പോർച്ചുഗീസ് താരം ജോട്ടയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാതിരുന്നത് ഇക്കാരണത്താൽ: ക്രിസ്റ്റ്യാനോ റൊണാൾഡോ
ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു ലിവർപൂൾ പ്ലെയറായ പോർച്ചുഗീസ് താരം ഡിയോഗോ ജോട്ടയുടെ ആകസ്മിക മരണം. എന്നാൽ, താരത്തിന്റെ സംസ്കാര ചടങ്ങിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കെടുക്കാതിരുന്നത് വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിതെളിച്ചിരുന്നു. ഈ വിഷയത്തിൽ പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിലാണ് അൽ നാസർ താരം ഇപ്പോൾ വിശദീകരണം നൽകിയിരിക്കുന്നത്.
"ഡിയോഗോ ജോട്ടയുടെ മരണവാർത്ത അറിഞ്ഞപ്പോൾ ഞാൻ ജിമ്മിലായിരുന്നു. ആദ്യം ഞാൻ അത് വിശ്വസിച്ചില്ല. ഞാൻ ഒരുപാട് കരഞ്ഞു. രാജ്യത്തിനും കുടുംബത്തിനും സുഹൃത്തുക്കൾക്കും അത് വളരെ ബുദ്ധിമുട്ടുള്ള നിമിഷമായിരുന്നു. ഡിയോഗോ ഒരു മികച്ച വ്യക്തിയായിരുന്നു, വളരെ ശാന്തനായിരുന്നു," റൊണാൾഡോ പറഞ്ഞു.
സംസ്കാര ചടങ്ങിൽ പങ്കെടുക്കാതിരുന്നത് അനാദരവ് കൊണ്ടല്ല, മറിച്ച് പ്രശസ്തി കാരണം ചടങ്ങിൽ പങ്കെടുത്താൽ ശ്രദ്ധ തന്റെ മേലാകുമെന്ന് ഭയപ്പെട്ടത് മൂലം ഇത് ഒഴിവാക്കിയതാണെന്നും റൊണാൾഡോ വ്യക്തമാക്കി.
"എൻ്റെ അച്ഛൻ മരിച്ചതിനുശേഷം ഞാൻ മറ്റൊരു ശവസംസ്കാര ചടങ്ങിനും പോയിട്ടില്ലാത്തതിനാൽ ഞാൻ അദ്ദേഹത്തിൻ്റെ ശവസംസ്കാര ചടങ്ങിന് പോയില്ല. എൻ്റെ പ്രശസ്തി കാരണം, ഞാൻ എവിടെ പോയാലും അത് ഒരു സർക്കസായി മാറും. ഞാൻ എവിടെ പോയാലും ശ്രദ്ധ മാറുന്നു, എനിക്ക് അത് വേണ്ടായിരുന്നു. ആഴത്തിലുള്ള സെൻസിറ്റിവിറ്റിയുടെ നിമിഷങ്ങളിൽ അഭിമുഖങ്ങൾ നടത്താൻ ശ്രമിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് - അത് ശരിയല്ല," റൊണാൾഡോ വിശദീകരിച്ചു.
താൻ തിരശ്ശീലയ്ക്ക് പിന്നിൽ കാര്യങ്ങൾ ചെയ്യുമെന്നും, അവിടെ പോയി എന്ന് തെളിയിക്കാൻ ക്യാമറകളുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ സീസണിൽ ലിവർപൂളിനൊപ്പം കിരീടം നേടിയ ജോട്ട, 28-ാം വയസ്സിൽ ഒരു കാർ അപകടത്തിലാണ് മരിച്ചത്. അദ്ദേഹത്തിൻ്റെ സഹോദരൻ ആൻഡ്രെ സിൽവയും അപകടത്തിൽ പെട്ടിരുന്നു.
റൊണാൾഡോയുടെ ഈ തീരുമാനം വലിയ വിവാദമായിരുന്നു. സഹാനുഭൂതി ഇല്ലാത്തതിനാലാണ് റോണാൾഡോ ഇത്തരത്തിൽ ചെയ്തതെന്നും പലരും വ്യാഖ്യാനിച്ചിരുന്നു. ജോട്ടയുടെ നിരവധി സഹതാരങ്ങൾ സംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. ലിവർപൂൾ മാനേജർ ആർനെ സ്ലോട്ട്, ക്ലബ്ബ് സഹതാരങ്ങൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സഹതാരങ്ങൾ എന്നിവർ പോർച്ചുഗലിൽ നടന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു.
ജോട്ടയുടെ സംസ്കാര ചടങ്ങ് നടക്കുന്ന സമയത്ത് സ്പാനിഷ് ദ്വീപായ മജോർക്കയിൽ അവധിക്കാലം ആഘോഷിക്കുന്ന റൊണാൾഡോയുടെ ഫോട്ടോകൾ പുറത്തുവന്നത് വിമർശനം രൂക്ഷമാക്കാൻ കാരണമായിരുന്നു. എന്നാൽ, തൻ്റെ അഭാവം വ്യക്തിപരമായ ഒരു തീരുമാനത്തിൻ്റെ ഭാഗമാണെന്നും അനാദരവ് അല്ലെന്നുമാണ് റൊണാൾഡോ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
cristiano ronaldo explained why he did not attend the funeral of portuguese footballer jota, citing personal reasons and prior commitments. the portugal captain expressed his condolences and paid tribute to his teammate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."