐക്ക് വിടുമെന്ന് സുപ്രിംകോടതി; സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നോട്ടിസ്
October 28, 2025 | 2:35 AM
ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസുകളുടെ അന്വേഷണം സി.ബി.ഐക്ക് കൈമാറിയേക്കുമെന്ന സൂചന നൽകി സുപ്രിംകോടതി. വിഷയത്തിൽ കോടതി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നോട്ടിസ് അയച്ചു. അതത് സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ രജിസ്‌റ്റർ ചെയ്‌ത എഫ്.ഐ.ആറുകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചത്. ഡിജിറ്റൽ തട്ടിപ്പുകൾ തടയാനെടുത്ത നടപടികൾ അറിയിക്കാനും കോടതി നിർദേശിച്ചു.
ഹരിയാനയിലെ അംബാല സ്വദേശിനിയായ 73കാരി ചീഫ് ജസ്‌റ്റിസ് ബി.ആർ ഗവായ്‌ക്ക് നൽകിയ പരാതിയിൽ സ്വേമധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. സെപ്‌റ്റംബർ ഒന്നിനും 16നും ഇടയിൽ പരാതിക്കാരിയിൽ നിന്ന് ഒരു കോടിയിലധികം രൂപയാണ് സൈബർ തട്ടിപ്പുകാർ കവർന്നത്. സൈബർ തട്ടിപ്പ് കേസുകളിൽ ഒരു കേന്ദ്രീകൃത അന്വേഷണ ഏജൻസിയുടെ ഇടപെടൽ ആവശ്യമാണെന്നായിരുന്നു കോടതി നിരീക്ഷണം.
രാജ്യത്തുടനീളം നടക്കുന്ന ഡിജിറ്റൽ അറസ്‌റ്റ് കുറ്റകൃത്യങ്ങളുടെ വ്യാപ്‌തി കണക്കിലെടുത്ത് ഇത്തരം കേസുകളിലെ അന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കാൻ ഒരുങ്ങുന്നതായി വ്യക്തമാക്കിയ കോടതി, കേസുകൾ അന്വേഷിക്കുന്നതിനുള്ള പദ്ധതി തയാറാക്കാൻ സി.ബി.ഐയോട് നിർദേശിച്ചിട്ടുണ്ട്. എന്നാൽ വിഷയത്തിൽ സംസ്ഥാനങ്ങളുടെ വാദം കേൾക്കാതെ ഒരു നിർദേശവും പുറത്തിറക്കില്ലെന്നും കോടതി വ്യക്തമാക്കി.
കേസിന്റെ സ്വഭാവം കണക്കിലെടുത്ത് കേന്ദ്ര ഏജൻസിക്ക് കൈമാറുന്നതിൽ എതിർപ്പില്ലെന്ന് ഹരിയാന കോടതിയെ അറിയിച്ചു. ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്‌ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സൈബർ കുറ്റകൃത്യങ്ങളുടെയും ഡിജിറ്റൽ അറസ്‌റ്റ് കേസുകളുടെയും ഉദ്ഭവം മ്യാൻമർ, തായ്‌ലൻഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിലാണെന്ന് സി.ബി.ഐക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. സൈബർ തട്ടിപ്പ് സംബന്ധിച്ച ചില കേസുകൾ നിലവിൽ സി.ബി.ഐ കൈകാര്യം ചെയ്യുന്നുണ്ടെന്നും മേത്ത വ്യക്തമാക്കി.
രാജ്യത്തെ ഡിജിറ്റൽ കുറ്റകൃത്യങ്ങളുടെ എണ്ണം 2022- 2024 കാലയളവിൽ ഇരട്ടി ആയതായി മാർച്ചിൽ കേന്ദ്ര സർക്കാർ പാർലമെൻ്റിനെ അറിയിച്ചിരുന്നു. 2025ലെ ആദ്യ രണ്ടു മാസങ്ങളിൽ മാത്രം 17,728 സൈബർ തട്ടിപ്പ് കേസുകളിലായി 210.21 കോടി രൂപ കവർന്നതായാണ് റിപോർട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."