ലിഫ്റ്റ് വാഗ്ദാനം ചെയ്ത് യുവതിയോട് ക്രൂരത; ഓടുന്ന വാനിൽ പീഡിപ്പിച്ച ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു, പ്രതികൾ പിടിയിൽ
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് 25-കാരിയെ വാനിൽ കയറ്റി കൂട്ടബലാത്സംഗം ചെയ്തു. ക്രൂരമായ പീഡനത്തിന് ശേഷം യുവതിയെ ഓടുന്ന വാഹനത്തിൽ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ്, മധ്യപ്രദേശ് സ്വദേശികളായ രണ്ട് യുവാക്കളെ പൊലിസ് പിടികൂടി. ഇവരിൽ നിന്ന് കുറ്റകൃത്യത്തിന് ഉപയോഗിച്ച മാരുതി ഇക്കോ വാനും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്.
സംഭവം ഇങ്ങനെ;
തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് യുവതി ഫരീദാബാദിലെ വീട്ടിൽ നിന്ന് സുഹൃത്തിനെ കാണാൻ ഇറങ്ങിയത്. വീട്ടിൽ അമ്മയുമായി ഉണ്ടായ വഴക്കിനെത്തുടർന്നാണ് ഇവർ ഇറങ്ങിപ്പോയതെന്ന് പൊലിസ് പറഞ്ഞു. സുഹൃത്തിനെ കണ്ടശേഷം തിരികെ വരാൻ അർദ്ധരാത്രിയോടെ മെട്രോ ചൗക്കിൽ വാഹനം കാത്തുനിൽക്കവേയാണ് പ്രതികൾ ലിഫ്റ്റ് വാഗ്ദാനം ചെയ്തത്.
വാഹനത്തിൽ കയറിയ യുവതിയെ ഇവർ വിജനമായ ഫരീദാബാദ്-ഗുരുഗ്രാം റോഡിലേക്ക് കൊണ്ടുപോയി. മൂന്ന് മണിക്കൂറോളം ഓടിക്കൊണ്ടിരുന്ന വാഹനത്തിനുള്ളിൽ വെച്ച് പ്രതികൾ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു. യുവതി നിലവിളിച്ചെങ്കിലും കനത്ത മൂടൽമഞ്ഞും തണുപ്പും കാരണം ആരും സഹായത്തിന് എത്തിയില്ല.
റോഡിലേക്ക് വലിച്ചെറിഞ്ഞു
ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ എസ്‌ജിഎം നഗറിലെ രാജ ചൗക്കിന് സമീപം വെച്ച് പ്രതികൾ യുവതിയെ ഓടുന്ന വാനിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടു. റോഡരികിലെ കോൺക്രീറ്റ് അവശിഷ്ടങ്ങളിലേക്ക് തെറിച്ചുവീണ യുവതിയുടെ തലയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റു. ചോരയൊലിച്ച് റോഡിൽ കിടന്ന യുവതി എങ്ങനെയോ തന്റെ സഹോദരിയെ ഫോണിൽ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു.
ചികിത്സയും അന്വേഷണവും
യുവതിയുടെ മുഖത്ത് പന്ത്രണ്ടോളം തുന്നലുകളുണ്ട്. നിലവിൽ ഫരീദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. യുവതിയുടെ മാനസികനില മെച്ചപ്പെട്ട ശേഷം മാത്രമേ മൊഴി രേഖപ്പെടുത്താൻ സാധിക്കൂ എന്ന് പൊലിസ് അറിയിച്ചു.
"ഭാരതീയ ന്യായ സംഹിതയിലെ കൂട്ടബലാത്സംഗം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്ന്."ഫരീദാബാദ് പൊലിസ് വക്താവ് അറിയിച്ചുഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന യുവതിക്ക് മൂന്ന് കുട്ടികളുണ്ട്. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും പൊലിസ് നിരീക്ഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."