അപകടയാത്ര
കൊളച്ചേരി: കരിങ്കല്‍കുഴി, നണിയൂര്‍ കനാല്‍ പാലം അപകടാവസ്ഥയില്‍. ഗതാഗതം നിരോധിച്ചുള്ള ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മുന്നറിയിപ്പ് വകവയ്ക്കാതെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പാലത്തിന്റെ കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് വിള്ളല്‍ വീഴുകയും ടാറിങ് ഇളകി നിരവധി കുഴികള്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. കൈവരികള്‍ തകര്‍ന്ന് കമ്പികള്‍ പുറത്തുവന്നു. പാലത്തിന്റെ ഇരുവശത്തുമുള്ള അപ്രോച്ച് റോഡും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. മൂന്ന് പതിറ്റാണ്ട് മുന്‍പ് ആരംഭിച്ച പഴശ്ശി ജലസേചന പദ്ധതിയുടെ ഭാഗമായാണ് പാലം നിര്‍മിച്ചത്. നണിയൂര്‍ വഴി കടന്നുപോകുന്ന കനാലിന് കുറുകെ നിര്‍മിച്ച പാലത്തിലൂടെ കഷ്ടിച്ച് ഒരു കാറിനും ബൈക്കിനും ഒരുമിച്ച് പോകാനുള്ള വീതി മാത്രമേ ഉള്ളൂ. ചെറുവാഹനങ്ങള്‍ക്ക് മാത്രം കടന്നുപോകാന്‍ അനുമതിയുള്ള പാലത്തിലൂടെ ഭാരം കയറ്റിയ പിക്കപ്പ് വാന്‍ പോലും കടന്നുപോകുന്നുണ്ട്. ഇത് പാലത്തിന്റെ ബലക്ഷയത്തിന് കാരണമായിട്ടുണ്ട്. ഇതുവഴി വാഹന ഗതാഗതം നിരോധിച്ച് അസിസ്റ്റന്റ് എന്‍ജിനിയറാണ് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചത്.
കമ്പില്‍, കൊളച്ചേരി ഭാഗത്തു നിന്ന് പറശ്ശിനിക്കടവ്, ധര്‍മ്മശാല ഭാഗത്തേക്ക് പോകുന്ന ഭൂരിഭാഗം വാഹനങ്ങളും ഈ പാലം വഴിയാണ് കടന്നുപോകുന്നത്. കരിങ്കല്‍കുഴിയില്‍ നിന്നു പറശ്ശിനിക്കടവ് എത്താന്‍ നണിയൂര്‍ നമ്പ്രം വഴി രണ്ടര കിലോമീറ്റര്‍ സഞ്ചരിക്കുന്നതിന് പകരം പാലം വഴി ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതിയാകും.ഈ വര്‍ഷത്തെ ആക്ഷന്‍ പ്ലാനില്‍ പാലം നവീകരണം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പാലത്തിന്റെ ബലക്ഷയത്തെക്കുറിച്ചുള്ള വിദഗ്ധ പരിശോധനയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അസി.എന്‍ജിനിയര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."