ഛത്തിസ്ഗഡില്‍ ക്രൈസ്തവര്‍ക്കുനേരെ ബജ്‌റങ്ദള്‍ ആക്രമണം; പ്രാര്‍ത്ഥനയ്ക്കിടെ വൈദികര്‍ക്ക് മര്‍ദനം
റായ്പൂര്‍: ബി.ജെ.പി ഭരിക്കുന്ന ചത്തിസ്ഗഡിൽ ക്രൈസ്തവവിഭാഗങ്ങളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങള്‍ കൂടിവരുന്നു. മത പരിവര്‍ത്തനം ആരോപിച്ച് വീണ്ടും ക്രൈസതവവിശ്വാസികൾക്കുനേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണമുണ്ടായി. കഴിഞ്ഞദിവസം ബാല്‍കോ പൊലിസ് സ്റ്റേഷനില്‍ പരിധിയില്‍ ആണ് സംഭവം. പ്രദേശത്തെ ഒരു ക്രിസ്ത്യന്‍ സ്ത്രീയുടെ വീട്ടില്‍ നിരവധി വൈദികര്‍ പ്രാർഥനയ്ക്കായി എത്തിയിരുന്നു. ഇവിടേക്ക് മതപരിവര്‍ത്തനശ്രമം ആരോപിച്ച് ബജ്‌റങ്ദള്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു. ബജ്‌റങ്ദള്‍ പ്രവര്‍ത്തകരും ബി.ജെ.പി നേതാക്കളും മറ്റും എത്തി വൈദികരില്‍നിന്ന് ആധാര്‍ കാര്‍ഡുകള്‍ ആവശ്യപ്പെട്ട് മര്‍ദിക്കുകയായിരുന്നുവെന്നും ഇവിടെ ഹിന്ദുക്കളെ മതം മാറ്റുന്നുണ്ടോ എന്ന് ചോദിച്ച് കൈയേറ്റം ചെയ്തതായും ക്രൈസ്തവ വിശ്വാസികള്‍ പരാതിപ്പെട്ടു.
സംഭവത്തില്‍ മേഖലയിലെ ക്രൈസ്തവ വിശ്വാസികള്‍ റോഡ് ഉപരോധിച്ചു. അക്രമികളെ അറസ്റ്റ് ചെയ്ത് നടപടിയെടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇത് പ്രതിമാസ യോഗമാണെന്നും ഡിസംബറില്‍ നടക്കുന്ന മതപരമായ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നു എന്നും ഫാ. സീമ ഗോസ്വാമി പറഞ്ഞു.
ഇതിനിടെ, കാങ്കേര്‍ ജില്ലയിലെ കൊദേക്രൂസ് ഗ്രാമത്തില്‍ ക്രിസ്തുമതം സ്വീകരിച്ചയാളുടെ മൃതദേഹം ഒരാഴ്ചയായിട്ടും സംസ്‌കരിക്കാന്‍ കഴിയാത്ത അസവസ്ഥയുമുണ്ട്. 50 കാരനായ മനീഷ് നിഷാദിന്റെ സംസ്‌കാര ചടങ്ങാണ് ഹിന്ദുത്വസംഘടനകളുടെ നേതൃത്വത്തില്‍ ഒരുവിഭാഗം ഗ്രാമീണര്‍ എതിര്‍ത്തത്. ഗ്രാമവാസികളുടെ എതിര്‍പ്പ് മൂലം ഇതുവരെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് കുടുംബം അറിയിച്ചു. കഴിഞ്ഞചൊവ്വാഴ്ചയാണ് മനീഷ് മരിച്ചത്. മൃതദേഹം വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് സംസ്‌കരിക്കാനായി കൊണ്ടുവന്നപ്പോള്‍ പരമ്പരാഗത വിശ്വാസം ഉപേക്ഷിച്ചവരെ ഗ്രാമത്തില്‍ അടക്കം ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് ഒരുവിഭാഗം എതിര്‍ത്തത്. പൊലിസ് എത്തിയെങ്കിലും അവരും പിന്‍വാങ്ങി. തുടര്‍ന്ന് മേഖലയിലെ ക്രിസ്ത്യന്‍ സംഘടനകള്‍ പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയതോടെ മൃതദേഹം കൊദേക്രൂസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രദേശം ശാന്തമായെന്ന് കരുതി ക്രിസ്ത്യന്‍ സംഘടനകള്‍ മനീഷിന്റെ മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുവന്നെങ്കിലും ഹിന്ദുത്വസംഘടനകള്‍ ആംബുലന്‍സ് തടഞ്ഞ് ഭീഷണിപ്പെടുത്തിയതോടെ വീണ്ടും മോര്‍ച്ചറിയിലേക്ക് തന്നെ മാറ്റുകയായിരുന്നു. വീടിനോട് ചേർന്ന് മൃതദേഹം സംസ്‌കരിക്കാനാണ് തങ്ങള്‍ ആഗ്രഹിച്ചതെന്നും മറ്റെവിടെയും സംസ്‌കരിക്കില്ലെന്നും പാസ്റ്റര്‍ മോഹന്‍ ഗ്വാള്‍ പറഞ്ഞു. വിഷയത്തിൽ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ജൂലൈയില്‍ കാങ്കേറിലെ ജാംഗാവ് ഗ്രാമത്തിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."