സാമ്പാറിന് രുചിയില്ല; കേന്ദ്ര സർവകലാശാലയിൽ കിച്ചൺ ഹെൽപ്പറെ പുറത്താക്കി; ജാതി വിവേചനമെന്ന് ആരോപണം
കാസർകോട്: സാമ്പാറിന് രുചിയില്ലെന്ന് ചൂണ്ടിക്കാട്ടി കേരള കേന്ദ്ര സർവകലാശാലയിലെ കിച്ചൻ ഹെൽപ്പറെ പുറത്താക്കി. ജാതിവിവേചനമാണ് നടപടിക്ക് പിന്നിലെന്ന് പരാതി ഉയർന്നിട്ടുണ്ട്. താൽക്കാലിക ജീവനക്കാരെ പുറത്താക്കുമ്പോൾ നോട്ടിസ് നൽകണമെന്ന മാനദണ്ഡം പോലും പാലിക്കാതെയാണ് വൈസ് ചാൻസലറുടെ നടപടി. ഭക്ഷണം പാകംചെയ്ത മറ്റു ജീവനക്കാർക്കെതിരേ നടപടിയെടുക്കാതെ ദലിത് വിഭാഗക്കാരനായ കിച്ചൻ ഹെൽപ്പർക്കെതിരേ മാത്രം വൈസ് ചാൻസലർ പ്രൊഫ. സിദ്ധു പി. അൽഗൂർ നടപടിയെടുത്തെന്നാണ് ആരോപണം. ദലിത് വിഭാഗക്കാരോട് വൈസ് ചാൻസലർ മോശമായി പെരുമാറുന്നുണ്ടെന്ന് കിച്ചൻ ഹെൽപ്പർ രൂപേഷ് വേണു പറഞ്ഞു. വൈസ് ചാൻസലർക്ക് ഭക്ഷണം പാകംചെയ്യുന്നവരിൽ ദലിത് വിഭാഗക്കാർ വേണ്ടെന്ന നിലപാടാണ് നടപടിക്ക് പിന്നിലെന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ താലൂക്ക് ലീഗൽ സർവിസ് അതോറിറ്റിക്ക് രൂപേഷ് പരാതി നൽകി. ഒക്ടോബർ 13ന് കുക്ക് തയാറാക്കി വച്ച ഭക്ഷണം വൈസ് ചാൻസലർക്ക് നൽകി.
പിറ്റേന്ന് ഓഫിസിൽ നിന്നു വിളിച്ച് ഭക്ഷണം മോശമാണെന്നും അതിനാൽ പിരിച്ചുവിടുകയാണെന്നും പറഞ്ഞു. രണ്ടുദിവസം മാറിനിൽക്കാനാണ് ആദ്യം ആവശ്യപ്പെട്ടത്. താൻ രണ്ടുദിവസം മാറി നിന്നു. പിന്നീട് ഫോണിൽ വിളിക്കുമ്പോൾ തീരുമാനമൊന്നും ആയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇപ്പോൾ ജോലിയും ശമ്പളവും ഇല്ലെന്നും രൂപേഷ് പറയുന്നു. ഭക്ഷണം ഉണ്ടാക്കുന്നവരെ സഹായിക്കുക എന്നത് മാത്രമാണ് എന്റെ ജോലി. പക്ഷേ ഭക്ഷണം മോശമാണെന്ന് പറഞ്ഞു തന്നെ മനഃപൂർവം ഒഴിവാക്കിയെന്നും കുറ്റക്കാർക്കെതിരേ നടപടി വേണമെന്നും രൂപേഷ് പറഞ്ഞു. പട്ടികവർഗ വിഭാഗത്തിലുള്ള മാവിലൻ സമുദായാംഗമായ തനിക്കെതിരേ ഉണ്ടായ നടപടി വൈസ് ചാൻസലറുടെ ജാതിവിവേചനമാണെന്നും പരാതിയിലുണ്ട്.
കേരളയിലെ ജാതി അധിക്ഷേപം: ഡീനിന് എതിരേ പ്രതിഷേധ ബോർഡുകൾ
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിക്കെതിരേ ജാതി അധിക്ഷേപം നടത്തിയ സംസ്‌കൃത വിഭാഗം ഡീൻ ഡോ. സി.എൻ വിജയകുമാരിക്കെതിരേ കാര്യവട്ടം കാംപസിൽ പ്രതിഷേധ ബോർഡുകൾ.'വിപിൻ വിജയൻ ജാതിഭ്രാന്തിന്റെ ഇര,വിജയകുമാരി ഒരു പരാജയകുമാരി'- എന്നിങ്ങനെയാണ് ബോർഡുകളിൽ പറയുന്നത്. ഡീൻ സ്ഥാനത്ത് നിന്ന് വിജയകുമാരിയെ പുറത്താക്കണമെന്നും ബോർഡിൽ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, വിപിൻ വിജയന്റെ പരാതിയിൽ വിജയകുമാരിക്കെതിരേ പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരം പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."